ദുരിതാശ്വാസ നിധിയിലെ തുക ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ആഢംബരകാര്‍ വാങ്ങുന്നു: വീണ്ടും കേരളത്തിനെതിരെ സംഘപരിവാര്‍ വ്യാജപ്രചരണം
Kerala Flood
ദുരിതാശ്വാസ നിധിയിലെ തുക ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ആഢംബരകാര്‍ വാങ്ങുന്നു: വീണ്ടും കേരളത്തിനെതിരെ സംഘപരിവാര്‍ വ്യാജപ്രചരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th September 2018, 11:00 am

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ വീണ്ടും സംഘപരിവാറിന്റെ വ്യാജപ്രചരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തുന്ന പണം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ ആഢംബര കാര്‍ വാങ്ങുകയാണെന്നാണ് ഒരു കാറിന്റെ ചിത്രമുപയോഗിച്ച് പ്രചരണം നടത്തുന്നത്.

“കേരള മാരിടൈം ബോര്‍ഡ് ഗവണ്‍മെന്റ് ഓഫ് കേരള” എന്ന് നമ്പര്‍ പ്ലേറ്റിലെഴുതിയ ഒരു ജാഗ്വാര്‍ എക്‌സ് എഫിന്റെ പടം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുചെയ്താണ് തെറ്റായ പ്രചരണം നടത്തുന്നത്.

കേരളത്തിലെ സര്‍ക്കാറിനെതിരെ വലിയ തോതില്‍ വിദ്വേഷ പ്രചരണം നടത്തുന്ന ചാത്തൂട്ടി എന്ന ട്വിറ്റര്‍ ഹാന്റിലാണ് ഈ ചിത്രം ആദ്യമായി പ്രചരിപ്പിച്ചത്. “ജാഗ്വാര്‍ എക്‌സ് എഫ്. 50 ലക്ഷം രൂപയിലാണ് വിലയാരംഭിക്കുന്നത്. കേരള മാരിടൈം ബോര്‍ഡ്, ഗവണ്‍മെന്റ് ഓഫ് കേരള. നിങ്ങളുടെ ദുരിതാശ്വാസ നിധി എവിടെപ്പോയെന്ന് നോക്കൂ…” എന്ന കുറിപ്പോടുകൂടിയാണ് ചാത്തൂട്ടി ഈ ഫോട്ടോ ഷെയര്‍ ചെയ്തത്.

ആഗസ്റ്റ് 30ലെ ഈ ട്വീറ്റ് 2500 തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്. 32,00ത്തിലേറെ ഉപയോക്താക്കള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു.

ആഗസ്റ്റ് 31ന് അഭിഷേക് സിങ് എന്ന ഫേസ്ബുക്ക് ഉപയോക്താവ് ഇതേ ചിത്രം അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്തു. ” കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കപ്പെട്ട ആകെ തുക ഒരു ചിത്രത്തില്‍ കാണിച്ചിരിക്കുന്നു. കേരള മാരിടൈം ബോര്‍ഡിന്റെ കാര്‍. ജാഗ്വാര്‍. ഈ മോഡല്‍ 50 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. ഇതാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മോഡല്‍.” എന്നായിരുന്നു ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 1000ത്തിലേറെ ഷെയറാണ് ഈ പോസ്റ്റിനു ലഭിച്ചിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകനും 2018 ജനുവരിയില്‍ രൂപീകൃതമായ കേരള മാരിടൈം ബോര്‍ഡിന്റെ ചെയര്‍മാനുമായ വി.ജെ മാത്യുവിന്റെ കാറിന്റെ ചിത്രം ഉപയോഗിച്ചാണ് ഇത്തരമൊരു വ്യാജ പ്രചരണം നടത്തുന്നത്. മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ ആകുന്നതിനും നാലുവര്‍ഷം മുമ്പ് 2014ല്‍ വി.ജെ മാത്യു അദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറാണിതെന്നാണ് വാഹനരജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്.

ഇത്തരം പ്രചരണങ്ങളെ മാത്യു തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്നത് ഓണററി പൊസിഷന്‍ മാത്രമാണെന്നും താന്‍ സര്‍ക്കാറില്‍ നിന്നും ഒരുരൂപപോലും ശമ്പളം കൈപ്പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“കേരള സര്‍ക്കറിന് ഞാന്‍ സൗജന്യമായാണ് എന്റെ സേവനങ്ങള്‍ നല്‍കുന്നത്. ആ ജാഗ്വാര്‍ എന്റേതാണ്. പക്ഷേ അത് 2014ല്‍ ഞാന്‍ എന്റെ പണംകൊണ്ട് വാങ്ങിയതാണ്. സര്‍ക്കാറില്‍ നിന്നും പെട്രോള്‍ അലവന്‍സുപോലും ഞാന്‍ സ്വീകരിക്കാറില്ല. എന്റെ കാര്‍ ഉപയോഗിച്ചുള്ള വ്യാജപ്രചരണം ദൗര്‍ഭാഗ്യകരമാണ്.” എന്നും അദ്ദേഹം പറഞ്ഞു.