|

'മെസിയുണ്ടാകുമ്പോള്‍ കളത്തില്‍ സമയം ചെലവഴിക്കാനാകില്ല'; പി.എസ്.ജി വിടാനുള്ള കാരണം വ്യക്തമാക്കി താരം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരേഡസ് പി.എസ്.ജി വിട്ടത്. തുടര്‍ന്ന് താരം ലോണ്‍ അടിസ്ഥാനത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു.

ക്ലബ്ബില്‍ തന്റെ ഇഷ്ട താരമായ ലയണല്‍ മെസി ഉണ്ടായിരുന്നിട്ടും ക്ലബ്ബ് വിട്ടതിന് പിന്നിലെ കാരണം താരം തുറന്നുപറഞ്ഞിരുന്നു. മെസിയുടെ കൂടെ സമയം ചെലവഴിക്കാനും കളിക്കാനും സാധിച്ചതില്‍ സന്തുഷ്ടനാണെന്നും കളിക്കളത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് ക്ലബ്ബ് വിട്ടതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ലിയോയോട് കൂടുതല്‍ ഇടപഴകാനും അദ്ദേഹത്തോടൊപ്പം ക്ലബ്ബില്‍ കളിക്കാന്‍ സാധിക്കുന്നതും വളരെ ആസ്വാദ്യകരമായ കാര്യമാണ്. പക്ഷേ മറ്റ് കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പുറത്തു പോയി കളിക്കളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടത് കരിയറിന്റെ വളര്‍ച്ചക്ക് നല്ലതാണെന്നുള്ളത് കൊണ്ടാണ് പി.എസ്.ജി വിടുന്നതിനെ കുറിച്ചാലോചിച്ചത്,’ പരേഡസ് പറഞ്ഞു.

ഖത്തര്‍ ലോകകപ്പ് ആരംഭിക്കാന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ഇങ്ങനൊരു തീരുമാനമെടുക്കേണ്ടി വന്നത് ലോകകപ്പ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

”ഖത്തര്‍ ലോകകപ്പിലേക്കുള്ള ദൂരം അടുത്തുവരുമ്പോഴായിരുന്നു എനിക്കിങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. വളരെ പ്രതിസന്ധിയിലാഴ്ത്തിയ ചുവടുവെപ്പാണ് എടുത്തതെങ്കിലും ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെക്കണമെങ്കില്‍ എനിക്കെന്ത് ചെയ്യാനാകും എന്നേ മനസിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ ആദ്യം ആലോചിച്ചത് പി.എസ്.ജി വിടുന്നതിനെ കുറിച്ചായിരുന്നു. അതുകൊണ്ട് ഞാനെടുത്തത് എന്തുകൊണ്ടും ശരിയായ തീരുമാനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,” പരേഡസ് വ്യക്തമാക്കി.

അതേസമയം, പി.എസ്.ജിയില്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. പി.എസ്.ജി പലതവണ മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ക്ലബ്ബ് ഫുട്‌ബോളിലെ ഭാവി പദ്ധതികളെക്കുറിച്ച് മെസി ഇതുവരെ തന്റെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മോഹവില കൊടുത്ത് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മെസി ഓഫര്‍ നിരസിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് മെസിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Laeandro Paredes shares the reason behind PSG exit