| Monday, 21st October 2024, 4:50 pm

കണ്ണ് കെട്ടിയാലും കണ്ണ് തുറന്നാലും ഇന്ത്യൻ നീതി ദേവത കാണേണ്ടത് ഇതെല്ലാം

ജിൻസി വി ഡേവിഡ്

പുരാതന ഗ്രീസിലും റോമിലും നിന്നാണ് പ്രതിമകളുടെ ഉത്ഭവം. കൈയിൽ തുലാസും വാളും പിടിച്ചിരുന്ന തെമിസിനെ നീതി നൽകുന്ന ദേവതയായി ഗ്രീക്കുകാർ ആരാധിച്ചു. ദൈവിക നീതിയുടെ റോമൻ ദേവതയായ ജസ്റ്റീഷ്യയിൽ നിന്നാണ് ഇന്ത്യയിലെ നീതി ദേവത എന്ന യഥാർത്ഥ ആശയം ഉരുത്തിരിഞ്ഞത്. ഒരു കൈയിൽ വാളും മറ്റൊരു കൈയിൽ നീതിയുടെ തുലാസും പിടിച്ചിരിക്കുന്ന ഗ്രീക്ക് ദേവതയായ തെമിസിൻ്റെ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് നീതിദേവതയുടെ കൈയിലുള്ള വാൾ.

അവളുടെ കണ്ണുകൾക്ക് മുകളിലുള്ള മൂടുപടം നിഷ്പക്ഷതയെയും ഭയമോ പ്രീതിയോ കൂടാതെ സത്യത്തെ അടിസ്ഥാനമാക്കി നീതി നൽകാനുള്ള കഴിവിനെയും പ്രതീകപ്പെടുത്തുന്നു.

ഇതാണ് ഇപ്പോൾ ഭരണഘടന ഉപയോഗിച്ച് മാറ്റിയിരിക്കുന്നത്.

‘പ്രതിമയുടെ ഒരു കൈയ്യിൽ ഭരണഘടനയായിരിക്കണമെന്നും വാളല്ലെന്നും അങ്ങനെ അവൾ നീതി നടപ്പാക്കുന്നു എന്ന സന്ദേശം രാജ്യത്തിന് ലഭിക്കും. വാൾ അക്രമത്തിൻ്റെ പ്രതീകമാണ്, പക്ഷേ കോടതികൾ ഭരണഘടനാ നിയമങ്ങൾക്കനുസൃതമായി നീതി നൽകുന്നു എന്നതിന്റെ പ്രതീകമാണ് ,’ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

നിഷ്പക്ഷതയുടെ പ്രതീകമായി മുമ്പ് കണ്ണടച്ച് നിന്നിരുന്ന ഇന്ത്യയുടെ നീതി ദേവതയുടെ പ്രതിമ ഇപ്പോൾ കണ്ണുകൾ തുറന്നിരിക്കുകയാണ്. നിയമം അന്ധമല്ല, അത് എല്ലാവരേയും ഒരുപോലെയാണ് കാണുന്നത് എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലായിരുന്നു നീതി ദേവതയുടെ പുതിയ മാറ്റങ്ങൾ.

കൊളോണിയൽ കാലഘട്ടത്തിലെ പഴയ പ്രതിമയ്ക്ക് പകരമായി സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ലൈബ്രറിയിൽ ലേഡി ജസ്റ്റിസിൻ്റെ പുതിയ ആറടി വലിപ്പമുള്ള പ്രതിമ അടുത്തിടെ സ്ഥാപിച്ചു.

ഇന്ത്യയുടെ നീതി ദേവതയുടെ പുനർവ്യാഖ്യാനവും തുടർന്നുള്ള പരിവർത്തനവും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ഡി.വൈ. ചന്ദ്രചൂഡിൻ്റെ നിർദ്ദേശപ്രകാരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നീതി ദേവതയുടെ പ്രതിരൂപം ഉൾപ്പെടെ കാലഹരണപ്പെട്ട കൊളോണിയൽ നിയമങ്ങളുടെ പാരമ്പര്യം ഉപേക്ഷിച്ച് ഇന്ത്യ മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറയുന്നു.

ചുരുക്കത്തിൽ പുതിയ മാറ്റങ്ങളിൽ വരുന്നത് ഇവയൊക്കെയാണ്… ഗ്രീക്ക് ടോഗയ്ക്ക് പകരം, അടച്ച കണ്ണുകളില്ലാതെ, ഇന്ത്യൻ സാരി ധരിച്ച് നീതി ദേവത നിൽക്കുന്നു. രാജാ രവിവർമ്മയുടെ ചിത്രങ്ങളിൽ ദേവതകൾ ധരിക്കുന്നതുപോലെയുള്ള ഒരു കോണാകൃതിയിലുള്ള കിരീടത്തോടുകൂടിയാണ് ഈ പ്രതിമയുള്ളത്. കൂടാതെ വലിയ അളവിലുള്ള ആഭരണങ്ങളാൽ നീതി ദേവതയെ അലങ്കരിച്ചിരിക്കുന്നു.

മാറ്റങ്ങൾ അനിവാര്യമാകുമ്പോൾ നീതി ദേവതക്ക് മാത്രം മതിയോ മാറ്റം എന്നതാണ് പ്രസക്തമായൊരു ചോദ്യം. നീതി ദേവതയോടൊപ്പം നീതിന്യായവ്യവസ്ഥയും കണ്ണുകൾ തുറക്കേണ്ടതല്ലേ?

‘തെരഞ്ഞെടുപ്പ് വിജയങ്ങളിൽ കൃത്രിമം കാണിക്കുന്നതിൽ സമർത്ഥരായ സ്വേച്ഛാധിപതികൾ, അതാര്യമായ ബാങ്കർമാർ, കോർപ്പറേഷനുകൾ, മാധ്യമ സ്ഥാപനങ്ങളുടെ ഉടമകൾ, സ്വച്ഛാധിപത്യത്തിൽ ഒരു പ്രത്യേക ആത്മസംതൃപ്തി ഉൾക്കൊള്ളുന്ന പുരുഷന്മാരും സ്ത്രീകളും ആധിപത്യം പുലർത്തുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്,’ എഴുത്തുകാരിയും മുതിർന്ന പത്രപ്രവർത്തകയുമായ മൃണാൾ പാണ്ഡെ ദി വയറിന് വേണ്ടി എഴുതിയ ലേഖനത്തിൽ പറയുന്ന വാക്കുകളാണിവ. ഇവ അക്ഷരം പ്രതി സത്യമാണെന്ന് നമുക്കെല്ലാവർക്കും തന്നെ അറിയാമല്ലോ

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ മോചനം, പക്ഷാഘാതം ബാധിച്ച ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ കിടന്ന് മരിക്കുന്നത്, മാവോവാദി ബന്ധം ആരോപിക്കപ്പെട്ട് പത്ത് വർഷം ആണ്ട സെല്ലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ജി.എൻ സായിബാബയുടെ വിയോഗം, അബ്ദുൾ നാസർ മഅദനി എന്നിങ്ങനെയുള്ള ഉദാഹരണങ്ങൾ മൃണാളിന്റെ വാക്കുകൾ ശരിവെക്കുന്നതാണല്ലോ.

ഒരു ഇന്ത്യൻ റോമൻ കത്തോലിക്കാ പുരോഹിതനും, നിരവധി പതിറ്റാണ്ടുകളായി ഗോത്രാവകാശ പ്രവർത്തകനുമായിരുന്നു സ്റ്റാനിസ്ലാസ് ലൂർദുസ്വാമി എന്നറിയപ്പെട്ടിരുന്ന സ്റ്റാൻ സ്വാമി, ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ജയിലിലടക്കുകയായിരുന്നു.

കേരളത്തിൽ നിന്നുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി.പി) നേതാവാണ് മഅദനി. 1998ലെ കോയമ്പത്തൂർ ബോംബ് സ്‌ഫോടനത്തിൽ മഅദനിക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടു. തുടർന്ന് അറസ്റ്റിലാവുകയും ഒമ്പത് വർഷത്തെ ജയിൽ വാസത്തിന് ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്തു.

എന്നാൽ സമാനമായ ബാംഗ്ലൂർ ബോംബ് ആക്രമണ കേസിൽ 2010 ഓഗസ്റ്റ് 17ന് കൊല്ലം ജില്ലയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് കർണാടക പൊലീസിൻ്റെയും കേരള പൊലീസിൻ്റെയും സംയുക്ത സംഘം മഅദനിയെ വീണ്ടും അറസ്റ്റ് ചെയ്തു.

അറസ്റ്റിന് ശേഷം അദ്ദേഹത്തെ ബാംഗ്ലൂരിലെ സെൻട്രൽ ജയിലിൽ പാർപ്പിച്ചു ബാബറി മസ്ജിദ് തകർത്തതിന് ശേഷം പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ചും വർഗീയ പ്രസ്താവനകൾ നടത്തി എന്ന് പറഞ്ഞും കേരള പോലീസ് ചുമത്തിയ നിരവധി കേസുകൾ അദ്ദേഹത്തിനെതിരെയുണ്ട് . കേരളത്തിൽ ഏകദേശം 24 കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. 2010 ലെ അറസ്റ്റിന് ശേഷം ഇപ്പോഴും അദ്ദേഹം ജയിലിലാണ്.

ഇന്ത്യയുടെ ‘അവിശുദ്ധ മോദാനി’ ബന്ധത്തിന് നേരെയും നീതി ദേവത കണ്ണുകളടക്കുമോ എന്ന് കണ്ടറിയാം. ഹിൻഡൻബർഗ് റിപ്പോർട്ടുകളും സെബി തലപ്പത്തിരുന്ന മാധുരി പുരി ബുച്ചിന്റെ അദാനി ബന്ധങ്ങളും ഇന്ത്യൻ ജനത മറന്നിട്ടില്ല.

പുതിയ നീതി ദേവത വാളിനു പകരം ഭരണഘടന കയ്യിലെടുത്ത് നീതിയുടെ ലോകത്തെ കണ്ണുതുറന്നു നോക്കുന്നത് നല്ലതാണ് എന്നാൽ നിയമത്തിൻ്റെയും നീതിയുടെയും പരമോന്നത ദേവത സ്ത്രീയാണെന്നിരിക്കെ, എന്ത് മാറ്റങ്ങളുണ്ടായാലും, വലിയ പ്രാധാന്യമുള്ള മറ്റൊരു വിഷയം എടുത്തുപറയേണ്ടതുണ്ട്, വൈവാഹിക ബലാത്സംഗം. കിടപ്പുമുറിയിലെ സ്വകാര്യതയിൽ ഭാര്യയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗികമായി ഉപദ്രവിക്കുന്ന പുരുഷന്മാർക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള അവസരം ഒരുക്കുമോ നീതിന്യായ വ്യവസ്ഥ.

ഭർത്താക്കന്മാർ എന്ന നിലയിൽ, ഭാര്യയുടെ മേൽ അധികാരം ചെലുത്തുന്നത് തങ്ങളുടെ അവകാശമാണെന്ന വാദങ്ങൾ അവർക്ക് വീണ്ടും കോടതികളിൽ തുടരാം എന്നാണല്ലോ ഭരണകൂടത്തിന്റെ തീരുമാനം.

അടിച്ചമർത്തപ്പെടുന്ന ദളിത് വിഭാഗങ്ങൾക്ക് നേരെയും ഗോ സംരക്ഷകർ കൊന്നൊടുക്കിയ മുസ്‌ലിം യുവാക്കൾക്ക് നേരെയും , ഉന്നാവോയിലെയും ആർ.ജി കാറിലെയും പെൺകുട്ടികൾക്ക് നേരെയും നീതി ദേവതയുടെ തുറന്ന കണ്ണുകൾ എത്തുമോ എന്ന് നമുക്ക് നോക്കി കാണാം.

Content Highlight: Lady Justice Got a Makeover, When Will the Indian Judiciary Follow?

ജിൻസി വി ഡേവിഡ്

ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more