| Wednesday, 29th March 2017, 5:08 pm

'ആ സംഘത്തിലേക്ക് എന്നെയും നിര്‍ദ്ദേശിച്ചിരുന്നു, എന്നാല്‍ ഞാന്‍ അതിന് തയ്യാറായില്ല'; മംഗളം ചാനലില്‍ നിന്ന് രാജി വെച്ചതായി മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിവാദമായ ബ്രേക്കിംഗ് ന്യൂസോടെ സംപ്രേക്ഷണം ആരംഭിച്ച മംഗളം ചാനലില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തക രാജി വെച്ചു. അല്‍നിമ അഷ്‌റഫ് എന്ന മാധ്യമപ്രവര്‍ത്തകയാണ് തന്റെ രാജി വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വെക്കുന്നത് എന്ന് അല്‍നിമ ഫേസ്ബുക്കില്‍ കുറിച്ചു.

ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത ജോലിയായിരുന്നു ഇതെന്നും പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലില്‍ ജോലി കിട്ടിയപ്പോള്‍ സന്തോഷിച്ചുവെന്നും അവര്‍ പറയുന്നു. ആദ്യ വാര്‍ത്ത തന്നെ ചാനലിലെ ജോലിക്കാരെ അപമാനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര തരം താണ രീതിയില്‍ ആവുമെന്ന് കരുതിയില്ലെന്നും അല്‍നിമ പറയുന്നു.


Also Read: ‘കണക്കുകള്‍ ആവശ്യപ്പെട്ട ചെന്നിത്തലയ്ക്ക്’; വി.എസ് സര്‍ക്കാര്‍ തിരിച്ച് പിടിച്ച മൂന്നാര്‍ കയ്യേറ്റത്തിന്റെ വിശദാംശങ്ങള്‍ ഇതാ


കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ചാനലില്‍ ചേര്‍ന്നപ്പോള്‍ തന്നെ 5 റിപ്പോര്‍ട്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ (Investigation Team) രൂപീകരിച്ചിരുന്നു. അതിലേക്ക് തന്നെയും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും തയ്യാറല്ല എന്ന് അറിയിച്ചു. അന്വേഷണ സംഘത്തിന്റെ ഉദ്ദേശങ്ങള്‍ തന്റെ പ്രതീക്ഷയിലെ മാധ്യമപ്രവര്‍ത്തനം അല്ല എന്ന് തോന്നിയതിനാലായിരുന്നു ആ തീരുമാനമെന്നും അല്‍നിമ പറഞ്ഞു.

വലിയ ബ്രേക്കിംഗ് ന്യൂസ് ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്ത ചാനല്‍ പുറത്തു വിട്ടപ്പോള്‍ മാത്രമാണ് താനും അറിഞ്ഞത്. തുടക്കത്തില്‍ അന്വേഷണ സംഘത്തിന്റെ രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്ത് ആലോചിച്ചപ്പോഴാണ് ഇതിലെ ശരികേട് പൂര്‍ണമായും ബോധ്യപ്പെട്ടത്. ആരാണ് പരാതിക്കാരിയായ ആ സ്ത്രീ എന്നതുള്‍പ്പെടെ തന്റെ മനസില്‍ പല ചോദ്യങ്ങളുണ്ടെന്നും എല്ലാവരേയും പോലെ ഈ ചോദ്യങ്ങളുടെ ഉത്തരം അറിയാന്‍ തനിക്കും ആഗ്രഹമുണ്ടെന്നും അല്‍നിമ പറഞ്ഞു. മംഗളത്തില്‍ നിന്ന് ഇറങ്ങിയാലും യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് അല്‍നിമയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

അല്‍നിമ അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നലെ വരെ മംഗളത്തിൽ ജോലി ചെയ്ത ഞാൻ ഇന്ന് രാജി വച്ചു.രാജി കത്ത് ബന്ധപ്പെട്ടവർക്ക് കൈമാറിയതിന് ശേഷമാണ് ഈ പോസ്റ്റ് എഴുതുന്നത്. ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ജോലിയായിരുന്നു ഇത്. പ്രധാനപ്പെട്ട മീഡിയ ഹൗസിന്റെ ഭാഗമായ ചാനലിൽ ജോലി കിട്ടിയപ്പോൾ സന്തോഷിക്കുകയും ചെയ്തു. പക്ഷേ മാധ്യമ പ്രവർത്തക എന്ന നിലയിൽ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് രാജി വച്ചത്.ആദ്യ വാർത്ത തന്നെ അവിടെ ജോലി ചെയ്യുന്നവരെ അപാമനകരമായ സാഹചര്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ഇത് ഒരു അളവോളം പ്രതീക്ഷിച്ചിരുന്നു.എന്നാൽ ഇത്രക്കു തരം താഴ്ന്ന രീതിയിൽ ആകുമെന്ന് കരുതിയിരുന്നേയില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഞാൻ മംഗളത്തിൽ ജോയിൻ ചെയ്തത്.ആ ഘട്ടത്തിൽ തന്നെ 5 റിപ്പോർട്ടർമാരെ ഉൾപ്പെടുത്തി ഒരു investigation team നെ രൂപീകരിച്ചിരുന്നു. ആ സംഘത്തിലേക്ക് എന്നെയും നിർദ്ദേശിച്ചിരുന്നു.എന്നാൽ ഞാൻ അതിന് തയ്യാർ അല്ല എന്ന് അറിയിച്ചിരുന്നു.investigation team ന്റെ ഉദ്ദേശങ്ങൾ എന്റെ പ്രതീക്ഷയിലെ മാധ്യമ പ്രവർത്തനം അല്ല എന്ന് അപ്പോൾ തന്നെ തോന്നിയതിനാലാണ് അങ്ങനെ പറഞ്ഞത്.


Don”t Miss: ‘ഞാന്‍ രാഷ്ട്രപതിയായാല്‍ പിന്നെ ആര്‍.എസ്.എസിനെ ആരു നയിക്കും’; രാഷ്ട്രപതിയാകാനില്ലെന്ന് മോഹന്‍ ഭാഗവത്


മന്ത്രി A.K. ശശിന്ദ്രനുമായി ബന്ധപ്പെട്ട വിവാദ വാർത്ത, ചാനൽ പുറത്ത് വിട്ടപ്പോളാണ് ഞാനും അറിഞ്ഞത്. എന്നാൽ വലിയ ചാനൽ breaking ഉണ്ടാകുമെന്ന് സൂചന തന്നിരുന്നുവെങ്കിലും, പക്ഷേ ഇങ്ങനെ ഒരു വാർത്ത ആണ് എന്ന് അറിയില്ലായിരുന്നു.തുടക്കത്തിൽ investigation team രൂപീകരണ സമയത്ത് പറഞ്ഞ കാര്യങ്ങളുമായി ചേർത്ത് ആലോചിച്ചപ്പോൾ ഇതിലെ ശരികേട് പൂർണമായും ബോധ്യപ്പെട്ടത്. എന്റെ മനസ്സിൽ പല ചോദ്യങ്ങളും ഉണ്ട്. ആരാണ് ആ പരാതിക്കാരിയായ സ്ത്രീ ? ,എന്ത് പരാതി പറയാനാണ് transport മന്ത്രിയെ സമീപിച്ചത്?, ഫോണിന്റെ മറുതലക്കൽ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?.ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരെയും പോലെ എനിക്കും അറിയാൻ ആഗ്രഹമുണ്ട്. മറ്റ് ചില ചോദ്യങ്ങൾ കൂടി എന്റെ ഉള്ളിൽ ഉണ്ട്.
ഈ സംഭവത്തോടെ സംസ്ഥാനത്തെ മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരും സംശയത്തിന്റെ നിഴലിലാക്കുകയും അപമാനിതരാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ട്.അത് സങ്കടകരമാണ്.
ഞാൻ പഠിക്കുമ്പോഴും ജോലി ചെയ്ത് തുടങ്ങിയപ്പോഴും മാധ്യമ പ്രവർത്തനത്തെ കുറിച്ച് എനിക്ക് ഉണ്ടായിരുന്ന സങ്കൽപങ്ങൾ ഏതായാലും ഇവിടെ ഇപ്പോൾ നടക്കുന്നത് അല്ല. ഇവിടുന്ന് പുറത്ത് ഇറങ്ങിയാലും യഥാർത്ഥ journalism ചെയ്യാൻ ആകുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ട്. എല്ലാവർക്കും നന്ദി.

We use cookies to give you the best possible experience. Learn more