[]കൊച്ചി: ഫെയ്‌സ്ബുക്ക് അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ശരിയായി നടക്കുന്നുണ്ടോയെന്ന് ഹൈക്കോടതി.
അന്വേഷണത്തിന്റെ പുരോഗതിയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
യുവതിയുടെ അച്ഛനും ഭര്‍ത്താവും നല്‍കിയ പരാതിയിന്മേലാണ് ഹൈക്കോടതി അന്വേഷണ പുരോഗതി ആരാഞ്ഞിരിയ്ക്കുന്നത്.
ഫെയ്‌സ്ബുക്ക് വഴി തന്നെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കൊച്ചി സ്വദേശിനിയായ വിജിഷ ജനുവരി 27നാണ് ആത്മഹത്യ ചെയ്തത്.
വിജിഷയുടെ സഹോദരന്റെ സുഹൃത്തായ രജീഷാണ് ഫെയ്‌സ്ബുക്ക് വഴി വിജിഷയെ അധിക്ഷേപിച്ചത്. സംഭവത്തില്‍ ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് അന്വേഷിയ്ക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.
പിന്നീട് സിറ്റി പോലീസിന് പരാതി നല്‍കിയെങ്കിലും സിറ്റി പോലീസ് കേസ് വീണ്ടും ചേരാനെല്ലൂര്‍ എസ്.ഐക്ക് തന്നെ കൈമാറുകയായിരുന്നു.
തുടര്‍ന്ന് നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി ചേരാനെല്ലൂര്‍ പോലീസില്‍ നിന്നും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് യുവതി ആത്മഹത്യ ചെയ്തത്.
ഫേസ്ബുക്കിലൂടെയും എസ്.എം.എസിലൂടെയും ഇവര്‍ നിരന്തരം ആക്ഷേപം നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇതിനിടെ വിജിഷയേയും രജീഷിനേയും ചേരാനെല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുകയും വിജിഷയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് സംസാരമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.