ചെന്നൈ: മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞ യുവതിക്ക് നേരെ കസേരയെറിഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ചെന്നൈയില്‍ സംഘടിപ്പിച്ച “പടയോട്ടം പാര്‍ലമെന്റിലേക്ക്” എന്ന മാതൃഭൂമിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രത്യേക ചര്‍ച്ചപരിപാടിയിലാണ് യുവതിക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കസേരയെറിഞ്ഞത്.
“ഗാന്ധിയെക്കൊന്നത് അവരാണ്. ഗാന്ധിയെക്കൊന്നത് നിങ്ങളാണ്. ബിജെപി, ആര്‍എസ്എസുകാരാണ്. എന്നിട്ട് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്” എന്നായിരുന്നു ചര്‍ച്ചയ്ക്കിടെ യുവതിയുടെ പരാമര്‍ശം. ചര്‍ച്ചയിലുണ്ടായിരുന്ന സി.പി.ഐ.എം പ്രതിനിധിയാണ് ഇത്തരമൊരു പരാമര്‍ശം ആദ്യം നടത്തിയത്. ഇക്കാര്യം ഉറപ്പിച്ചു പറയുകയായിരുന്നു യുവതി.
ഇതോടെ ചര്‍ച്ചയ്‌ക്കെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും യുവതിക്ക് നേരെ കസേരയെറികയുമായിരുന്നു. തുടര്‍ന്ന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. മാപ്പ് പറയാതെ പരിപാടി തുടരാന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിലപാട് എടുത്തതോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ചര്‍ച്ച പെട്ടന്ന് അവസാനിപ്പിച്ച് സംഘാടകര്‍ പിരിയുകയായിരുന്നു.
ചര്‍ച്ചയില്‍ കേരള സാഹചര്യത്തെ കുറിച്ച് പറയുന്ന സമയത്തായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രശനമുണ്ടാക്കിയത്. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ മഞ്ജുഷ് ഗോപാലായിരുന്നു അവതാരകന്‍.