Advertisement
സ്വാധീനിക്കാനായി ബി.ജെ.പി പണം വാഗ്‌ദാനം ചെയ്തെന്നു ലഡാക്കിലെ മാധ്യമപ്രവർത്തകർ
national news
സ്വാധീനിക്കാനായി ബി.ജെ.പി പണം വാഗ്‌ദാനം ചെയ്തെന്നു ലഡാക്കിലെ മാധ്യമപ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 06, 02:23 am
Monday, 6th May 2019, 7:53 am

ലേ: ലഡാക്കിലെ മാധ്യമപ്രവര്‍ത്തകരെ ബി.ജെ.പി. പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ലഡാക്ക് പ്രസ് ക്ലബ്ബ്. അഞ്ചാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ലഡാക്കില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കവെയാണ് ബി.ജെ.പിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രചാരണത്തിന് മികച്ച പിന്തുണ ലഭിക്കുന്നതിന് വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം തന്ന് സ്വാധീനിക്കാന്‍ ബി.ജെ.പി. ശ്രമിച്ചതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.

ബി.ജെ.പി. പണം നൽകിയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഹോട്ടല്‍ സിങ്കെ പാലസില്‍ നടത്തിയ ബി.ജെ.പിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയും മറ്റ് നേതാക്കളും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്നാണ് ലഡാക് പ്രസ് ക്ലബ് പറയുന്നത്.

പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അപമാനകരമാണെന്നും ആരും ബി.ജെ.പി. നീട്ടിയ പണം കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ വിശദീകരിക്കുന്നു. ബിജെപി നടത്തിയത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും നേതാക്കള്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.
അതേസമയം ആരോപണം ബി.ജെ.പി. നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്.

എന്നാല്‍ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയെന്നും ആവശ്യമെങ്കില്‍ പൊലീസിന് പരാതി നല്‍കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ബി.ജെ.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ഒരു സ്വതന്ത്രന്‍ എന്നിവരാണ് ലഡാക്ക് മണ്ഡലത്തിൽ മത്സരിക്കുന്നത്. ബുദ്ധമതവിശ്വാസികള്‍ക്ക് പ്രാമുഖ്യമുള്ള ഇവിടെ കോണ്‍ഗ്രസും ബി.ജെ.പിയും ബുദ്ധമതത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. 2014ല്‍ ലഡാക്കില്‍ ബി.ജെ.പി. വിജയിച്ചിരുന്നു.