| Sunday, 27th November 2016, 10:39 am

മോദിക്ക് വാക്ക് പാലിക്കാനാവില്ല; പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഇനിയും ആറ് മാസം എടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ട് ഷിഫ്റ്റുകളിലായി ഇരട്ടി സമയം നോട്ടുകളുടെ അച്ചടി നടത്തിയിട്ടും ആവശ്യത്തിന് 500 രൂപ നോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല


ബാംഗ്ലൂര്‍:  നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം 50 ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും പുതിയ നോട്ടുകള്‍ ലഭ്യമാക്കുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്ക് പാഴ്‌വാക്കാവുന്നു.

പഴയ 500, 100 രൂപ നോട്ടുകള്‍ക്ക് പകരമായി പുറത്തിറക്കിയ 500 ന്റേയും 2000 ത്തിന്റെയും നോട്ടുകള്‍ അച്ചടച്ചുതീര്‍ക്കാന്‍ റിസര്‍വ്വ് ബാങ്കിന് ഇനിയും ആറുമാസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

2000 ത്തി്‌ന്റെ നോട്ട് ബാങ്കുകളില്‍ എത്തിയെങ്കിലും 500 ന്റെ വളരെ കുറഞ്ഞ നോട്ടുകള്‍ മാത്രമാണ് രാജ്യത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞത്. നോട്ട് അച്ചടിക്കുന്ന രണ്ട് പ്രസ്സുകളും ഇരട്ടിസമയം പ്രവര്‍ത്തിച്ചിട്ടും അഞ്ഞൂറ് രൂപയുടെ കടുത്ത ക്ഷാമം രാജ്യത്ത് തുടരുകയാണ്.

രണ്ട് ഷിഫ്റ്റുകളിലായി ഇരട്ടി സമയം നോട്ടുകളുടെ അച്ചടി നടത്തിയിട്ടും ആവശ്യത്തിന് 500 രൂപ നോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.


നിലവില്‍ ഒരുമാസം 300 കോടിരൂപയുടെ കറന്‍സിയേ അച്ചടിക്കാനാകൂ. അതുകൊണ്ടുതന്നെ പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ മോദി സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതുപോലെ 50 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാനാകില്ല.

മഹാരാഷ്ട്രയിലെ നാസിക്കിലെയും മധ്യപ്രദേശിലെ ദേവാസിലെയും പ്രസുകളില്‍ 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്നുണ്ട്. റിസര്‍വ്വ് ബാങ്കിന് നേരിട്ട് നിയന്ത്രണം ഇല്ലാത്തതുകൊണ്ട് ഈ പ്രസ്സുകളില്‍ നിന്ന് അച്ചടപ്പിശകുള്ള 500 രൂപ നോട്ടുകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. മൈസൂരിലുള്ള പ്രസ്സിലാണ് 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത്.

മുഴുവന്‍ സമയം അച്ചടി നടന്നാലും ഒരുമാസം 300 കോടി കറന്‍സി മാത്രമെ ഈ പ്രസ്സുകളില്‍ നിന്ന് പുറത്തുവരു. അതായത് പകരം കറന്‍സി പൂര്‍ണമായും അച്ചടിക്കാന്‍ ആറുമാസം വേണമെന്നാണ് കണക്ക്.

നോട്ട് അസാധുവാക്കള്‍ പ്രഖ്യാപിച്ച സമയത്ത് രാജ്യത്തുള്ള ആകെ കറന്‍സികളുടെ എണ്ണം 9026 കോടി ആയിരുന്നു. ഇതില്‍ ആയിരംരൂ പയുടേത് 530 കോടി നോട്ടും 500 രൂപയുടേത് 1570 കോടി നോട്ടും ആയിരുന്നുവെന്നാണ് കണക്ക്.

പുതിയ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാകുന്നതിന് മുന്‍പായി നോട്ട് മാറ്റിയെടുക്കാന്‍ അവസരം നല്‍കിയത് പാളിച്ചയായെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more