അഹമ്മദാബാദ്: തൊഴില്‍ സ്ഥിരതയും മെച്ചപ്പെട്ട വേതനവും അവസരങ്ങളും ഇല്ലാത്തതിനാല്‍ ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2023ലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരിലെ 70 ശതമാനവും ഗുജറാത്തില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകള്‍ പറയുന്നത്.
2023ല്‍ അമേരിക്കയിലുണ്ടായിരുന്ന 67391 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ 41330 പേരും ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ നിന്നും യുദ്ധവിമാനത്തില്‍ വിലങ്ങണിയിച്ച് ഇന്ത്യയിലേക്ക് നാടുകടത്തിയ ഇന്ത്യക്കാരില്‍ 33 പേരും ഗുജറാത്തില്‍ നിന്നുള്ളവരായിരുന്നു.
ഇന്ത്യയിലെ സമ്പന്നവും ആളോഹരി വരുമാനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത് എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടാറുള്ളതെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദിവസവേതനത്തിന്റെയും, സ്ഥിര ശമ്പളത്തിന്റെയും തൊഴില്‍ സുരക്ഷിതത്വത്തിന്റെയുമെല്ലാം കാര്യത്തില്‍ ഗുജറാത്ത് വളരെ പിന്നിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഗുജറാത്തിലെ 74 ശതമാനം കരാര്‍ തൊഴിലാളികള്‍ക്കും രേഖാമൂലമുള്ള കരാര്‍ ഇല്ലെന്നാണ് 2022ലെ ലേബര്‍ ഫോഴ്‌സ് സര്‍വെ പറയുന്നത്. ഇക്കാരണത്താല്‍ തന്നെ കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കാന്‍ ഗുജറാത്തിലെ കരാര്‍ തൊഴിലാളികള്‍ നിര്‍ബദ്ധിതരാകുന്നു എന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടകയില്‍ 41 ശതമാനം കരാര്‍ തൊഴിലാളികളാണ് രേഖാമൂലമുള്ള കരാറില്ലാതെ ജൊലിചെയ്യുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും 53 ശതമാനം കരാര്‍ തൊഴിലാളികളും രേഖാമൂലമുള്ള കരാറില്ലാതെ ജോലികളില്‍ ഏര്‍പ്പെടുന്നു.
ദാരിദ്ര്യത്തിന്റെ തോത് അളക്കാനായി യു.എന്‍. വികസിപ്പിച്ച മള്‍ട്ടിഡൈമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് പ്രകാരം ദേശീയ പട്ടികയില്‍ ഗുജറാത്തിന്റെ സ്ഥാനം മധ്യത്തിലാണ്. 2020-21 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ 11.66 ശതമാനം അതിദരിദ്രരുണ്ടെന്നാണ് റിപ്പോര്‍ട്ട്. 38 ശതമാനം പേര്‍ക്കും ആവശ്യമുള്ള ഭക്ഷണം ലഭിക്കുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസവേതനത്തിന്റെ കാര്യത്തിലും ഗുജറാത്ത് ദേശീയ ശരാശരിക്ക് താഴെയാണ്. 438 രൂപയാണ് ഇന്ത്യയിലെ ദിവസവേതനത്തിന്റെ ദേശീയ ശരാശരിയെങ്കില്‍ ഗുജറാത്തിലിത് 375 രൂപയാണ്. കേരളമാണ് ദിവസ വേതനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനം. കേരളത്തില്‍ 836 രൂപയാണ് ശരാശരി ദിവസ വേതനം. ഛത്തീസ്ഗഢ് മാത്രമാണ് ഇക്കാര്യത്തില്‍ ഗുജറാത്തിന് പിന്നിലുള്ളത്.
സ്ഥിര ശമ്പളത്തിന്റെ കാര്യത്തിലും ഗുജറാത്ത് ദേശീയ ശരാശരിക്ക് താഴെയാണ്. 21103 രൂപയാണ് ഇന്ത്യയിലെ സ്ഥിരം ശമ്പളത്തിന്റെ ദേശീയ ശരാശരിയെങ്കില്‍ ഗുജറാത്തിലിത് 17503 രൂപയാണ്. വലിയ സംസ്ഥാനങ്ങളില്‍ പഞ്ചാബ് മാത്രമാണ് ഈ കണക്കില്‍ ഗുജറാത്തിന് പിന്നിലുള്ളത്. 16161 രൂപയാണ് പഞ്ചാബിലെ ശരാശരി സ്ഥിരം ശമ്പളം. കേരളത്തിലിത് 22287 രൂപയാണ്.
വേതനം കുറവാണെന്നതുപോലെ തന്നെ ഗുജറാത്തിലെ പ്രതിശീര്‍ഷ ചെലവും കൂടുതലാണ്. 2022-23ല്‍ ഗുജറാത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ 3798 രൂപയും നഗര പ്രദേശങ്ങളില്‍ 6621 രൂപയുമാണ് പ്രതിശീര്‍ഷ ചെലവ്. കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങളേക്കാള്‍ ഇത് കുറവാണെങ്കിലും വരുമാനം കുറവായതിനാല്‍ തന്നെ ഇത് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട് എന്നാണ് 2022-23ലെ നാഷണല്‍ സാമ്പിള്‍ സര്‍വെ പറയുന്നത്.
ഇത്തരത്തിലുള്ള തൊഴില്‍ അരക്ഷിതത്വവും കൂറഞ്ഞവരുമാനവും ഉയര്‍ന്ന ജീവിത ചെലവും ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റം വര്‍ധിക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇന്ത്യയിലെ വികസനത്തിന്റെ മാതൃകയെന്ന് പറയപ്പെടുന്ന ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്കുള്‍പ്പടെയുള്ള അനധികൃത കുടിയേറ്റം ഏറ്റവും കൂടുതല്‍ നടക്കുന്നത് എന്നത് ബി.ജെ.പി. സര്‍ക്കാറിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതാണ്.
content highlights: Lack of job stability, less pay and opportunities; It is reported that the migration from Gujarat is increasing