| Friday, 26th June 2020, 11:29 am

'കോണ്‍ഗ്രസിലെ പ്രശ്‌നം നേതാക്കള്‍ക്ക് പ്രത്യയ ശാസ്ത്രത്തില്‍ ധാരണയില്ലാത്തത്'; ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ദിഗ് വിജയ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി രാഷ്ട്രീയത്തെ കടന്നാക്രമിച്ച് നിയുക്ത രാജ്യസഭാ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ സിങ്. മാധ്യമങ്ങള്‍ പറയുന്നതുപോലെ ജൂനിയര്‍-സീനിയര്‍ ഭിന്നിപ്പല്ല, മറിച്ച് പ്രത്യയ ശാസ്ത്രത്തിലെ അവ്യക്തതയാണ് കോണ്‍ഗ്രസിനെ ദോഷകരമായി ബാധിച്ചിരിക്കുന്നതെന്നും ദിഗ് വിജയ സിങ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ഒരുകാലത്ത് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന നേതാവാണ് ഇദ്ദേഹം. പാര്‍ട്ടി അടിസ്ഥാന പരമായി പ്രത്യയശാസ്ത്ര തലത്തിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘ജൂനിയര്‍ നേതാവോ സീനിയര്‍ നേതാവോ ആയിക്കൊള്ളട്ടെ, പ്രത്യയ ശാസ്ത്രത്തിലെ വ്യക്തതയില്ലായ്മയാണ് കോണ്‍ഗ്രസിനെ ഏറ്റവുമധികം ദ്രോഹിക്കുന്നത്’, സിങ് ട്വീറ്റ് ചെയ്തു.

‘പ്രത്യയശാസ്ത്രപരമായ വ്യക്തതയുടെ അഭാവമാണ് അവ്യക്തമായ നിലപാടിലേക്ക് നയിക്കുന്നത്. എന്തുകൊണ്ടാണ് ആര്‍.എസ്.എസിനെതിരെ പോരാടുന്നതില്‍ നിന്ന് ചിലര്‍ ഒഴിഞ്ഞുമാറുന്നത്? അതിന്റെ ദരിദ്രവിരുദ്ധ, കര്‍ഷക വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങളുടെ ഭിന്നിപ്പിക്കല്‍ പ്രത്യയശാസ്ത്രമാണ് ഇന്ത്യയുടെ ഐക്യവും സമഗ്രതയും നശിപ്പിക്കുന്നതും അതിന്റെ സാമൂഹിക സാമ്പത്തിക ഘടനയെ നശിപ്പിക്കുന്നതും’ അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

‘ആരാണ് രാഹുല്‍ ജിയേയോ പ്രിയങ്ക ജിയേയോ എതിര്‍ക്കുന്നത്? ഒരു മുതിര്‍ന്ന നേതാവിന്റെയെങ്കിലും പേര് പറയാമോ? നെഹ്‌റു ഗാന്ധി കുടുംബത്തിനൊപ്പം ഐക്യപ്പെട്ടാണ് കോണ്‍ഗ്രസ് മുഴുവനായും നിലനില്‍ക്കുന്നത്. അവരാണ് ഇതിന്റെ ശക്തി’, അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിനുള്ളില്‍ നേരത്തെ വിമത ശബ്ദങ്ങളുയര്‍ന്നിരുന്നു. മോദിയെ നേരിട്ട് ആക്രമിക്കുന്നതിനുപകരം പാര്‍ട്ടി നയങ്ങളെ ലക്ഷ്യം വയ്ക്കണമെന്ന വിഷയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്‍ കേന്ദ്രമന്ത്രി ഉന്നയിച്ചതുമുതലാണ് പുതിയ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഈ ആരോപണങ്ങളെ രാഹുല്‍ ഗാന്ധി തള്ളിക്കളയുകയായിരുന്നെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കേന്ദ്ര നയങ്ങളുടെയെല്ലാം ആസൂത്രകന്‍ എന്നാണ് രാഹുല്‍ ഗാന്ധി യോഗത്തില്‍ വാദിച്ചത്. താന്‍ ഭയപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും അതിനെ പ്രിയങ്കഗാന്ധി പിന്തുണച്ചതായും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, രാഹുലിനെ പിന്തുണയ്ക്കുന്നതില്‍നിന്നും പല നേതാക്കളും വിമുഖത കാണിക്കുന്നുണ്ടെന്നാണ് വിവരം.

‘രാഹുലിന്റെ ടീമിന്റെ പ്രവര്‍ത്തക സമിതി യോഗത്തിലെ ഇടപെടല്‍ തിരക്കഥയൊരുക്കി ചെയ്തതാണെന്നാണ് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ കരുതുന്നത്. ഇതും മാധ്യമങ്ങള്‍ പടച്ചുവിട്ട ജൂനിയര്‍-സീനിയര്‍ കഥകളും എന്താണെന്നുപോലും എനിക്ക് മനസിലായിട്ടില്ല’, ദിഗ് വിജയ സിങ് പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍നിന്നും ഉയര്‍ന്നിരുന്ന സീനിയര്‍-ജൂനിയര്‍ പ്രശ്‌നം നേരത്തെ ദിഗ് വിജയ സിങ് അടക്കമുള്ള നേതാക്കള്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അധ്യക്ഷ സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധി രാജി വെച്ചതോടെ ഈ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more