ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍ക്കാറിന് വീഴ്ച്ച പറ്റി: ആഭ്യന്തര മന്ത്രി
India
ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍ക്കാറിന് വീഴ്ച്ച പറ്റി: ആഭ്യന്തര മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2013, 5:08 pm

[]ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച് പറ്റിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ.[]

ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം അവലോകന യോഗത്തില്‍ സംസാരിക്കു കയായിരുന്നു ആഭ്യന്തര മന്ത്രി.

ഇപ്പോള്‍ തുടരുന്ന സ്ഥിതി മറികടക്കാന്‍ മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി വി.കെ ദുഗ്ഗലിനെ നോഡല്‍ ഓഫീസറായി നിയമിച്ചു കഴിഞ്ഞു.

ദുരന്തഭൂമിയില്‍ 30,000 മതല്‍ 32,0000 പേര്‍ വരെ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂലമായ കാലാവസ്ഥയിലും സൈന്യം,എന്‍.ഡി.ആര്‍.എഫ്, ഐ.ടി.ബി.പി സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും 30,000 പേരെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചുവെന്നും. രണ്ട് ദിവസത്തിനുള്ളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉത്തരാഖണ്ഡിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഷിന്‍ഡെ തയ്യാറായില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതുകൊണ്ട് എന്തു നേട്ടമാണുള്ളത്. എന്തെങ്കിലും കൂടുതലായി ലഭിക്കുമോ. സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഷിന്‍ഡെ പറഞ്ഞു.

ദുരന്ത സ്ഥലത്തുനിന്ന് കണ്ടെടുത്ത ഏതാനും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇവ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും. ജംഗല്‍ഛേതിയില്‍ 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചുവെന്നും ഷിന്‍ഡെ വ്യക്തമാക്കി.