|

ഉത്തരങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്ന്; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച ഉത്തരങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്ന് ആരോപിച്ചാണ് നടപടി.

ഫെമ നിയമം ലംഘിച്ച് പിരിച്ചെടുത്തിരിക്കുന്ന 591 കോടി 74 ലക്ഷം രൂപയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാണ് ഇ.ഡി പറയുന്നത്. ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ കൊച്ചി, കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ഈ സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് കോടിയോളം രൂപ ഇ.ഡി പിടിച്ചെടുത്തു.

എന്നാൽ റെയ്ഡിന് പിന്നാലെ ഇ.ഡിയുടെ നടപടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗോകുലം ഗോപാലന്‍ നിര്‍മാതാക്കളില്‍ ഒരാളായ മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമായ എമ്പുരാനില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിക്കും വിധത്തിലുള്ള ഏതാനും രംഗങ്ങള്‍ ഉണ്ടായിരുന്നു.

ഗുജറാത്ത് കലാപത്തെ അടക്കം തുറന്നുകാട്ടുന്ന സിനിമയിലെ രംഗങ്ങള്‍ക്കെതിരെ സംഘപരിവാര്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടത്തിയത്.

പിന്നാലെ എമ്പുരാനില്‍ നിന്ന് ഈ രംഗങ്ങള്‍ വെട്ടിമാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുകയും റീ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിനിടെ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഉടന്‍ കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് ഉണ്ടാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇ.ഡിയുടെ റെയ്ഡ് നടന്നത്.

അതേസമയം എമ്പുരാന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂരിനും സംവിധായകന്‍ പൃഥ്വിരാജിനും ആദായനികുതി വകുപ്പ് നോട്ടീസും അയച്ചിരുന്നു.

സംവിധാനം ചെയ്ത മൂന്ന് സിനിമകളുടെയും പ്രതിഫലം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചായിരുന്നു ആദായ നികുതി വകുപ്പ് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്.

Content Highlight: Lack of clarity in answers; ED to question Gokulam Gopalan again

Latest Stories

Video Stories