ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സിയിലെ പെട്രോളിങ് സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഡെപ്‌സാങ്, ഡെംചാക്ക് മേഖലകളില്‍ പെട്രോളിങ് ക്രമീകരണങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
പെട്രോളിങുമായി ബന്ധപ്പെട്ട് ചൈനയുമായി ധാരണയിലെത്തിയതായും ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചര്‍ച്ച നടത്തുന്നുണ്ടായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
‘ഇന്ത്യയും ചൈനയും അതിര്‍ത്തി പ്രദേശങ്ങളിലെ എല്‍.എ.സിയില്‍ പെട്രോളിങ്ങ് ക്രമീകരണങ്ങളില്‍ ധാരണയിലെത്തിയെന്നും 2020ല്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ അടുത്ത നടപടികള്‍ സ്വീകരിക്കും,’ മിസ്‌രി പറഞ്ഞു.
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ സന്ദര്‍ശനത്തിന് പോകുന്നതിന് മുന്നോടിയായാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള കരാര്‍ പ്രഖ്യാപനം.
എന്നാല്‍ കരാറിനെ സംബന്ധിച്ച് ഇതുവരെ ഇരുരാജ്യങ്ങളില്‍ നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഇടയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ലെങ്കിലും ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദിയും ചൈനീസ് പ്രസിഡന്റ് ഷിജിങ് പിങ്ങും ഉഭയകക്ഷി ചര്‍ച്ചനടത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയും ചൈനയും എല്‍.എ.സിയിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തുകയും പ്രദേശത്ത് ഇരുരാജ്യങ്ങളും സംയുക്തമായി സമാധാനം ഉയര്‍ത്തിപ്പിടിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇരുരാജ്യങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
Content Highlight: LAC Patrolling in Eastern Ladakh; India and China in agreement