ചൈനയുമായുള്ള എല്‍.എ.സി കരാര്‍; ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന് അര്‍ത്ഥമാക്കുന്നില്ല: എസ്. ജയശങ്കര്‍
national news
ചൈനയുമായുള്ള എല്‍.എ.സി കരാര്‍; ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന് അര്‍ത്ഥമാക്കുന്നില്ല: എസ്. ജയശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 8:06 am

പൂനെ: ചൈനയുമായുള്ള എല്‍.എ.സി പെട്രോളിങ് കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നല്ല അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. എന്നാല്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും പൂനെയില്‍ നടന്ന പരിപാടിയില്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

എല്‍.എ.എസി കരാര്‍ സാധ്യമായ സാഹചര്യത്തില്‍ സൈന്യത്തിനും നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് പറഞ്ഞ എസ്. ജയശങ്കര്‍ അടുത്ത ഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 21ന് ഡെപ്‌സാങ്ങിലും ഡെംചോങ്ങിലും പെട്രോളിങ്ങിനെ കുറിച്ചുള്ള ധാരണകള്‍ ഉണ്ടാക്കിയെന്നും സൈന്യത്തിന്റെ പിരിഞ്ഞു പോക്കായിരുന്നു ആദ്യ ഘട്ടമെന്നും ബന്ധങ്ങള്‍ സാധാരണനിലയിലാക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് ഉച്ചകോടിയില്‍വെച്ച് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും വിദേശകാര്യമന്ത്രിമാരും നടത്തിയ കൂടിക്കാഴ്ചകളില്‍ രാജ്യങ്ങളുടെ ബന്ധം എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിച്ചതായും അദ്ദേഹം പറയുകയുണ്ടായി.

ഇന്നത്തെ സാഹചര്യത്തിലേക്ക് നയിച്ചത് നിലപാടില്‍ ഉറച്ചു നില്‍ക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യമാണെന്നും അതില്‍ സൈന്യത്തിനും നയതന്ത്രത്തിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കിഴക്കന്‍ ലഡാക്കിലെ എല്‍.എ.സി പെട്രോളിങ്ങ് നടത്തുന്നതിന് ചൈനയുമായി കരാറിലെത്തിയതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇത് നാല് വര്‍ഷത്തിലേറെയായി ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പ്രധാന മുന്നേറ്റങ്ങളില്‍ ഒന്നാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കരാറിലൊപ്പിട്ടതായി ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതായും ചൈന അറിയിച്ചിരുന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ ഇന്ത്യയും ചൈനയും കൂടിയാലോചനകള്‍ നടത്തിവരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സ്ഥിരീകരണം. ഇരുരാജ്യങ്ങളെയും സംബന്ധിച്ചുള്ള പല പ്രസക്തമായ കാര്യങ്ങളിലും തീരുമാനത്തിലെത്തിയതായും ഇക്കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

Content Highlight: LAC agreement with China; Doesn’t mean all issues between the two countries have been resolved: S. Jaya Shankar