| Saturday, 9th September 2023, 9:02 pm

നീട്ടിവിളിച്ചോളു 'കണ്‍കഷന്‍' സൂപ്പര്‍സ്റ്റാറെന്ന്! ഏകദിന കരിയറിന് ഇതിലും മികച്ച സ്‌ക്രിപ്റ്റുണ്ടാകുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്ക-ഓസട്രേലിയ രണ്ടം ഏകദിനത്തില്‍ ഓസീസിന് കൂറ്റന്‍ സ്‌കോര്‍. മാര്‍നസ് ലബുഷെയ്‌നിന്റെയും ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെയും സെഞ്ച്വറി മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സാണ് ഓസീസ് നേടിയത്.

99 പന്ത് നേരിട്ട് 124 റണ്‍സ് നേടിയ നാലാം നമ്പര്‍ ബാറ്റര്‍ ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 19 ഫോറും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കഴിഞ്ഞ മത്സരത്തിലും ഓസീസിന്റെ വിജയശില്‍പി ലബുഷെയ്‌നായിരുന്നു.

ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ലബുഷെയ്‌നെ ഉള്‍പ്പെടുത്താതെയാണ് ഓസീസ് ടീമിനെ തയ്യാറാക്കിയത്. താരത്തെ ഉള്‍പ്പെടുത്താതില്‍ ഒരുപാട് പേര്‍ നെറ്റിചുളിച്ചിരുന്നു. ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്കും താരത്തിന് ടീമില്‍ ഇടമില്ലായിരുന്നു. എന്നാല്‍ സ്റ്റീവ് സ്മിത്തിന് പരിക്കേറ്റത് കാരണം ടീമിലെത്തി.

കഴിഞ്ഞ മത്സരത്തില്‍ ലബുഷെയ്‌നായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്. എന്നാല്‍ താരം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നില്ല ആദ്യം. പിന്നീട് മത്സരത്തിനിടെ കാമറൂണ്‍ ഗ്രീനിന് പരിക്കേറ്റപ്പോള്‍ ലബുഷെയ്‌നിനെ കണ്‍കഷന്‍ സബ്ബായി ഇറക്കുകയായിരുന്നു.

223 ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് ബാറ്റര്‍മാര്‍ പതറിയിരുന്നു. ലബുഷെയ്ന്‍ ക്രീസിലെത്തിയപ്പോള്‍ 93/6 എന്നിങ്ങനെയായിരുന്നു ഓസീസിന്റെ സ്‌കോര്‍ ബോര്‍ഡ്.

എട്ടാമനായെത്തിയ ആഷ്ടണ്‍ അഗറിനെ കൂട്ടുപിടിച്ച് ലബുഷെയ്ന്‍ ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 93 പന്ത് നേരിട്ട് എട്ട് ഫോറുകളുമായി 80 റണ്‍സാണ് ലബുഷെയ്ന്‍ നേടിയത്. മികച്ച പിന്തുണ നല്‍കിയ അഗര്‍ 48 റണ്‍സ് നേടി.

2019ലും താരം കണ്‍കഷന്‍ സബ്ബായാണ് ടീമിലെത്തുന്നത്. അന്ന് സ്റ്റീവ് സ്മിത്തിന് പരിക്കേറ്റപ്പോഴായിരുന്നു ലബുഷെയ്ന്‍ ക്രീസിലെത്തിയത്. അത് അദ്ദേഹത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ തന്നെ മാറ്റിമറിച്ചൊരു സബ്ബായിരുന്നു. ഇപ്പോഴിതാ ഏകദിന ക്രിക്കറ്റില്‍ തന്റെ കരിയറിന്റെ സ്‌ക്രിപ്റ്റ് മാറ്റിയെഴുതുകയാണ് ലബുഷെയന്‍.

കണ്‍കഷന്‍ സൂപ്പര്‍താരമെന്ന് ഇപ്പോള്‍ തന്നെ ലബുഷെയ്ന്‍ ആരാധകര്‍ പേരിട്ടുകഴിഞ്ഞു.

Content Highlight: Labuschagne is Considered As Concussion Superstar of Cricket

We use cookies to give you the best possible experience. Learn more