പാരിപ്പള്ളി ഐഒസി പ്ലാന്റിലെ സമരം ഒത്തുതീര്‍പ്പായി
Kerala
പാരിപ്പള്ളി ഐഒസി പ്ലാന്റിലെ സമരം ഒത്തുതീര്‍പ്പായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2013, 10:50 pm

[]കൊല്ലം: പാരിപ്പള്ളി ഐഒസി പ്ലാന്റില്‍ തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍ന്നു. ഈ മാസം 17ന് മുന്‍കൂര്‍ ശമ്പളം വിതരണം ചെയ്യാമെന്ന ഉറപ്പിന്മേലാണ് തൊഴിലാളികള്‍സമരത്തില്‍ നിന്ന് പിന്മാറിയത്. ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസറാണ് തൊഴിലാളികല്‍ക്ക് ഉറപ്പ് നല്‍കിയത്.

സമരത്തില്‍ ഇടപെട്ട സര്‍ക്കാര്‍ ഐ.ഒ.സിക്ക് അന്ത്യ ശാസനം നല്‍കിയിരുന്നു. തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ ശമ്പളം നല്‍കാനുള്ള ചെക്ക് ശനിയാഴ്ച വൈകീട്ട് ആറരയ്ക്കുള്ളില്‍ നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

അല്ലെങ്കില്‍ പ്ലാന്റ് മാനേജരുടെ അറസ്റ്റുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. പിന്നീട് പ്ലാന്റ് മാനേജരെ കരുതല്‍ തടങ്കിലാക്കുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ ചൊവ്വാഴ്ച പണം നല്‍കാമെന്ന വ്യവസ്ഥയില്‍ സമരം ഒത്തുതീര്‍പ്പാകുകയായിരുന്നു.

ബോണസ് ആവശ്യപ്പെട്ടാണ് പാരിപ്പള്ളി പ്ലാന്റിലെ തൊഴിലാളികള്‍ സമരം നടത്തിയത്.മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ ബോണസ് ഇത്തവണയും നല്‍കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാലിത് നല്‍കാനാവില്ലെന്ന് ട്രക്കുടമകല്‍ ശഠിച്ചതോടെയാണ് സമരം നീണ്ടത്.

സമരം ഒത്തു തീര്‍പ്പാക്കാന്‍ ഒന്‍പത് തവണ സര്‍ക്കാരും സമരക്കാരും ചര്‍ച്ച നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സമരക്കാര്‍ക്കെതിരെ  എസ്മ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സമരത്തെ തുടര്‍ന്ന് അഞ്ചുജില്ലകളില്‍ കടുത്ത പാചകവാതകക്ഷാമം നേരിട്ടിരുന്നു.