| Tuesday, 11th September 2012, 10:07 am

ശമ്പളം ചോദിച്ചതിന് തൊഴിലാളിയുടെ കൈവെട്ടി:ആല്‍ക്കഹോള്‍ യൂണിറ്റ് ഉടമ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: തൊഴിലുടമയോട് ശമ്പളം ചോദിച്ചതിന് തൊഴിലാളിയുടെ കൈ വെട്ടിയതായി ആരോപണം. ജാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയിലെ അലിയാര്‍ എന്ന തൊഴിലാളിയുടെ കൈയ്യാണ് ഉടമ വെട്ടിയത്.

അനധികൃതമായി നടത്തിവരുന്ന ആല്‍ക്കഹോള്‍ യൂണിറ്റിലാണ് അലിയാര്‍ ജോലി ചെയ്തിരുന്നത്. രാം സിങ് യാദവ് എന്നയാളും അയാളുടെ സഹോദരനുമാണ് ഈ സ്ഥാപനം നടത്തിയിരുന്നതെന്നാണ് അലിയാര്‍ പറയുന്നത്.[]

മൂന്ന് മാസമായി തനിക്ക് ഇവര്‍ ശമ്പളം നല്‍കിയിരുന്നില്ലെന്നും ഇതേത്തുടര്‍ന്ന് കൂലി ചോദിച്ചപ്പോള്‍ തന്റെ കൈവെട്ടുകയാണുണ്ടായതെന്നുമാണ് ഇയാള്‍ പറയുന്നത്. ഇതോടെ തന്റെ ബോധം പോയെന്നും അവിടെ ആ സമയത്ത് എത്രയാളുണ്ടായിരുന്നെന്ന് ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബോധം വന്നശേഷം വീട്ടിലേക്ക് ഓടുകയാണുണ്ടായതെന്നും അലിയാര്‍ വ്യക്തമാക്കി.

രാം സിങ് യാദവും ഉദയ് യാദവുമാണ് അലിയാറിന്റെ കൈവെട്ടിയതെന്ന് പോലീസ് സൂപ്രണ്ട് മികാല്‍ രാജ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രാം സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ പ്രേരണയെന്താണെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് അലിയാറിപ്പോള്‍. കൈ നഷ്ടപ്പെട്ടതിനാല്‍ ഇനി ജോലി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണിയാള്‍.

We use cookies to give you the best possible experience. Learn more