| Saturday, 26th May 2018, 6:52 pm

കോര്‍പ്പറേറ്റ് കൊലപാതികളായവരെ സംരക്ഷിക്കരുത്, സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യണം; വേദാന്തക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: വേദാന്ത ഗ്രൂപ്പിനെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് ഡിലിസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. തൂത്തുകുടിയില്‍ വേദാന്തയുടെ സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ പ്രതിഷേധസമരം നടത്തിയവരെ പൊലീസ് വെടിവെച്ച് കൊന്നതിനെ തുടര്‍ന്നാണ് ലേബര്‍പാര്‍ട്ടി വേദന്ത ഗ്രൂപ്പിനെതിരെ രംഗത്തെത്തിയത്.

വര്‍ഷങ്ങളായി വേദാന്ത ഗ്രൂപ്പ് നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ലോകത്തെല്ലായിടത്തും വേദാന്ത മനുഷ്യാവകാശങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലേബര്‍ പാര്‍ട്ടിയാരോപിച്ചു. വേദാന്തയെ എത്രയും പെട്ടന്ന് സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ നിന്നും ഡിലിസ്റ്റ് ചെയ്യണം വേദാന്തയുടെ സ്റ്റോക്ക് എക്സ്ചേഞ്ചിലുള്ള തുടരല്‍ സാമ്പത്തികമായി പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുമെന്നും പാര്‍ട്ടി പറഞ്ഞു.

കോര്‍പ്പറേറ്റ് കൊലപാതകം നടത്തുന്ന ഇത്തരം കമ്പനികളെ സംരക്ഷിക്കേണ്ട ആവശ്യം ബ്രിട്ടീഷ് സര്‍ക്കാരിനില്ലെന്നും ഇന്ത്യയിലും സിംബാബെവെയിലും മാത്രമല്ല ലോകത്തിന്റെ എല്ലായിടങ്ങളിലും ഇത്തരത്തിലാണ് കമ്പനി പെരുമാറുന്നതെന്നും ലേബര്‍ പാര്‍ട്ടി പറഞ്ഞു.


Also Read ഓരോ വീട്ടിലും രോഗികള്‍; തൂത്തുകുടിയില്‍ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ ജനങ്ങള്‍ പോരാടുന്നത് എന്തിന്


വര്‍ഷങ്ങളായി അനധികൃത ഖനനം നടത്തി പ്രകൃതിയേയും ജനത്തേയും നശിപ്പിക്കുകയാണെന്നും ലേബര്‍പാര്‍ട്ടി ആരോപിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തൂത്തുകുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെച്ചത്. പൊലീസിന്റെ ആക്രമണം ആസൂത്രിതമായിരുന്നെന്നും, കരുതികൂട്ടിയുള്ള കൊലപാതകമാണ് തൂത്തുകുടിയില്‍ നടന്നതെന്നുമുള്ളതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.

നേരത്തെ പൊലീസ് കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ നിന്ന് സമരക്കാരെ വെടിവെയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പല വഴിയാത്രക്കാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായും 102 പേര്‍ക്ക് പരിക്കേറ്റതായും, കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ട ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി സ്ഥിരീകരിച്ചു. 34 പൊലീസുകാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട് . സ്റ്റെര്‍ലൈറ്റ് പ്‌ളാന്റ് ഇനി പ്രവര്‍ത്തിക്കില്ലെന്നും, ഇത് തന്നെയാണ് ഗവണ്മെന്റിന്റെ താല്പര്യമെന്നും കളക്ടര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more