| Thursday, 30th May 2019, 12:31 pm

പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ ഒരു മാസമായി സമരത്തില്‍; ഐക്യദാര്‍ഡ്യവുമായെത്തിയവര്‍ക്ക് നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം

ഷഫീഖ് താമരശ്ശേരി

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമേട്ടില്‍ സ്ഥിതി ചെയ്യുന്ന ജോസ്‌കോ റബ്ബേഴ്സ് എന്ന ചെരുപ്പ് നിര്‍മ്മാണ കമ്പനിയില്‍ നിന്നും 33 തൊഴിലാളികളെ അകാരണമായി പിരച്ചുവിടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 28 ദിവസമായി തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തി വരികയാണ്. സി.ഐ.ടിയുവിന്റെ മുന്‍കൈയില്‍ നടന്നുവരുന്ന ഈ സമരത്തെ പരിഗണിക്കാനോ, പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ ആവശ്യങ്ങളെ അംഗീകരിക്കാനോ, തൊഴിലാളികളുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്താനോ കമ്പനി മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.

ഇക്കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സമരത്തിന് അഭിവാദ്യവുമായി നടന്ന പ്രകടനത്തിലേക്ക് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെത്തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരെ ഗുരതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇതോടെ സമരം കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചുവരികയാണ്. വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന തൊഴിലാളികള്‍ക്ക് മുന്‍കൂട്ടിയുള്ള യാതൊരു അറിയിപ്പും നല്‍കാതെ പെട്ടന്നൊരു സുപ്രഭാതത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണുണ്ടായത്. ജോലി നഷ്ടമായവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ജോലി തിരികെ ലഭിക്കുന്നതുവരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഇവര്‍ പറയുന്നു.

പെരുവഴിയിലായത് നിരവധി ദരിദ്രകുടുംബങ്ങള്‍

ഈങ്ങാപ്പുഴയ്ക്കടുത്തുള്ള കുപ്പായത്തോട് സ്വദേശിനി അല്‍ഫോന്‍സ കഴിഞ്ഞ പത്ത് വര്‍ഷമായി ജോസ്‌കോ റബ്ബേഴ്സില്‍ ജോലി ചെയ്ത് വരികയായിരുന്നു. ചെരുപ്പുകളില്‍ പശയൊട്ടിക്കലും പാക്കിംഗും ഒക്കെയായിരുന്നു അവരുടെ ജോലി. 2009 ല്‍ നൂറ് രൂപ ദിവസക്കൂലിയിലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് ഇത് 370 രൂപയായി വര്‍ദ്ധിച്ചു. ഈങ്ങാപ്പുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് അല്‍ഫോന്‍സയുടെ ഭര്‍ത്താവ്. മൂന്ന് പെണ്‍മക്കളാണിവര്‍ക്ക്.

അല്‍ഫോന്‍സ

മൂത്ത മകള്‍ ഗുരുതരമായ രോഗാവസ്ഥയിലുമാണ്. തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലെ തടസ്സങ്ങള്‍ കാരണം മാസം തോറും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടു പോകേണ്ട അവസ്ഥയിലാണ് ഈ മകള്‍. മറ്റ് രണ്ട് പെണ്‍കുട്ടികള്‍ മംഗലാപുരത്തെ സ്വകാര്യ കോളേജുകളില്‍ പഠിക്കുന്നു. മൂത്ത മകളുടെ ചികിത്സാവശ്യത്തിനും മറ്റ് രണ്ട് മക്കളുടെ പഠനാവശ്യത്തിനുമായി വാങ്ങിയ വായ്പകളും ലോണുകളുമടക്കം ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതകളിലാണ് നിലവില്‍ ഈ കുടുംബം.

ഭര്‍ത്താവിന് ലഭിക്കുന്ന തുച്ഛമായ ശമ്പളം നിത്യവൃത്തിക്ക് പോലും തികയാത്ത സാഹചര്യത്തില്‍ വായ്പകളുടെ പലിശയടച്ചുകൊണ്ടിരുന്നത് അല്‍ഫോന്‍സയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന കൂലി കൊണ്ട് മാത്രമായിരുന്നു. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടതോടെ ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഈ കുടുംബം. ‘ചെരുപ്പ് കമ്പനിയിലെ ഈ ജോലി മുന്നില്‍ കണ്ടാണ് ലോണെടുത്ത് മക്കളെ പഠിപ്പിക്കാന്‍ പറഞ്ഞയച്ചത്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്നറിയിച്ചുള്ള കത്ത് വീട്ടിലേക്ക് വന്ന ദിവസം ഞാന്‍ ആകെ തകര്‍ന്നുപോയി. ഇപ്പോള്‍ തന്നെ എനിക്ക് 53 വയസ്സായി. ഇനി മറ്റെവിടെ ജോലി ലഭിക്കാനാണ്. ഈ ജോലി തിരികെ കിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും മുന്നിലില്ല.’ അല്‍ഫോന്‍സ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇന്ദിര

‘പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 60 രൂപ ദിവസക്കൂലിയില്‍ ജോലിക്ക് കയറിയതാണ് ഞാനിവിടെ. വര്‍ക്ക് ലോഡ് കൂടുതലുള്ള ദിവസങ്ങളില്‍ ജോലിസമയം കഴിഞ്ഞാലും രണ്ടും മൂന്നും മണിക്കൂര്‍ അധികമൊക്കെ ഞങ്ങള്‍ ജോലി പണിയെടുക്കാറുണ്ട്. കമ്പനി ആവശ്യപ്പെടുമ്പോള്‍ ഞായറാഴ്ചകളില്‍ പോലും വന്ന് ജോലി ചെയ്യുമായിരുന്നു. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി കഴിയുന്ന രീതിയിലെല്ലാം ഞങ്ങള്‍ പരിശ്രമിച്ചിട്ടുമുണ്ട്. എന്നിട്ടും ഒടുക്കം ഈ ഗതിയാണ് വന്നത്. രണ്ട് പെണ്‍മക്കളാണ് എനിക്കുള്ളത്. അവരുടെ കല്യാണത്തിനായി സഹകരണബാങ്കില്‍ നിന്നും വീടിന്റെ ആധാരം പണയം വെച്ച് ലക്ഷങ്ങള്‍ ലോണെടുത്തിരിക്കുകയാണ്. ഈ ജോലി മാത്രമായിരുന്നു മുന്നിലുള്ള ഏക വഴി. കൂലിപ്പണിക്കാരനായ ഭര്‍ത്താവിനാണെങ്കില്‍ ഇപ്പോള്‍ ജോലിയുമില്ല. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് ആകെയുള്ള വീടും നഷ്ടപ്പെടും.’ അമ്പായത്തോട് കാറ്റാടിക്കുന്ന് സ്വദേശിനിയായ ഇന്ദിര ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അല്‍ഫോന്‍സയുടെയും ഇന്ദിരയുടെയും മാത്രമല്ല, ജോലി നഷ്ടപ്പെട്ടതിനാല്‍ സമരം ചെയ്യുന്നവരില്‍ മിക്കവരുടെയും സ്ഥിതി ഏറിയും കുറഞ്ഞും സമാനമായ രീതിയിലാണ്.

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ പ്രദേശമായ താമരശ്ശേരിയില്‍ ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജോസ്‌കോ റബ്ബേഴ്സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഈങ്ങാപ്പുഴ, അടിവാരം, ചമല്‍, അമ്പായത്തോട്, കോടഞ്ചേരി, ചുങ്കം, പൂനൂര്‍, ബാലുശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി നൂറോളം നാട്ടുകാരും ഏതാനും അതിഥി സംസ്ഥാന തൊഴിലാളികളും ഇവിടെ ജോലി ചെയ്്ത് വരുന്നുണ്ടായിരുന്നു. ഇതില്‍ 33 പേരെയാണ് അകാരണമായി, തൊഴില്‍ നിയമങ്ങളൊന്നും പാലിക്കാതെ, ആനുകൂല്യങ്ങളൊന്നും നല്‍കാതെ കമ്പനി അധികൃതര്‍ പിരിച്ചുവിട്ടത്.

തപാല്‍ മുഖേന വീട്ടിലെത്തിയ ഒരു കത്ത് വഴിയാണ് തൊഴിലാളികള്‍ തങ്ങളുടെ ജോലി നഷ്ടപ്പെട്ട വിവരം അറിയുന്നത്. പിരിച്ചുവിടപ്പെട്ട മാസത്തെ ശമ്പളവും അവര്‍ക്ക് നല്‍കിയില്ല. കൂലി വര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മാനേജ്മെന്റ് സഹകരിക്കാത്തതിനാല്‍ തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങാനിരിക്കേയാണ് ഈ കൂട്ട പിരിച്ചുവിടലുണ്ടായത്.

ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ നിയമത്തെ വെല്ലുവിളിക്കുന്ന കമ്പനി ഉടമ

പിരിച്ചുവിടപ്പെട്ട തൊഴിലാളികളുമായി യാതൊരു സംഭാഷണത്തിനും കമ്പനി ഉടമ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ മെയ് 2ന് കമ്പനിയുടെ ഗേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ആഴ്്ചകള്‍ പിന്നിട്ടിട്ടും സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് കമ്പനി അധികൃതര്‍.

”സമരം ആരംഭിച്ച ദിവസങ്ങളില്‍ തന്നെ കമ്പനി ഉടമയായ മാക്സി ജോസഫിനെ കാണാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹം യാതൊരു സംഭാഷണത്തിനും തയ്യാറായില്ല. പിന്നീട് ഞങ്ങള്‍ ലേബര്‍ ഡിപ്പാര്‍ട്ടമെന്റിനെ സമീപിച്ചു. തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ കമ്പനി ഉടമയെയും ഞങ്ങളെയും ചര്‍ച്ചയ്ക്ക് വളിപ്പിച്ചിരുന്നു. എന്നാല്‍ കമ്പനി ഉടമ ചര്‍ച്ചയ്ക്ക് വന്നില്ല. അതെത്തുടര്‍ന്ന് ലേബര്‍ ഓഫീസര്‍ രണ്ടാമതൊരു തവണയും ചര്‍ച്ചയ്ക്ക് വളിച്ചു. അന്ന് കമ്പനി ഉടമയ്ക്ക് പകരം അവിടുത്തെ രണ്ട് ജീവനക്കാരാണെത്തിയത്. അവര്‍ക്കാകട്ടെ കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അതുകൊണ്ട് ചര്‍ച്ചയും നടന്നില്ല. പിന്നീട് താമരശ്ശേരി ഡി.വൈ.എസ്.പി വിഷയത്തില്‍ ഇടപെടുകയും കമ്പനി ഉടമയോട് ചര്‍ച്ചയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെയും കമ്പനി ഉടമ ഹാജരായില്ല. തൊഴില്‍ നിയമങ്ങളെ ലംഘിച്ച്, തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുക മാത്രമല്ല, ഇവിടുത്തെ നിയമസംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളികൂടിയാണ് കമ്പനി ഉടമ നടത്തിവരുന്നത്.’ സി.ഐ.ടി.യു താമരശ്ശേരി ഏരിയ സെക്രട്ടറിയും സമരസമിതിയുടെ ഭാരവാഹിയുമായ ടി.സി വാസു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഐക്യദാര്‍ഢ്യവുമായെത്തിയവര്‍ക്ക് നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം

വര്‍ഗബഹുജന സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് സി.ഐ.ടി.യു സമരത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായാണ് സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ മുന്‍കൈയില്‍ സമരപ്പന്തലിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടത്. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ കമ്പനിയുടെ ഗേറ്റിന് സമീപമെത്തിയപ്പോഴെക്കും പൊലീസ് തടയുകയും ചെറിയ രീതിയിലുള്ള ബലപ്രയോഗങ്ങള്‍ ഇരുഭാഗത്ത് നിന്നും സംഭവിക്കുകയുമുണ്ടായി. വളരെ പെട്ടന്ന് തന്നെ അത് അവസാനിക്കുകയും ചെയ്തു.

എന്നാല്‍ സമരപ്പന്തലില്‍ നിന്നും അമ്പായത്തോട്ടിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരെ പൊലീസ് രണ്ടാമത് വന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ പ്രവര്‍ത്തകരെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയുണ്ടായി.

പൊലീസ് മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സാദിഖ്‌

‘കമ്പനിയുടെ ഗേറ്റിന് മുന്നില്‍ വെച്ച് ചെറിയ ചില സംഘര്‍ഷങ്ങള്‍ പൊലീസുമായുണ്ടായെങ്കിലും പിന്നീട് ഞങ്ങള്‍ സമാധാനപരമായി മാര്‍ച്ച് ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് മൂന്ന് നാല് ജീപ്പുകളിലായി ഒരു വലിയ പൊലീസ് സംഘം പാഞ്ഞുവരുന്നതും ദേശീയപാതയില്‍ വെച്ച് ഞങ്ങളെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നതും. ഈ രീതിയില്‍ ഏകപക്ഷീയമായ ഒരു മര്‍ദ്ദനം പൊലീസ് നടത്തേണ്ട യാതൊരു സാഹചര്യവുമുണ്ടായിരുന്നില്ല. ലാത്തിയടിയേറ്റ് തലപൊട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവര്‍ത്തകരെ അവിടെ വന്ന് വീണ്ടും മര്‍ദ്ദിക്കുകയും കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുകയുമാണ് പൊലീസ് ചെയ്തത്.’ മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സാദിഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

WATCH THIS VIDEO:

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more