ഗസയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിച്ചില്ല; യു.കെ പ്രതിപക്ഷനേതാവ് കിയര്‍ സ്റ്റാര്‍മറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍
World News
ഗസയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അംഗീകരിച്ചില്ല; യു.കെ പ്രതിപക്ഷനേതാവ് കിയര്‍ സ്റ്റാര്‍മറിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 9:03 am

ലണ്ടന്‍: ഗസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് വിസമ്മതിച്ച് യു.കെ പ്രതിപക്ഷ നേതാവ് കിയര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞമാസം ഗസയില്‍ വെടിനിര്‍ത്തലിന് സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് 250 മുസ്‌ലിം ലേബര്‍പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ സ്റ്റാര്‍മറിന് കത്തെഴുതിയിരുന്നു.

എന്നാല്‍ കഴിഞ്ഞദിവസം പാര്‍ട്ടിയുടെ അഭിപ്രായത്തെ സ്റ്റാര്‍മര്‍ തള്ളിക്കളഞ്ഞതിനാല്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്റ് ബെഞ്ച് വിട്ട് പ്രതിഷേധം അറിയിച്ചിരുന്നു.

തുടര്‍ന്ന് സ്റ്റാര്‍മറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് തൊഴില്‍ മന്ത്രിയായ ഇമ്രാന്‍ ഹുസൈന്‍ രാജിവെക്കുന്നതായി തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു.

നിലവില്‍ 50 ലേബര്‍ പാര്‍ട്ടി കൗണ്‍സിലര്‍മാര്‍, നിരവധി മുസ്‌ലിം അംഗങ്ങള്‍ സ്റ്റാര്‍മറിന്റെ സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിരുന്നു. കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തിന്റെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ യു.കെയുടെ പ്രധാനമന്ത്രിയാകാന്‍ സാധ്യതയുള്ള സ്റ്റാര്‍മര്‍ മറ്റു പാശ്ചാത്യ നേതാക്കളോടൊപ്പം ചേര്‍ന്ന് തെക്കന്‍ ഇസ്രഈലില്‍ ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ ‘ഭീകരവാദം’ എന്ന് മുദ്രകുത്തിയിരുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ എല്‍.ബി.സിക്ക് സ്റ്റാര്‍മര്‍ നല്‍കിയ അഭിമുഖത്തില്‍ ഗസയിലെ ജനങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും തടഞ്ഞു വെച്ച ഇസ്രഈല്‍ ഉപരോധത്തെ അംഗീകരിക്കുന്നതായി പറഞ്ഞിരുന്നു.

‘ഇസ്രഈലിന് അതിനുള്ള അവകാശം ഉണ്ടെന്ന് ഞാന്‍ കരുതുന്നു. ഇതൊരു തുടര്‍ച്ചയായ സാഹചര്യമാണ്,’ അദ്ദേഹം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ സ്റ്റാര്‍മര്‍ തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു.

‘ഞാന്‍ എന്താണ് പറയുന്നത് എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. ഇസ്രഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് സ്വയം പ്രതിരോധിക്കാനുള്ള അവകാശമാണ്.അല്ലാതെ വെള്ളമോ ഭക്ഷണമോ ഇന്ധനമോ മരുന്നുകളോ നിര്‍ത്തലാക്കാന്‍ ഇസ്രഈലിന് അവകാശമുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ ഭിന്നതയാണ് ഉടലെടുത്തത്.

‘നേതാവിനെതിരെയുള്ള വിമര്‍ശനം വളരെ വ്യക്തിപരമാണ് . ഗസയിലെ വെടി നിര്‍ത്തല്‍ പ്രഖ്യാപനം പരാജയപ്പെട്ടതിന്റെ കാരണം സ്റ്റാര്‍മര്‍ തന്നെയാണ്. ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ഉപരോധത്തെ വിമര്‍ശിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ട്,’ ലണ്ടന്‍ ആസ്ഥാനമായുള്ള കൗണ്‍സില്‍ ഫോര്‍ അറബ് ബ്രിട്ടീഷ് അണ്ടര്‍സ്റ്റാന്‍ഡിങ് ഡയറക്ടര്‍ ക്രിസ് ഡോയല്‍ അല്‍ ജസീറയോട് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള ബെന്‌ലി കൗണ്‍സിലിന്റെ ലേബര്‍ പാര്‍ട്ടിനേതാവ് അഫ്രാസിയാബ് അന്‍വറും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. തന്റെ രാഷ്ട്രീയത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനം ആയിരുന്നു രാജിയെന്ന് അദ്ദേഹം പറഞ്ഞു.

‘സ്റ്റാര്‍മറിന്റെ എല്‍.ബി.സി അഭിമുഖമാണ് എല്ലാത്തിനും കാരണമായത്’, അന്‍വര്‍ പറഞ്ഞു.

Content Highlight: Labour party members against leader starmer