| Wednesday, 4th September 2019, 11:55 pm

മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബോറിസ് ജോണ്‍സണ്‍ മാപ്പ് പറയണം; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സിഖ് ലേബര്‍ എം.പിയുടെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുമ്പ് നടത്തിയ വംശീയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സിഖ് ലേബര്‍ എം.പിയായ തന്‍മന്‍ജീത് സിങ് ദേസിയുടെ പ്രസംഗം. ‘ദ ഡെയ്‌ലി ടെലഗ്രാഫ്’ പത്രത്തില്‍ കഴിഞ്ഞ വര്‍ഷം ബോറിസ് ജോണ്‍സണ്‍ എഴുതിയ ലേഖനത്തിനെതിരെയായിരുന്നു വിമര്‍ശനം.

ബുര്‍ഖ ധരിച്ച മുസ്‌ലിം സ്ത്രീകളെ തപാല്‍പ്പെട്ടിയുമായും ബാങ്ക് കൊള്ളക്കാരുമായാണ് ബോറിസ് ജോണ്‍സണ്‍ ഉപമിച്ചിരുന്നത്.

നിറഞ്ഞ കൈയടികളോടെയാണ് രാജ്യത്ത് ആദ്യമായി ടര്‍ബന്‍ ധരിച്ച സിഖ് എം.പിയായ തന്‍മന്‍ജീതിന്റെ പ്രസംഗത്തെ പാര്‍ലമെന്റ് സ്വീകരിച്ചത്.

ചെറുപ്പം തൊട്ട് താലിബാനെന്നും ‘ടവല്‍ ഹെഡ്’ എന്നുമെല്ലാം വിളി കേള്‍ക്കുന്ന തങ്ങള്‍ക്ക്, മുസ്‌ലിം സ്ത്രീകള്‍ക്ക് ബാങ്ക് കൊള്ളക്കാരെന്നും ലെറ്റര്‍ബോക്‌സുകളെന്നും കേള്‍ക്കുമ്പോള്‍ അനുഭവിക്കുന്ന വേദന മനസിലാക്കാന്‍ കഴിയുമെന്ന് പ്രസംഗത്തില്‍ തന്‍മന്‍ജീത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമായ പ്രസ്താവന നടത്തിയ ബോറിസ് ജോണ്‍സണ്‍ എപ്പോഴാണ് മാപ്പ് പറയുകയെന്നും തന്‍മന്‍ജീത് ചോദിച്ചു. താന്‍ ടര്‍ബന്‍ ധരിക്കുകയോ മറ്റാരെങ്കിലും ഹിജാബോ കുരിശോ ഇടുകയോ ചെയ്താല്‍ അതിനര്‍ത്ഥം ഈ സഭയിലുള്ളവര്‍ക്ക് അപകീര്‍ത്തികരമായി സംസാരിക്കാന്‍ അവകാശമുണ്ടെന്നല്ലെന്നും തന്‍മന്‍ജീത് പറഞ്ഞു.

ബോറിസ് ജോണ്‍സന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ രാജ്യത്ത് ഇസ്‌ലാമോഫോബിയ വര്‍ധിക്കാന്‍ കാരണമായെന്ന് MAMA [Measuring Anti-Muslim Attacks] എന്ന മോണിറ്ററിങ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. ബോറിസ് ജോണ്‍സന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇസ്‌ലാമോഫോബിക് സംഭവങ്ങള്‍ 375 ശതമാനം വര്‍ധിച്ചുവെന്നാണ് സംഘം കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more