'കടലിനും നദിക്കുമിടയിൽ' ഇരുകൂട്ടരും സമാധാനത്തോടെ ജീവിക്കണമെന്ന് ആവശ്യം; ലേബർ പാർട്ടി എം.പിക്ക് സസ്‌പെൻഷൻ
World News
'കടലിനും നദിക്കുമിടയിൽ' ഇരുകൂട്ടരും സമാധാനത്തോടെ ജീവിക്കണമെന്ന് ആവശ്യം; ലേബർ പാർട്ടി എം.പിക്ക് സസ്‌പെൻഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st October 2023, 6:50 pm

ലണ്ടൻ: ‘കടലിനും നദിക്കുമിടയിൽ’ ഇസ്രഈലികളും ഫലസ്തീനികളും സമാധാനത്തോടെ ജീവിക്കണമെന്ന് ആവശ്യപ്പെട്ട ലേബർ പാർട്ടി എം.പിക്ക് സസ്‌പെൻഷൻ.

ഫലസ്തീന് വേണ്ടി ലണ്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം ഉണ്ടാകണമെന്ന് എം.പിയായ ആൻഡി മക്ഡൊണാൾഡ് പറഞ്ഞത്‌.

‘നമുക്ക് നീതി ലഭിക്കുന്നത് വരെ നമ്മൾ വിശ്രമിക്കില്ല. നദിക്കും കടലിനും ഇടയിലുള്ള, ഇസ്രഈലികളും ഫലസ്തീനികളും സമാധാനത്തോടെ ജീവിക്കുന്നത് വരെ,’ അദ്ദേഹം പറഞ്ഞു.

ജോർദാൻ നദിക്കും മെഡിറ്ററേനിയൻ കടലിനുമിടയിലുള്ള ചരിത്രകാല ഫലസ്തീന്റെ അതിർത്തിയെ പരാമർശിക്കുന്ന പ്രയോഗമാണ് ‘നദി മുതൽ കടൽ വരെ’ എന്നത്.

ആന്റിസെമിറ്റിക് വികാരങ്ങൾ വർധിച്ചുവരുന്നതിനാൽ ജൂതരുടെ സുരക്ഷ സംബന്ധിച്ച് അവരിൽ ഭയം നിലനിൽക്കുന്ന സാഹചര്യത്തിൽ ആൻഡി മക്ഡൊണാൾഡിന്റേത് വിദ്വേഷ പരാമർശങ്ങളാണെന്ന് ലേബർ പാർട്ടി വക്താവ് പറഞ്ഞു.

ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പലപ്പോഴും ഉയർന്നുകേൾക്കാറുള്ള ‘നദി മുതൽ കടൽ വരെ, ഫലസ്തീൻ സ്വതന്ത്രമാകും’ എന്ന മുദ്രാവാക്യം സമീപകാലത്ത് ബ്രിട്ടനിൽ കൂടുതൽ ശ്രദ്ധ നേടുകയാണെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രഈലിനെ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനമാണോ മുദ്രാവാക്യമെന്ന് പൊലീസ് പരിശോധിക്കണമെന്ന് ബ്രിട്ടൻ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രേവർമാൻ പറഞ്ഞിരുന്നു.

എന്നാൽ മുദ്രാവാക്യത്തിന്റെ പേരിൽ ആരെയും അറസ്റ്റ്‌ ചെയ്യില്ലെന്ന് ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

ഇസ്രഈലിലും ഫലസ്തീനിലും ജീവിക്കുന്ന മുഴുവൻ ജനങ്ങളുടെയും മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടിയുള്ളതാണ് മുദ്രാവാക്യമെന്ന് ഫലസ്തീനി ആക്റ്റിവിസ്റ്റുകൾ പറയുന്നു.

അതേസമയം തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മക്ഡൊണാൾഡ് എക്‌സിൽ പറഞ്ഞു.

‘എന്റെ വാക്കുകളെ ഞാൻ ഉദ്ദേശിച്ചതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു രീതിയിലും വളച്ചൊടിക്കരുത്. ഗസ, വെസ്റ്റ് ബാങ്ക്, ഇസ്രഈൽ എന്നിവിടങ്ങളിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനായിരുന്നു അത്. അതുപോലെ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും ആക്രമണ ഭീഷണിയില്ലാതെ അവിടെ ജീവിക്കാൻ സാധിക്കണമെന്നും,’ അദ്ദേഹം പറഞ്ഞു.

മക്ഡൊണാൾഡിന്റെ സസ്പെൻഷനിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ രംഗത്ത് വന്നു. ഈ നടപടിക്ക് നിർദേശം നൽകിയവർ സ്വതന്ത്രമായും സമാധാനത്തോടെയും ജീവിക്കാനുള്ള ഫലസ്തീനികളുടെ അർഹതയെ എതിർക്കുകയാണെന്ന് ലേബർ മുസ്‌ലിം നെറ്റ്‌വർക്ക് കുറ്റപ്പെടുത്തി.

അതേസമയം കടൽ മുതൽ നദി വരെയുള്ള പ്രദേശം മുഴുവൻ തങ്ങളുടേതാണെന്നും അതിന് മാപ്പ് പറയില്ലെന്നും ബ്രിട്ടനിലെ ഇസ്രഈലി അംബാസിഡർ സിപ്പി ഹൊട്ടോലി നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Labour MP suspended after calling for peace ‘between river and sea’