ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനോട് സൗദി അറേബ്യ യാത്രയിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആവശ്യപ്പെട്ട് ലേബർ പാർട്ടിയുടെ ഇടതുപക്ഷം. പുതിയ നിക്ഷേപത്തിനായി അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കാൻ കെയർ സ്റ്റാർമർ തയാറെടുക്കുകയാണ്.
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (പി.ഐ.എഫ്) ഉൾപ്പെടെ ഗൾഫിലെ സോവറിൻ വെൽത്ത് ഫണ്ടുകളിൽ നിന്ന് സ്റ്റാർമർ നിക്ഷേപം തേടാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
തൻ്റെ സർക്കാരിൻ്റെ പ്രധാന ലക്ഷ്യമായ സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ നിക്ഷേപം ലഭ്യമാക്കാനുള്ള ഏറ്റവും പുതിയ ശ്രമമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തെ കാണുന്നത്. സൗദി അറേബ്യയുടെ യഥാർത്ഥ തലവനായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അടുത്ത വർഷം ലണ്ടൻ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗ്രീൻ, ന്യൂക്ലിയർ എനർജി പദ്ധതികൾക്കായി തൻ്റെ പുതിയ ഗവൺമെൻ്റിന് ഗണ്യമായ മൂലധനം ആവശ്യമായി വരുന്നതോടെയാണ് സ്റ്റാർമർ ഗൾഫ് രാജ്യത്തേക്ക് പോകുന്നത്.
ഗസയിൽ സുസ്ഥിരമായ സമാധാനം ഉറപ്പാക്കാൻ സഹായിക്കുന്നതിൽ സൗദി അറേബ്യയെ പ്രധാനപ്പെട്ടതായി നയതന്ത്രജ്ഞർ കണക്കാക്കുന്നു. അതോടെ നിക്ഷേപത്തിനായുള്ള സ്റ്റാർമറിൻ്റെ യാത്ര മനുഷ്യാവകാശ ആശങ്കകളെ ഇല്ലാതാക്കി കളയുന്നതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ലേബർ പാർട്ടിയുടെ ഇടതുപക്ഷം ആവശ്യപ്പെടുന്നു.
കെയർ സ്റ്റാർമറുടെ സന്ദർശന അജണ്ടയിൽ പ്രധാനമായും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും യമനിലെ യുദ്ധത്തെക്കുറിച്ചും ഉണ്ടായിരിക്കണമെന്ന് ലേബർ എം.പി ക്ലൈവ് ലൂയിസ് മാധ്യമങ്ങളോട് പറഞ്ഞു.
‘അജണ്ടയിൽ രണ്ട് കാര്യങ്ങൾ ഉണ്ടായിരിക്കണം. ഒന്ന് ആഭ്യന്തരമായി അവരുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കണം. രണ്ടാമത്തേത് യെമൻ വിഷയമായിരിക്കണം. മൂന്നാമത്തേത് എണ്ണ ഉൽപ്പാദനവും ലോകമെമ്പാടുമുള്ള അവരുടെ സമ്പത്ത് അവർ എവിടെ നിക്ഷേപിക്കുന്നു എന്നതുമാണ്,’ അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് വിവിധ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം വേണം പക്ഷേ അതേ സമയം മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുകയും വേണമെന്ന് മുൻ ഷാഡോ ചാൻസലർ ജോൺ മക്‌ഡൊണൽ പറഞ്ഞു.
‘തീർച്ചയായും ഞങ്ങൾക്ക് വിവിധ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം വേണം, പക്ഷേ അതേ സമയം മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുകയും വേണം. ഇത്തരത്തിലുള്ള മനുഷ്യാവകാശങ്ങൾ ദുരുപയോഗം ചെയ്യുന്ന ഗവൺമെൻ്റുകളിലേക്കുള്ള യാത്രകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഞങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Labour left urges Starmer to speak up for human rights on Saudi Arabia trip