| Thursday, 14th May 2020, 8:06 pm

മോദിയും യോഗിയും സംഘവും ചേര്‍ന്ന് ലോക്ഡൗണിന് മറവില്‍ തൊഴിലാളികളെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കിമാറ്റുമ്പോള്‍

ഷഫീഖ് താമരശ്ശേരി

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് അന്‍പത് ദിവസം പിന്നിടുമ്പോഴും ജീവിക്കാന്‍ വേണ്ടിയുള്ള കൂട്ട പാലായനങ്ങളിലാണ് ഇന്ത്യയിലെ അസംഖ്യം അന്തര്‍സംസ്ഥാന തൊഴിലാളികള്‍. ഇതിനിടയില്‍ നടക്കുന്ന തുടര്‍ച്ചയായ അപകടമരണങ്ങള്‍, പട്ടിണിമരണങ്ങള്‍, ആത്മഹത്യകള്‍ എന്നിവയെല്ലാം വേറെയും. ലോക്ഡൗണില്‍ ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ അങ്ങേയറ്റം ഗുരുതരമായിക്കൊണ്ടിരിക്കുമ്പോഴും അവരെ വീണ്ടും കൂട്ടക്കുരുതിയിലേക്ക് തള്ളിവിടുന്ന നയങ്ങളുമായാണ് കേന്ദ്രവും ചില സംസ്ഥാന സര്‍ക്കാറുകളും രംഗത്തുവരുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്തുവരുന്ന അസംഖ്യം തൊഴിലാളികള്‍ക്ക് പരിരക്ഷകള്‍ നല്‍കിയിരുന്ന തൊഴില്‍ നിയമങ്ങളില്‍ വലിയ ഭേദഗതികള്‍ വരുത്തിക്കൊണ്ട് കോര്‍പ്പറേറ്റ് അനുകൂല തീരുമാനങ്ങളുമായി മുന്നോട്ടുവന്നിരിക്കുകയാണ് നിരവധി സംസ്ഥാനങ്ങള്‍.

ലോക്ഡൗണ്‍ ഇന്ത്യയിലെ തൊഴിലാളിവിഭാഗങ്ങളുടെ ജീവിതത്തെ അടിമുതി തകര്‍ത്തിരിക്കുന്ന ഈ ഘട്ടത്തില്‍ പേരിനെങ്കിലും ഈ വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഏതെങ്കിലും പദ്ധതികളും പാക്കേജുകളുമൊക്കയായി രംഗത്ത് വരേണ്ട സര്‍ക്കാര്‍ ഈ ഘട്ടത്തിലും അവരെ കൂടുതല്‍ ദുരിതപൂര്‍ണമായ ഒരു സാഹചര്യത്തിലേക്ക് തള്ളിവിടുന്നു എന്നതാണ് ഏറെ ഖേദകരം.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളാണ് കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയത്. ഇവിടെയെല്ലാം നിലവിലുണ്ടായിരുന്ന എട്ട് മണിക്കൂര്‍ തൊഴില്‍ എന്ന നിയമം ഇനി മുതല്‍ 12 മണിക്കൂര്‍ ആയി വര്‍ധിച്ചിരിക്കുകയാണ്.

മിനിമം വേതനം, പിരിച്ചുവിടല്‍, ഓവര്‍ടൈം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനി മുതല്‍ തീരുമാനം കമ്പനികളുടേത് മാത്രമായിരിക്കും. കമ്പനികള്‍ നടത്തിക്കൊണ്ടിരുന്ന തൊഴിലാളി ദ്രോഹങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സാധിക്കാത്ത തരത്തില്‍ മുഴുവന്‍ തൊഴില്‍ നിയമങ്ങളെയും അപ്രസക്തമാക്കി കോര്‍പ്പറേറ്റുകളെ ഏകാധിപതികളാക്കി മാറ്റുന്ന ഒരു സാഹചര്യത്തിനാണ് കേന്ദ്രവും ഈ സംസ്ഥാനങ്ങളും ഇവിടെ വഴി തുറന്നുകൊടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം തൊഴില്‍ നിയമങ്ങളും അടുത്ത മൂന്ന് വര്‍ഷത്തേക്ക് സ്‌സ്പന്‍ഡ് ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നു. ഇതുപ്രകാരം അടുത്ത മൂന്ന് വര്‍ഷത്തേക്ക് സംസ്ഥാനത്ത് വ്യാപാര വ്യവസായ മേഖലകളില്‍ തൊഴില്‍ നിയമങ്ങളൊന്നും ബാധകമായിരിക്കില്ല.

മിനിമം വേതനം, സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കല്‍, തൊഴിലാളികളുടെ ആരോഗ്യവും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്തല്‍, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം, കരാര്‍ തൊഴില്‍ നിയമങ്ങള്‍, കുടിയേറ്റ തൊഴില്‍ വ്യവസ്ഥകള്‍, സേവനവ്യവസ്ഥകള്‍ നിര്‍ബന്ധമാക്കല്‍, പി.എഫ്, ബോണസ് തുടങ്ങി 38 തൊഴില്‍ നിയമങ്ങളാണ് ഒരൊറ്റ ഓര്‍ഡിനന്‍സിലൂടെ യു.പി സര്‍ക്കാര്‍ റദ്ദാക്കിയത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിലും തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.

ആയിരം ദിവസത്തേക്കാണ് മധ്യപ്രദേശില്‍ തൊഴില്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തിയതെങ്കില്‍ ഗുജറാത്തില്‍ നാല് വര്‍ഷത്തേക്കാണ് എല്ലാ തൊഴില്‍ നിയമങ്ങളും റദ്ദ് ചെയ്തിരിക്കുന്നത്. കര്‍ണാടകയടക്കമുള്ള മറ്റ് ചില സംസ്ഥാനങ്ങളും ഈ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളെ അസാധുവാക്കുന്ന ഈ പൊളിച്ചെഴുത്ത് തൊഴിലാളികളെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കി മാറ്റുന്ന തരത്തിലുള്ളതാണ്. നേരത്തെ തന്നെ രാജ്യം അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധികളും ഇപ്പോള്‍ നടപ്പിലാക്കപ്പെട്ട ലോക്ഡൗണുമെല്ലാം കാരണം സര്‍വവും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളികളുടെ പരിമിതമായ അവകാശങ്ങള്‍കൂടി കവര്‍ന്നെടുക്കപ്പെടുകയാണിപ്പോള്‍.

കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ സാധിക്കുന്ന നവ ഉദാരവത്കരണ നയങ്ങള്‍ തങ്ങള്‍ അധികാരത്തില്‍ വന്ന നാളുകള്‍ മുതല്‍ മോദിസര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. ശക്തമായ തൊഴില്‍ നിയമങ്ങളാണ് രാജ്യത്തെ നിക്ഷേപസൗഹൃദമല്ലാതാക്കിമാറ്റുന്നതെന്ന കോര്‍പ്പറേറ്റ് വാദങ്ങളെ ശരിവെച്ച് ഈ തൊഴില്‍ നിയമങ്ങളെ ലഘൂകരിക്കാന്‍ കേന്ദ്രം ഇതിന് മുമ്പും പലവിധ ശ്രമങ്ങളും നടത്തിയിരുന്നു.

എന്നാല്‍ തൊഴിലാളിസംഘടനകളുടെ ശത്കമായ പ്രതിഷേധങ്ങളുടെയും സമരാഹ്വാനങ്ങളുടെയും മുന്നില്‍ അത് സാധ്യമാകാതെ പോവുകയായിരുന്നു. ഇപ്പോള്‍ ഈ ലോക് ഡൗണ്‍ വന്നതോടു കൂടി രാജ്യം ഒരു ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് വഴിമാറിയിരിക്കുമ്പോള്‍ അതിനെ ഒരു സാധ്യയായി കണ്ട് തങ്ങളുടെ താപത്പര്യങ്ങള്‍ ഒളിച്ചുകടത്താനാണ് കേന്ദ്രമിപ്പോള്‍ ശ്രമിക്കുന്നത്.

ഫിനാന്‍സ് മൂലധനത്തോടുള്ള അഗാധമായ വിധേയത്വവും കോര്‍പ്പറേറ്റ് പ്രീണനവുമെല്ലാം തങ്ങളുടെ മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ളവരാണ് ഇന്ത്യയിലെ സംഘപരിവാര്‍. അതുകൊണ്ട് തന്നെ തൊഴിലാളികളുടെ അവകാശങ്ങളെ റദ്ദാക്കുക എന്നത് മോദി സര്‍ക്കാറിനെ സംബന്ധിച്ച് അവരുടെ ആശയപദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ രംഗം ഏറെ ശക്തമാണ് എന്നതിനാല്‍ സാധാരണ നിലയില്‍ ഇത്തരം നയങ്ങളുടെ നടപ്പിലാക്കല്‍ വലിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഈ ലോക്ഡൗണിന്റെ സാഹചര്യങ്ങളെ തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി മുതലെടുക്കാന്‍ കേന്ദ്രം മുതിരുന്നത്.

തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയെ സംരക്ഷിച്ചുനിര്‍ത്താനും രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കാനുമെന്ന പേരില്‍ കേന്ദ്രം നടപ്പിലാക്കാന്‍ പോകുന്ന ഈ നിയമപരിഷ്‌കരണങ്ങള്‍ രാജ്യത്തെ തൊഴിലാളികളെ കടുത്ത പ്രതിസന്ധികളിലേക്ക് തള്ളിവിടുമെന്നതില്‍ ഒരു തര്‍ക്കവുമില്ല. തൊഴിലാളികളെ ഇഷ്ടം പോലെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള അവകാശം, ഫാക്ടറികള്‍ യഥേഷ്ടം തുറക്കാനും അടച്ചുപൂട്ടാനുമുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം പൂര്‍ണമായും കമ്പനികള്‍ക്ക് തന്നെ നല്‍കുന്ന ഇത്തരം നിയമപരിഷ്‌കരണങ്ങള്‍ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥകളായിരിക്കും തൊഴില്‍മേഖലകളില്‍ സൃഷ്ടിക്കുക.

ഇത്തരത്തില്‍ ഒരു രാജ്യത്തെ ഭരണാധികാരിക്കോ അവിടുത്തെ ഭരണകൂടങ്ങള്‍ക്കോ യഥേഷ്ടം കൈകടത്തലുകള്‍ നടത്താന്‍ സാധിക്കുന്നതല്ല തൊഴില്‍ നിയമങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും. നൂറ്റാണ്ടുകള്‍ക്ക് മുന്നെ തന്നെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നടന്ന നിരവധി പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായി രൂപം കൊണ്ടതും ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതുമാണ് എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന അവകാശം.

തൊഴിലാളികളുടെയും കുടുംബത്തിന്റെയും പോഷകാഹാരം, ആരോഗ്യപരിപാലനം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം നിറവേറ്റാന്‍ കഴിയുന്നതായിരിക്കണം മിനിമം വേതനമെന്ന് സുപ്രീം കോടതിയും ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സും കര്‍ശനമായി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ലംഘനമാണ് തൊഴിലാളികളെ അടിമകളാക്കുന്നതരത്തിലുള്ള കേന്ദ്രത്തിന്റെ ഈ നിയമ പൊളിച്ചെഴുത്ത്.

തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ജീവനോപാധിയും തകര്‍ത്ത് സമ്പദ്ഘനടയെ ശരിയാക്കിക്കളയാം എന്നാണ് നമ്മുടെ പ്രധാമന്ത്രി കരുതുന്നതെങ്കില്‍ അതൊരു അസംബന്ധമാണെന്ന് തന്നെ പറയേണ്ടി വരും. രാജ്യത്തിന്റെ സമ്പത്ത് വര്‍ധിക്കുന്നത് രാപ്പകല്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്നാണ്. അവരെ യഥേഷ്ടം പിരിച്ചുവിടാനും കൂലി നിഷേധിക്കാനും ഓവര്‍ടൈം വേതനം തട്ടിയെടുക്കാനും തൊഴിലുടമയ്ക്ക് സമ്പൂര്‍ണ അവകാശം നല്‍കിയാല്‍ അതിലൂടെ വികസനം കൊണ്ടുവരാമെന്ന് ആരാണ് നരേന്ദ്രമോദിയെ പറഞ്ഞുപഠിപ്പിച്ചത്.

തൊഴിലാളികളെ മുതലാളിമാരുടെ അടിമകളാക്കി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന് ഒരു രാജ്യത്തെ ഭരണകൂടവും അവിടുത്തെ ഭരണാധികാരിയും കരുതുന്നുണ്ടെങ്കില്‍ അത് ആധുനിക ജനാധിപത്യ മൂല്യങ്ങളോടുള്ള പരസ്യമായി കൊഞ്ഞനം കുത്തലാണ്. ഐതിഹാസികമായ തൊഴില്‍പ്രക്ഷോഭങ്ങളുടെയും കര്‍ഷകസമരങ്ങളുടെയല്ലാം ചരിത്രമുള്ള ഈ നാട്ടില്‍ അത്തരം സമരപോരാട്ടങ്ങളിലൂടെ ഉയര്‍ന്നുവന്ന ഒരു ജനതയെ അങ്ങനെ മുലളാത്തിത്തത്തിന്റെ വില്‍പനച്ചരക്കാക്കി മാറ്റാന്‍ സംഘപരിവാര്‍ ഭരണകൂടങ്ങള്‍ തീരുമാനിച്ചാല്‍ അത് അത്ര എളുപ്പമാകാന്‍ വഴിയില്ല.

തകര്‍ന്നുകിടക്കുന്ന സമ്പദ് വവസ്ഥയുടെ പുനരുജ്ജീവനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ആദ്യം വേണ്ടത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് അടിസ്ഥാന ജനവിഭാഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തലാണ്. രാജ്യത്തെ അടിസ്ഥാന ജനതയുടെ ഉപഭോഗ ശേഷി വര്‍ധിക്കുമ്പോഴാണ് ഒരു രാജ്യം സാമ്പത്തികമായി അഭിവൃദ്ധി നേടുന്നത്. ഇവിടെ പക്ഷേ ആ ജനങ്ങളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുകയും സമ്പത്ത് മുഴുവന്‍ കോര്‍പ്പറേറ്റുകളില്‍ കുന്നുകൂടുകയും ചെയ്യുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.

ദേശീയ തലത്തില്‍ 8 രാഷ്ട്രീയ പ്പാര്‍ട്ടികള്‍ ഈ നിയമത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, സി.പി.ഐ.എം.എല്‍ ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്കിന്റെ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍.എസ്.പിയുടെ സെക്രട്ട്‌റി മനോജ് ഭട്ടാചാര്യ, ആര്‍.ജെ.ഡി എം.പി മനോജ് ജാ, ശരത് യാദവിന്റെ ലോക് ജനതന്ത്രിക് പാര്‍ട്ടി, തമിഴ്‌നാട്ടില്‍ നിന്നുള്ള വിടുതലൈ ചിരുത്തൈകള്‍ കച്ചിന്റെ നേതാവ് തിരുമവളാവന്‍ തുടങ്ങിയവര്‍ ഒപ്പുവെച്ച ഒരു കത്ത് ഈ തൊഴില്‍ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപ്രതിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

ത്യാഗപൂര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും നീണ്ടകാലത്തെ സമരങ്ങളിലൂടെയും നേടിയെടുത്ത രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങളെ ഒരു സുപ്രഭാതത്തില്‍ കാറ്റില്‍പ്പറത്താന്‍ കേന്ദ്രം തയ്യാറാകുന്നതിനെ ശക്തമായി ചെറുക്കുമെന്ന് ഈ പാര്‍ട്ടികള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങളെ വകവെക്കാതെ തങ്ങളുടെ നയങ്ങളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രത്തിന്റെയും മറ്റ് സംസ്ഥാനഭരണകൂടങ്ങളുടെയും തീരുമാനമെങ്കില്‍ വരും നാളുകളില്‍ നമ്മുടെ നഗരങ്ങളും തെരുവുകളും വലിയ രീതിയിലുള്ള തൊഴിലാളിപ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാണ് സാധ്യത.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more