രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് അന്‍പത് ദിവസം പിന്നിടുമ്പോഴും ജീവിക്കാന്‍ വേണ്ടിയുള്ള കൂട്ട പാലായനങ്ങളിലാണ് ഇന്ത്യയിലെ അസംഖ്യം അന്തര്‍സംസ്ഥാന തൊഴിലാളികള്‍. ഇതിനിടയില്‍ നടക്കുന്ന തുടര്‍ച്ചയായ അപകടമരണങ്ങള്‍, പട്ടിണിമരണങ്ങള്‍, ആത്മഹത്യകള്‍ എന്നിവയെല്ലാം വേറെയും. ലോക്ഡൗണില്‍ ഇന്ത്യയിലെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ അങ്ങേയറ്റം ഗുരുതരമായിക്കൊണ്ടിരിക്കുമ്പോഴും അവരെ വീണ്ടും കൂട്ടക്കുരുതിയിലേക്ക് തള്ളിവിടുന്ന നയങ്ങളുമായാണ് കേന്ദ്രവും ചില സംസ്ഥാന സര്‍ക്കാറുകളും രംഗത്തുവരുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്തുവരുന്ന അസംഖ്യം തൊഴിലാളികള്‍ക്ക് പരിരക്ഷകള്‍ നല്‍കിയിരുന്ന തൊഴില്‍ നിയമങ്ങളില്‍ വലിയ ഭേദഗതികള്‍ വരുത്തിക്കൊണ്ട് കോര്‍പ്പറേറ്റ് അനുകൂല തീരുമാനങ്ങളുമായി മുന്നോട്ടുവന്നിരിക്കുകയാണ് നിരവധി സംസ്ഥാനങ്ങള്‍.
ലോക്ഡൗണ്‍ ഇന്ത്യയിലെ തൊഴിലാളിവിഭാഗങ്ങളുടെ ജീവിതത്തെ അടിമുതി തകര്‍ത്തിരിക്കുന്ന ഈ ഘട്ടത്തില്‍ പേരിനെങ്കിലും ഈ വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഏതെങ്കിലും പദ്ധതികളും പാക്കേജുകളുമൊക്കയായി രംഗത്ത് വരേണ്ട സര്‍ക്കാര്‍ ഈ ഘട്ടത്തിലും അവരെ കൂടുതല്‍ ദുരിതപൂര്‍ണമായ ഒരു സാഹചര്യത്തിലേക്ക് തള്ളിവിടുന്നു എന്നതാണ് ഏറെ ഖേദകരം.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളാണ് കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയത്. ഇവിടെയെല്ലാം നിലവിലുണ്ടായിരുന്ന എട്ട് മണിക്കൂര്‍ തൊഴില്‍ എന്ന നിയമം ഇനി മുതല്‍ 12 മണിക്കൂര്‍ ആയി വര്‍ധിച്ചിരിക്കുകയാണ്.
മിനിമം വേതനം, പിരിച്ചുവിടല്‍, ഓവര്‍ടൈം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനി മുതല്‍ തീരുമാനം കമ്പനികളുടേത് മാത്രമായിരിക്കും. കമ്പനികള്‍ നടത്തിക്കൊണ്ടിരുന്ന തൊഴിലാളി ദ്രോഹങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സാധിക്കാത്ത തരത്തില്‍ മുഴുവന്‍ തൊഴില്‍ നിയമങ്ങളെയും അപ്രസക്തമാക്കി കോര്‍പ്പറേറ്റുകളെ ഏകാധിപതികളാക്കി മാറ്റുന്ന ഒരു സാഹചര്യത്തിനാണ് കേന്ദ്രവും ഈ സംസ്ഥാനങ്ങളും ഇവിടെ വഴി തുറന്നുകൊടുത്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ബഹുഭൂരിപക്ഷം തൊഴില്‍ നിയമങ്ങളും അടുത്ത മൂന്ന് വര്‍ഷത്തേക്ക് സ്‌സ്പന്‍ഡ് ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നു. ഇതുപ്രകാരം അടുത്ത മൂന്ന് വര്‍ഷത്തേക്ക് സംസ്ഥാനത്ത് വ്യാപാര വ്യവസായ മേഖലകളില്‍ തൊഴില്‍ നിയമങ്ങളൊന്നും ബാധകമായിരിക്കില്ല.
മിനിമം വേതനം, സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കല്‍, തൊഴിലാളികളുടെ ആരോഗ്യവും ജോലി സാഹചര്യങ്ങളും മെച്ചപ്പെടുത്തല്‍, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം, കരാര്‍ തൊഴില്‍ നിയമങ്ങള്‍, കുടിയേറ്റ തൊഴില്‍ വ്യവസ്ഥകള്‍, സേവനവ്യവസ്ഥകള്‍ നിര്‍ബന്ധമാക്കല്‍, പി.എഫ്, ബോണസ് തുടങ്ങി 38 തൊഴില്‍ നിയമങ്ങളാണ് ഒരൊറ്റ ഓര്‍ഡിനന്‍സിലൂടെ യു.പി സര്‍ക്കാര്‍ റദ്ദാക്കിയത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളിലും തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.
ആയിരം ദിവസത്തേക്കാണ് മധ്യപ്രദേശില്‍ തൊഴില്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തിയതെങ്കില്‍ ഗുജറാത്തില്‍ നാല് വര്‍ഷത്തേക്കാണ് എല്ലാ തൊഴില്‍ നിയമങ്ങളും റദ്ദ് ചെയ്തിരിക്കുന്നത്. കര്‍ണാടകയടക്കമുള്ള മറ്റ് ചില സംസ്ഥാനങ്ങളും ഈ നീക്കങ്ങള്‍ നടത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളെ അസാധുവാക്കുന്ന ഈ പൊളിച്ചെഴുത്ത് തൊഴിലാളികളെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കി മാറ്റുന്ന തരത്തിലുള്ളതാണ്. നേരത്തെ തന്നെ രാജ്യം അനുഭവിച്ചുകൊണ്ടിരുന്ന സാമ്പത്തിക പ്രതിസന്ധികളും ഇപ്പോള്‍ നടപ്പിലാക്കപ്പെട്ട ലോക്ഡൗണുമെല്ലാം കാരണം സര്‍വവും നഷ്ടപ്പെട്ട് ദുരിതക്കയത്തിലായിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളികളുടെ പരിമിതമായ അവകാശങ്ങള്‍കൂടി കവര്‍ന്നെടുക്കപ്പെടുകയാണിപ്പോള്‍.
കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ സാധിക്കുന്ന നവ ഉദാരവത്കരണ നയങ്ങള്‍ തങ്ങള്‍ അധികാരത്തില്‍ വന്ന നാളുകള്‍ മുതല്‍ മോദിസര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. ശക്തമായ തൊഴില്‍ നിയമങ്ങളാണ് രാജ്യത്തെ നിക്ഷേപസൗഹൃദമല്ലാതാക്കിമാറ്റുന്നതെന്ന കോര്‍പ്പറേറ്റ് വാദങ്ങളെ ശരിവെച്ച് ഈ തൊഴില്‍ നിയമങ്ങളെ ലഘൂകരിക്കാന്‍ കേന്ദ്രം ഇതിന് മുമ്പും പലവിധ ശ്രമങ്ങളും നടത്തിയിരുന്നു.
എന്നാല്‍ തൊഴിലാളിസംഘടനകളുടെ ശത്കമായ പ്രതിഷേധങ്ങളുടെയും സമരാഹ്വാനങ്ങളുടെയും മുന്നില്‍ അത് സാധ്യമാകാതെ പോവുകയായിരുന്നു. ഇപ്പോള്‍ ഈ ലോക് ഡൗണ്‍ വന്നതോടു കൂടി രാജ്യം ഒരു ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് വഴിമാറിയിരിക്കുമ്പോള്‍ അതിനെ ഒരു സാധ്യയായി കണ്ട് തങ്ങളുടെ താപത്പര്യങ്ങള്‍ ഒളിച്ചുകടത്താനാണ് കേന്ദ്രമിപ്പോള്‍ ശ്രമിക്കുന്നത്.
ഫിനാന്‍സ് മൂലധനത്തോടുള്ള അഗാധമായ വിധേയത്വവും കോര്‍പ്പറേറ്റ് പ്രീണനവുമെല്ലാം തങ്ങളുടെ മുഖമുദ്രയായി സ്വീകരിച്ചിട്ടുള്ളവരാണ് ഇന്ത്യയിലെ സംഘപരിവാര്‍. അതുകൊണ്ട് തന്നെ തൊഴിലാളികളുടെ അവകാശങ്ങളെ റദ്ദാക്കുക എന്നത് മോദി സര്‍ക്കാറിനെ സംബന്ധിച്ച് അവരുടെ ആശയപദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ രംഗം ഏറെ ശക്തമാണ് എന്നതിനാല്‍ സാധാരണ നിലയില്‍ ഇത്തരം നയങ്ങളുടെ നടപ്പിലാക്കല്‍ വലിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഈ ലോക്ഡൗണിന്റെ സാഹചര്യങ്ങളെ തൊഴില്‍ നിയമപരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി മുതലെടുക്കാന്‍ കേന്ദ്രം മുതിരുന്നത്.