| Thursday, 28th March 2019, 5:47 pm

ട്രൈബല്‍ വകുപ്പിനു കീഴിലുള്ള 40 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് അഞ്ചുമാസമായി ശമ്പളമില്ല

ജംഷീന മുല്ലപ്പാട്ട്

കേരളത്തില്‍ ട്രൈബല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 40 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് അഞ്ചു മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പരാതി. ഫണ്ടില്ലാത്തത് കാരണമാണ് ശമ്പളം മുടങ്ങുന്നതെന്നാണ് ട്രൈബല്‍ വകുപ്പ് പറയുന്നത്.

കാടിനകത്തെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള ഏക ആശ്രയമാണ് ഏകാധ്യാപക വിദ്യാലയങ്ങള്‍. ഒന്ന് മുതല്‍ നാലുവരെ ഒരൊറ്റ അധ്യാപകന്റെ കീഴിലാണ് പഠിക്കുക. എന്നാല്‍ കിലോമീറ്ററുകള്‍ താണ്ടി കുട്ടികളെ പഠിപ്പിക്കാനെത്തുന്ന അധ്യാപകര്‍ക്ക് തക്കതായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് അധ്യാപകര്‍ പറയുന്നു.

ട്രൈബല്‍ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു. എന്നാല്‍ ഏകാധ്യപകര്‍ക്ക് മാത്രം കഴിഞ്ഞ അഞ്ചു വര്‍ഷമായി ശമ്പളം വര്‍ധിപ്പിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. നിലവില്‍ അധ്യാപകന് 7000 രൂപയും ഹെല്‍പ്പറിന് 4000 രൂപയുമാണ് ശമ്പളം ലഭിക്കുന്നത്.

അതേസമയം, വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏകാധ്യപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ ശമ്പളം വര്‍ധിപ്പിച്ചതായും അധ്യാപകര്‍ പറയുന്നു. കൂടാതെ ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും അധ്യാപകര്‍ പറയുന്നു.

ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാറി മാറി വരുന്ന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ പെടുത്താറുണ്ടെന്ന് കുടകല്ല് ഏകാധ്യാപക വിദ്യാലയ അധ്യാപിക ഷിജിമോള്‍ ഡേവിസ് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ലഭിക്കുന്ന എച്ച്.ടി.എ, ലീവ് സറണ്ടര്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒന്നും ഇവര്‍ക്ക് ലഭിക്കാറില്ലെന്നും ഷിജിമോള്‍ ഡേവിസ് പറഞ്ഞു.

ട്രൈബല്‍ വകുപ്പിന് കീഴിലെ എല്ലാ സ്‌കൂളുകളിലേയും അധ്യാപകര്‍ക്ക് ഇതുവരെ സ്ഥിരം നിയമനം ലഭിച്ചിട്ടില്ല. ഇരുപതും ഇരുപത്തഞ്ചും വര്‍ഷമായി ജോലി ചെയ്യുന്ന അധ്യാപകരാണ് സ്‌കൂളുകളിലുള്ളതെന്നും ആരേയും ഇതുവരെ സ്ഥിരപ്പെടുത്തിയിട്ടില്ലെന്നും ഷിജിമോള്‍ പറയുന്നു.

പലപ്പോഴായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കു നല്‍കിയ പരാതികളിലും നിവേദനങ്ങളിലും ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും ഷിജിമോള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ കുറഞ്ഞാല്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നതായും ഷിജിമോള്‍ പറഞ്ഞു. പിരിച്ചു വിട്ടാല്‍ മറ്റൊരു ജോലിയോ റിട്ടയേര്‍ഡ് ആയാല്‍ പെന്‍ഷനോ ലഭിക്കാറില്ലെന്നും പ്ലാമലക്കുടി ഏകാധ്യാപക വിദ്യാലയ അധ്യാപിക അജിത പറയുന്നു.

അതേസമയം, കുടകല്ല് ഏകാധ്യാപക വിദ്യാലയത്തില്‍ നല്ല കെട്ടിടമോ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമോ ഇല്ലാ എന്നും ഷിജിമോള്‍ പറയുന്നു. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനു അകത്തു ഇരുത്തിയാണ് കുട്ടികളെ പഠിപ്പിക്കുന്നതെന്നും കക്കൂസ് സൗകര്യവും വെള്ളവും ഇല്ലാ എന്നും ഷിജിമോള്‍ പറഞ്ഞു.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം