കോഴിക്കോട്: മാസങ്ങളായി ശമ്പളം വൈകുന്നതില്‍ പ്രതിഷേധവുമായി മാധ്യമം പത്രത്തിലെ ജീവനക്കാര്‍. ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നതിനെതിരെയാണ് മാധ്യമത്തിലെ ജേണലിസ്റ്റ് യൂണിയനും എംപ്ലോയീസ് യൂണിയനും പ്രതിഷേധവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
മാനേജ്‌മെന്റും യൂണിയന്‍ പ്രതിനിധികളും പലതവണ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരമാവാത്ത സാഹചര്യത്തില്‍ യൂണിറ്റ് തലത്തില്‍ കണ്‍വന്‍ഷനുകള്‍ വിളിച്ചുകൂട്ടി അഭിപ്രായ ആരാഞ്ഞശേഷം പ്രത്യക്ഷ പ്രതിഷേധം അടക്കമുള്ള നടപടികളിലേക്കു നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരു യൂണിയനുകളും.
ജൂലൈ മുതലാണ് ജീവനക്കാരുടെ ശമ്പളം വൈകിത്തുടങ്ങിയത്. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ ഏതാനും മാസങ്ങള്‍ക്കകം സ്ഥിതി സാധാരണ നിലയിലവുമെന്നാണ് ട്രസ്റ്റി സെക്രട്ടറി അടക്കമുള്ള മാനേജ്‌മെന്റിലെ ഉന്നതര്‍ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പു പാലിക്കപ്പെട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
വിഷയം ഉയര്‍ത്തിക്കാട്ടി ചെയര്‍മാന്‍ അടക്കമുള്ളവരുമായി ഇരു യൂണിയന്‍ പ്രതിനിധികളും പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ടാഗ് ബഹിഷ്‌കരണം അടക്കമുള്ള സമ്മര്‍ദ്ദങ്ങള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി മാനേജ്‌മെന്റ് ശമ്പളവിതരണം നീട്ടിക്കൊണ്ടുപോവുന്നത് തുടരുകയാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ഗള്‍ഫിലെ സ്വദേശിവത്കരണവും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രസന്ധിയാണ് ശമ്പളം വൈകുന്നതിന് കാരണമെന്നാണ് മാധ്യമം ദിനപത്രത്തിലെ ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നല്‍കുന്ന മറുപടി. വിഷയത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ച് മാധ്യമത്തിന്റെ മാനേജ്മെന്റുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ശമ്പളം മുടങ്ങുന്ന അവസ്ഥയാണുള്ളതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. സ്ഥിതിയില്‍ പെട്ടെന്ന് മാറ്റം വരുത്താമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ദിവസം കഴിയുംതോറും പ്രശ്നം രൂക്ഷമായി വരികയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
ഭരണനിര്‍വഹണത്തിലെ വീഴ്ചയും കെടുകാര്യസ്ഥതയും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായും ജീവനക്കാര്‍ പറയുന്നു. ഇക്കാര്യം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് ഉള്‍ക്കൊള്ളാനോ പരിഹാര നടപടികള്‍ സ്വീകരിക്കാനോ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
നോട്ടുനിരോധനം വന്നത് ശമ്പള വിതരണത്തെ ബാധിച്ചുവെന്നാണ് മാനേജ്മെന്റ് പറയുന്നതെന്നും എന്നാല്‍ നോട്ടുനിരോധനം ഏകദേശം ഒരു വര്‍ഷമാകാറായപ്പോഴാണ് ശമ്പളം മുടങ്ങുന്ന സ്ഥിതിയുണ്ടായതെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ “മാധ്യമ”ത്തിലെ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
” ഒരു വര്‍ഷം മുമ്പാണ് നോട്ടുനിരോധനം നടപ്പാക്കിയത്. നോട്ടുനിരോധനത്തിന്റെ അടുത്തുള്ള ദിവസങ്ങളിലൊന്നും ശമ്പള വിതരണത്തില്‍ കാര്യമായ വീഴ്ച സംഭവിച്ചിരുന്നില്ല. എന്നാല്‍ നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിനടുപ്പിച്ചാണ് ശമ്പളം ലഭിക്കാതായത്.” അദ്ദേഹം പറയുന്നു.
മാനേജ്‌മെന്റിന്റെ പിടിപ്പുകേടാണ് സ്ഥിതി ഇത്രയും രൂക്ഷമാക്കിയതെന്നും അദ്ദേഹം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. അതേസമയം പ്രശ്നപരിഹാരത്തിനായി ശ്രമിക്കുന്നുണ്ടെന്നും പരിഹരിക്കാനാകുമെന്ന് ഉറച്ച് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി വരുന്നത് നേരത്തെ അറിയാമായിരുന്നിട്ട് കൂടി അതുമൂലമുണ്ടാകുന്ന പ്രശ്നം മറികടക്കാന്‍ കഴിയാത്തത് വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബര്‍ എട്ടിന് ചേര്‍ന്ന യൂണിയന്‍ നിര്‍വാഹക സമിതി യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു. മാധ്യമം നേരിടുന്ന പ്രതിസന്ധിയും അതിന് ഉത്തരവാദികളായവരേയും നേതൃത്വത്തിനു മുമ്പില്‍ തുറന്നുകാണിക്കാനും തുടര്‍ന്നു പ്രതിഷേധ പരിപാടികളിലേക്കും സാധ്യമായ നിയമവഴികിലേക്കും കടക്കാനുമാണ് യോഗം തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി ജീവനക്കാര്‍ പ്രതിഷേധത്തിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതമായ സാഹചര്യം ട്രസ്‌ററ് അംഗങ്ങളെയും മാനേജ്‌മെന്റ് പ്രതിനിധികളെയും നേരിട്ടു കണ്ട് യൂണിയന്‍ പ്രതിനിധികള്‍ സംസാരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്ഥാപനത്തിലെ ദുഷ്പ്രവണതകള്‍ വിശദമായി പരാമര്‍ശിക്കുന്ന രേഖ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
മുഴുവന്‍ ശമ്പളവും ഒരുമിച്ചുതന്നെ കിട്ടുന്നതിനു നടപടിയെടുക്കുക, അന്യായമായ ഇന്‍സെന്റീവ് വിതരണം അടക്കം മാര്‍ക്കറ്റിങ് രംഗത്തെ ദുഷ്പ്രവണത തുറന്നുകാട്ടുക, ഭരണനിര്‍വഹണത്തിലെ കെടുകാര്യസ്ഥത ഇല്ലാതാക്കാന്‍ രംഗത്തുവരിക, ലേബര്‍ കമ്മീഷണര്‍ക്കു പരാതി കൊടുക്കുന്നതടക്കം ശമ്പളം മുടങ്ങുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യൂണിയന്റെ യൂണിറ്റ് കമ്മിറ്റികളില്‍ നിന്നു ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം പ്രതിഷേധ പരിപാടികളിലേക്ക് ധൃതി പിടിച്ചുനീങ്ങേണ്ടതില്ലെന്നും ചര്‍ച്ചകളും മറ്റു സമ്മര്‍ദ്ദങ്ങളും തുടരാമെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് പ്രതിനിധികളെ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
അതേസമയം മാധ്യമസ്ഥാപനങ്ങളിലെ ശമ്പള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് രേഖാമൂലം പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
” ചില മാധ്യമസ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശമ്പളം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് രേഖാമൂലം പരാതി സംസ്ഥാന കമ്മിറ്റിയ്ക്ക് ലഭിച്ചിട്ടില്ല. മലപ്പുറം സമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ മൂന്നിന് കോട്ടയത്തുവെച്ചു നടക്കുന്ന യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.”
കോട്ടയത്ത് നടക്കാനിരിക്കുന്ന യോഗത്തില്‍ വിഷയത്തില്‍ പരിഹാരം കാണാനാകുമെന്ന് കരുതുന്നതായും ഡൂള്‍ ന്യൂസിനോട് സംസാരിക്കവേ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അടുത്തിടെ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയും സമാനമായ ആരോപണങ്ങളുമായി ജീവനക്കാര്‍ രംഗത്തുവന്നിരുന്നു. മൂന്നുമാസത്തിലേറെയായി ശമ്പളം ലഭിക്കാത്തതിനാല്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും കടംവാങ്ങേണ്ട അവസ്ഥയാണെന്ന് വെളിപ്പെടുത്തി ചാനലിലെ ജീവനക്കാരി സോഷ്യല്‍ മീഡിയയില്‍ ഇട്ട കുറിപ്പ് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഇത് വാര്‍ത്തയായതോടെ മാനേജ്‌മെന്റ് ഇടപെടുകയും ഇതുവരെയുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തതായും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ചാനലിലെ തൊഴിലാളി ഡൂള്‍ന്യൂസിനോടു പറഞ്ഞു. പക്ഷെ, ചാനലിന്റെ എറണാകുളം കളമശ്ശേരിയുള്ള ഡെസ്‌കിലെ തൊഴിലാളികള്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചതെന്നും ബ്യൂറോകളിലുള്ളവരില്‍ ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കിയിട്ടില്ലെന്നുമാണ് ചാനലുമായി ബന്ധപ്പെട്ട ഉറവിടങ്ങളില്‍ നിന്നുലഭിക്കുന്ന വിവരം.