അഞ്ചക്ക ശമ്പളം വാഗ്ദാനം ചെയ്ത് തൊഴില്‍പീഡനം; ഡയറക്ട് മാര്‍ക്കറ്റിങ് കമ്പനിയില്‍ നിന്ന് കുട്ടികളടക്കമുള്ള തൊഴിലാളികളെ മോചിപ്പിച്ചു
Labour Right
അഞ്ചക്ക ശമ്പളം വാഗ്ദാനം ചെയ്ത് തൊഴില്‍പീഡനം; ഡയറക്ട് മാര്‍ക്കറ്റിങ് കമ്പനിയില്‍ നിന്ന് കുട്ടികളടക്കമുള്ള തൊഴിലാളികളെ മോചിപ്പിച്ചു
ആര്യ. പി
Wednesday, 28th February 2018, 7:20 pm

കല്‍പ്പറ്റ: അഞ്ചക്ക ശമ്പളവും മികച്ച ജോലിയും വാഗ്ദാനം ചെയ്ത് തൊഴില്‍പീഡനം നടത്തിയെന്ന പരാതിയില്‍ വയനാട്ടിലെ പനമരം നടവയല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ടി.എല്‍ ഡയരക്ട് മാര്‍ക്കറ്റിങ് കമ്പനിക്കെതിരെ നടപടി. മാര്‍ക്കറ്റിങ് കമ്പനിയുടെ ഏജന്‍സി ഓഫീസില്‍ നിന്ന് കുട്ടികളടക്കമുള്ള തൊഴിലാളികളെയാണ് മോചിപ്പിച്ചത് ചൈല്‍ഡ് ലൈനും വയനാട്ടിലെ ബോണ്ടഡ് ലേബര്‍ ഇറാഡിക്കേഷന്‍ പ്രൊജക്ട് ഉദ്യോഗസ്ഥരും നല്‍കിയ പരാതിക്ക് പിന്നാലെ നടത്തിയ പരിശോധനയിലാണ് കുട്ടികളെ മോചിപ്പിച്ചത്.

എ.ഡി.എം കെ.എം രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ്, എല്‍.ഒ.സി രാഘവന്‍, ബത്തേരി ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ പി.പി പ്രദീപ് കുമാര്‍ സെയില്‍സ് ടാക്സ് ഓഫീസര്‍ ഗംഗാധരന്‍, പനമരം എസ്.ഐ ഇ.വി മത്തായി, ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ മജേഷ് രാമന്‍, ബോണ്ടഡ് ലേബര്‍ ഇറാഡിക്കേഷന്‍ പ്രൊജക്ട് ലീഗല്‍ കണ്‍സള്‍ട്ടന്റ് കെ.എംപ്രദീഷ് എന്നിവരടങ്ങിയ ടീമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

കമ്പനിയുടെ പരസ്യം വിശ്വസിച്ച് ജോലിക്ക് ചേര്‍ന്നവര്‍ കൊടിയ മാനസിക പീഡനവും വേതന നിഷേധവും അടിമത്തവും നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ഏജന്‍സി ഓഫീസില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

15,000 മുതല്‍ ശമ്പളവും താമസം, ഭക്ഷണം എന്നിവ സൗജന്യമാണെന്ന വാഗ്ദാനങ്ങളില്‍പ്പെട്ട് എത്തുന്ന യുവാക്കളാണ് തട്ടിപ്പിന് ഇരയാകുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ മാനേജരാക്കുമെന്ന വാഗ്ദാനവുമുണ്ട്. ഇങ്ങനെയെത്തുന്നവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചുവെക്കുകയും നിത്യേന 2000 മുതലുള്ള ടാര്‍ജറ്റ് നല്‍കുകയുമാണ് ചെയ്യുന്നതെന്ന് വയനാട്ടിലെ ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ ദിനേശ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”രണ്ട് കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. ബാക്കിയെല്ലാവരും മുതിര്‍ന്നവരാണ്. അവിടെ ഏകദേശം 14 ഓളം പേര്‍ ഉണ്ടായിരുന്നു. പത്രങ്ങളിലും മറ്റും പരസ്യം നല്‍കിയാണ് ഇവര്‍ ജോലിക്ക് ആളെ എടുക്കുന്നത്. 15000 രൂപ മുതല്‍ 30000 രൂപ വരെയാണ് വാഗ്ദാനം ചെയ്യുക. പത്താം ക്ലാസ്, ഡിഗ്രി, കമ്പ്യൂട്ടര്‍ യോഗ്യതകള്‍ പറഞ്ഞാണ് വിളിക്കുന്നത്. ഇന്റര്‍വ്യൂന് പോകുന്നവര്‍ക്കെല്ലാം ജോലി കിട്ടും. പല സ്ഥലത്തും ഇത്തരത്തിലുള്ള ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ക്ക് ചെയ്തവരില്‍ പലരും പല ജില്ലകളിലും നിന്നും എത്തിയവരാണ്. അതാത് ജില്ലക്കാരെ അതാത് ജില്ലയില്‍ പ്ലെയ്സ് ചെയ്യില്ല. അത് ഇവരുടെ മുന്‍കരുതല്‍ നടപടിയാണ്. ഇന്റര്‍വ്യൂവില്‍ പോലും ജോലിയെന്താണ് എന്ത് പറയില്ല. മാനേജര്‍, അസി. മാനേജര്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, എന്നിങ്ങനെയുള്ള പോസ്റ്റുകളിലേക്കാണ് എന്ന് പറഞ്ഞാണ് ജോലിക്കെടുക്കുന്നത്. ഗവര്‍മെന്റ് അപ്രൂവ്ഡ് ആയിട്ടുള്ള തസ്തികിലേക്ക് പോകുമെന്നും അതിനിടയ്ക്ക് 3 മാസം ഫീല്‍ഡില്‍ പോയി ട്രെയിനിങ് എടുക്കണമെന്നുമാണ് ഇവരെ വിശ്വസിപ്പിക്കുക””- അദ്ദേഹം വിശദീകരിക്കുന്നു.

ട്രെയിനിങ്ങ് സമയത്ത് 9000 രൂപയേ ശമ്പളം കിട്ടുള്ളൂ എന്നാണ് പറയുന്നത്. രാവിലെ 8 മണി മുതല്‍ മോട്ടിവേഷന്‍ ക്ലാസ് തുടങ്ങും. പിന്നീടാണ് ഫീല്‍ഡില്‍ പോയി സാധനം വില്‍ക്കലാണ് പണി എന്ന് ഇവര്‍ പോലും അറിയുന്നത്. മണി ചെയിന്‍ മോഡലിലാണ് മോട്ടിവേഷന്‍ ക്ലാസ്. വൈകീട്ട് എത്തിയാലും മോട്ടിവേഷന്‍ ക്ലാസ് ഉണ്ടായിരിക്കും. 2000 രൂപ മിനിമം ആണ് മിനമം ടാര്‍ഗറ്റ്. പ്ലാസ്റ്റിക് കൂട് പെട്ടി, ഫുഡ് ഐറ്റംസ്, ആട്ട, ചായപ്പൊടി, അച്ചാര്‍ തുടങ്ങിയ സാധനങ്ങളാണ് വില്‍ക്കേണ്ടത്. എം.ബി.എക്ക് പഠിക്കുന്നവരാണ് എന്ന് കസ്റ്റമേഴ്സിനോട് പറയണമെന്നും മാര്‍ക്കിന് വേണ്ടിയാണ് ഇതെന്നും ട്രെയിനിങ്ങിന്റെ ഭാഗമാണെന്നും കസ്റ്റമേഴ്സിനോട് പറയണമെന്നുമാണ് ഇവരെ പറഞ്ഞു പഠിപ്പിക്കുന്നത്.

 

വീട്ടിലെയോ നാട്ടിലെയോ പരാധീനത പറഞ്ഞിട്ടാണെങ്കില്‍ പോലും സെയില്‍ നടക്കണമെന്നും അതാണ് നിങ്ങളുടെ കഴിവ് എന്നുമാണ് മോട്ടിവേഷന്‍ ക്ലാസില്‍ ഇവരോട് പറയുന്നത്. 2000 രൂപയുടെ ടാര്‍ഗറ്റ് ഇവര്‍ അച്ചീവ് ചെയ്യും. ഇത്തരത്തില്‍ ദിവസവും വലിയൊരു തുക കമ്പനിക്ക് കിട്ടും. എന്നാല്‍ മാസവസാനം ശമ്പളം ചോദിക്കുമ്പോള്‍ കൊടുക്കില്ല. നാലോ അഞ്ചോ മാസം ഇത്തരത്തില്‍ ശമ്പളം കൊടുക്കില്ലെന്നും അദ്ദേഹം പറയുന്നു.

ടാര്‍ഗറ്റ് തികക്കാത്തവര്‍ക്ക് ക്രൂരമായ ശിക്ഷണ നടപടികളുമുണ്ട്. ഗ്രൂപ്പിനെ ഒരുമിച്ച് വിളിച്ച് ടാര്‍ഗറ്റ് തീരെ കുറഞ്ഞവരുടെ കഴുത്തില്‍ ചെരുപ്പുമാല ഇടും, മുഖത്ത് കരിതേച്ച് കളിയാക്കുക, എന്നിങ്ങനെയാണ് ശിക്ഷയെന്ന് കുട്ടികള്‍ തന്നെ പരാതിയായി എഴുതിത്തന്നിട്ടുണ്ടെന്നും ദിനേശ് പറയുന്നു.

കുട്ടികളെ വീടുമായി നേരിട്ട് ബന്ധപ്പെടാന്‍ സമ്മതിക്കില്ല. മാനേജരുടെ ഫോണിലേക്കേ രക്ഷിതാക്കള്‍ക്ക് വിളിക്കാന്‍ കഴിയുകയുള്ളൂ. വീടുകളില്‍ പോയി ഇതൊന്നും പറയരുത്, മാനേജരോ അസിസ്റ്റന്റ് മാനേജരോ ആയിട്ട് പറഞ്ഞാല്‍ മതിയെന്നാണ് ഇവരുടെ നിര്‍ദേശം. അപൂര്‍മായി ചെറിയ തുക വീട്ടുകാരുടെ അക്കൗണ്ടില്‍ ഇട്ടുകൊടുക്കുന്നതാണ് ഇവരുടെ രീതി.

ബോണ്ടട് ലേബറര്‍ ഇറാഡിക്കേഷന്‍ പ്രൊജക്ട് എന്ന പേരില്‍ അടിമത്ത ജോലിയുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഒരു പ്രൊജക്ട് നടക്കുന്നുണ്ട് അവരാണ് ഇത് കണ്ടെത്തിയത്. അവര്‍ കഴിഞ്ഞ രണ്ട് മാസമായി ഇതിന് പിന്നാലെയുണ്ട്.

ഇവരുടെ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടില്ല. സെയില്‍സ് ടാക്സ് അടക്കേണ്ട ജി.എസ്.ടി ഇല്ല. കൂടെ ജോലി ചെയ്യുന്നവരുടെ പേര് പോലും തൊഴിലാളികള്‍ക്ക് അറിയില്ല. എല്ലാവരേയും സാര്‍ എന്നാണ് വിളിക്കുന്നത്. പോകുമ്പോള്‍ കൈയില്‍ പണം കൊടുക്കില്ല. കമ്പനിയെ സംബന്ധിച്ച് എന്തായാലും ലാഭമാണ്.- ദിനേഷ് വയനാട് ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം തൊഴില്‍ വകുപ്പില്‍ നിന്ന് എ.ഡി.എമ്മിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ അവിടെ പോയതെന്നും മിനിമം വേതനം കിട്ടാത്ത തൊഴിലാളികള്‍ ഇവിടെയുണ്ടെന്നും തൊഴില്‍ നിയമപ്രകാരമുള്ള രജിസ്റ്ററുകളോ റെക്കോര്‍ഡുകളോ കമ്പനി സൂക്ഷിക്കുന്നില്ലെന്നും അന്വേഷണത്തില്‍ മനസിലായതായി ജില്ലാ ലേബര്‍ ഓഫീസറായ കെ. സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“”ഇത് ഒരു മാര്‍ക്കറ്റിങ് സ്ഥാപനമാണ്. ഫീല്‍ഡില്‍ പോയി സാധനം വില്‍ക്കുന്ന 18 വയസായവരാണ് ഇവിടെ ഉള്ളത്. ഇവര്‍ രാവിലെ 8 മണിമുതല്‍ 12 മണി വരെ ക്ലാസാണ്. അത് കഴിഞ്ഞതിന് ശേഷം ഇവര്‍ ഫീല്‍ഡില്‍ പോകും. ഫീല്‍ഡില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവെക്കും. പിന്നീട് അത് രാത്രികാലങ്ങളിലേ കൊടുക്കൂവെന്നും ജില്ലാ ലേബര്‍ ഓഫീസറായ കെ. സുരേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

തൊഴില്‍ നിയമപ്രകാരമുള്ള രജിസ്റ്ററുകളോ റിക്കോര്‍ഡുകളോ സൂക്ഷിക്കാത്തതിനും മിനിമം വേതനം നല്‍കാത്തതിനും പ്രസ്തുത കമ്പനിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു

ഡയരക്ട് മാര്‍ക്കറ്റിങ് കമ്പനി രജിസ്ട്രേഷനൊന്നും ഇല്ലാത്ത സ്ഥാപനമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പനമരം പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. അറസ്റ്റ് ചെയ്തയാള്‍ക്ക് ജാമ്യം നല്‍കിയിട്ടുണ്ട്.

ബോണ്ടഡ് ലേബര്‍ ഇറാഡിക്കേഷന്‍ പ്രൊജക്ട് കമ്മിറ്റിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. കുട്ടികളുടെ പരാതി ഉണ്ടായിരുന്നില്ല. കുട്ടികളുടെ മൊഴി എടുത്തിട്ടുണ്ട്. കമ്പനിയ്ക്ക് ഡോക്യുമെന്റുകളും ഉണ്ടായിരുന്നില്ല. ശമ്പളം കൊടുത്തിട്ടില്ല എന്നാണ് അന്വേഷണത്തില്‍ മനസിലായത്. കേസായപ്പോള്‍ പ്രതികള്‍ ശമ്പളം നല്‍കാനുള്ള പണവുമായി എത്തിയിരുന്നു. നല്‍കാനുള്ള പണം മൊത്തമായി കൊടുത്തുതീര്‍ക്കണമെന്ന് പറഞ്ഞ് അവരെ പറഞ്ഞുവിടുകയായിരുന്നെന്നും പനമരം പൊലീസ് പ്രതികരിച്ചു.

കുട്ടികളുമായി ബന്ധപ്പെട്ടകേസ് തുടര്‍ നടപടികള്‍ക്കായി പൊലീസ്, സി. ഡബ്ല്യൂ സി എന്നിവര്‍ക്ക് നല്‍കുമെന്നും ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ അറിയിച്ചു.

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.