ബാലവേല, ശൈശവ വിവാഹം; മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുഞ്ഞുങ്ങൾ നേരിടുന്നത് ദുരിതം
national news
ബാലവേല, ശൈശവ വിവാഹം; മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുഞ്ഞുങ്ങൾ നേരിടുന്നത് ദുരിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th November 2024, 9:22 am

പൂനെ: മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ മക്കൾ നേരിടുന്നത് ദുരിതം. കടക്കെണിയിൽ വീണ കർഷകർ ജീവിതം അവസാനിപ്പിക്കുമ്പോൾ അവരുടെ മക്കൾ ബാലവേലക്ക് പോകാനും ശൈശവ വിവാഹത്തിനും നിർബന്ധിതരാകുന്നു.

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ, എല്ലാ പാർട്ടികളും സംസ്ഥാനത്തെ കർഷക പ്രതിസന്ധിയെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ കർഷക ആത്മഹത്യകളുടെ കണക്കുകൾക്കും അപ്പുറം അവരുടെ മക്കൾക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്ന് ദി ക്വിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

2023ൽ, മഹാരാഷ്ട്രയിൽ മാത്രം 2,851 കർഷകർ ആത്മഹത്യ ചെയ്തു, ഈ കണക്കുകൾ വർഷങ്ങളായി വാർത്തകളായി മാത്രം മാറുന്നു. എന്നാൽ കണക്കുകൾക്കപ്പുറം, ഓരോ കർഷകൻ്റെയും ആത്മഹത്യ കുറഞ്ഞത് മൂന്ന് ജീവിതങ്ങളെയെങ്കിലും കൂടുതൽ സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിടുന്നതായി ക്വിൻ്റ് പറയുന്നു.

അതായത് 2023ൽ ഏകദേശം 5,000 കുട്ടികൾ പിതാവില്ലാത്തവരായി മാറി. ഈ കുട്ടികളിൽ ഭൂരിഭാഗവും കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുകയും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാതാവുകയും ചെയ്യുന്നു. തൽഫലമായി കുട്ടികൾ ബാലവേലക്ക് പോകാൻ നിർബന്ധിതരാകുന്നു.

‘ഒരു കർഷകൻ തൻ്റെ ജീവിതം അവസാനിപ്പിക്കുമ്പോൾ, പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അവൻ കരുതുന്നു. എന്നാൽ പ്രശ്നങ്ങൾ ഉയരുകയേയുള്ളൂ. ബാലവേല, ശൈശവവിവാഹങ്ങൾ ഇത്തരം പ്രശ്‌നങ്ങളെല്ലാം ആ ഒരു ആത്മഹത്യയിൽ നിന്നാണ് ഉടലെടുക്കുക,’ സ്നേഹവൻ സ്ഥാപനത്തിന്റെ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ അശോക് ദേശ്മാനെ പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകരുടെ മക്കൾ താമസിക്കുന്ന ഇടമാണ് സ്നേഹവൻ. മറാത്ത്വാഡ മേഖലയിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ കൂടുതലും.

‘എൻ്റെ അച്ഛൻ തൂങ്ങിമരിച്ചു. പണം തിരികെ നൽകേണ്ട ധാരാളം ആളുകൾ ഉണ്ടായിരുന്നു,’ പൂനെയിലെ ഖേഡ് താലൂക്കിലെ ആശ്രമവും അനാഥാലയവുമായ സ്‌നേഹവാനിലെ കളിസ്ഥലത്ത് ഇരുന്നുകൊണ്ട് 13കാരനായ ഗോപികർ പറഞ്ഞു. ഗോപികറിന്റെ പിതാവ് ആത്മഹത്യ ചെയ്തതോടെ അവൻ അനാഥാലയത്തിൽ എത്തുകയായിരുന്നു.

 

Content  Highlight: Labour, Child Marriages: What Befalls Children of Maharashtra’s Farmer Suicides