ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. വോട്ടെടുപ്പില്‍ കേവല ഭൂരിപക്ഷം മറികടന്ന ലേബര്‍ പാര്‍ട്ടി ബ്രിട്ടനെ നയിക്കുമെന്ന് ഉറപ്പായി.
14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് രാജ്യത്ത് ഭരണം നഷ്ടമാകുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക് രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലത്തില്‍ ആത്മപരിശോധന നടത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അധികാരമാറ്റം ഉറപ്പിച്ചതോടെ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും. 650 അംഗ പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിലവിലെ കണക്കുകള്‍ പ്രകാരം ലേബര്‍ പാര്‍ട്ടി 408 സീറ്റും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 96 സീറ്റുമാണ് നേടിയിരിക്കുന്നത്. 650 ല്‍ 562 സീറ്റുകളിലെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ഫലം.
തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഹോള്‍ബോണ്‍ ആന്റ് സെന്റ് പാന്‍ക്രാസില്‍ നിന്നും വിജയിച്ച കെയ്ര്‍ സ്റ്റാമര്‍ യു.കെയിലെ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്തുവെന്ന് പ്രതികരിച്ചു. തിരിച്ചടി നേരിടുമ്പോഴും പ്രധാനമന്ത്രി ഋഷി സുനക് റിച്ച്മൗണ്ട് ആന്‍ഡ് നോര്‍ത്താലര്‍ട്ടണില്‍ വിജയിച്ചിട്ടുമുണ്ട്. തെരഞ്ഞെടുപ്പിൽ ലിബറൽ ഡെമോക്രാറ്റ്സ് 66 സീറ്റുകൾ നേടിയതും ശ്രദ്ധേയമായി.
ബ്രിട്ടന്റെ സാമ്പത്തിക പരിഷ്‌ക്കാരം യു.കെയിലെ ജനങ്ങളെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരില്‍ നിന്ന് അകറ്റിയെന്നാണ് വിലയിരുത്തല്‍. തോല്‍വിയുടെ ഉത്തരവാദിത്തം ഋഷി സുനകിന്റെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കാനുള്ളതല്ലെന്നും നിരീക്ഷകര്‍ പറയുന്നു. ബ്രെക്‌സിറ്റ് സര്‍ക്കാരിനെതിരെ വ്യാപകമായി പ്രതിഷേധമുയരാന്‍ കാരണമായിരുന്നു. തദ്ദേശീയ തലത്തിലെ ഹൗസിങ് പ്രോജക്റ്റുകള്‍, ആരോഗ്യ രംഗം, നഴ്‌സിങ് അടക്കമുള്ള മേഖലകളില്‍ ചെലവ് കൂടുന്ന അവസ്ഥയും ബ്രിട്ടന്‍ നേരിട്ടിരുന്നു.
നികുതി കുറച്ചുകൊണ്ട് വിലക്കയറ്റം തടയാന്‍ ശ്രമിച്ചെങ്കിലും ഋഷി സുനകിനെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയും വീണ്ടും അംഗീകരിക്കാന്‍ യു.കെയിലെ ജനങ്ങള്‍ തയാറായില്ല. ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ രാജ്യത്ത് സാമ്പത്തിക സംരക്ഷണം നടപ്പിലാക്കുക എന്നതായിരിക്കും സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇതിനെല്ലാം പുറമെ ഗസയിലെ ഫലസ്തീനികൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തുന്ന ഇസ്രഈൽ സർക്കാരിന് പിന്തുണ നൽകുന്ന കൺസർവേറ്റീവ് നേതാക്കളുടെ നിലപാടും ഒരു തരത്തിൽ തിരിച്ചടിയായിട്ടുണ്ട്.
Content Highlight: Labor party to power in Britain