റിയാദ്: പന്ത്രണ്ട് സെക്ടറുകളില്‍ സ്വദേശിവത്കരണം കൊണ്ടു വരുന്നതിലൂടെ സ്വദേശികള്‍ക്ക് ലഭിക്കുമെന്ന് പറയുന്ന തൊഴിലവസരങ്ങള്‍ സംബന്ധിച്ച് വ്യത്യസ്ത കണക്കുകളുമായി സൗദി സര്‍ക്കാര്‍. തൊഴില്‍മന്ത്രാലയവും വ്യവസായ വകുപ്പുമാണ് (കൊമേഴ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്) വ്യത്യസ്ത കണക്കുകളവതരിപ്പിച്ചതെന്ന് മക്ക ഡെയ്‌ലിയെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.
60,000 സൗദി പൗരന്മാര്‍ക്ക് ജോലി അവസരങ്ങളുണ്ടാകുമെന്നാണ് തൊഴില്‍മന്ത്രാലയം വക്താവ് ഖാലിദ് അബു അല്‍ ഖൈല്‍ പറഞ്ഞിരുന്നത്. എന്നാല്‍ വ്യവസായ വകുപ്പ് കണക്കുകള്‍ പ്രകാരം 490,000 തൊഴിലവസരങ്ങളുണ്ടെന്നാണ്.
നിലവില്‍ നാല് മേഖലകളിലാണ് സൗദി സ്വദേശിവത്കരണം ആരംഭിച്ചിരിക്കുന്നത്.
സ്വദേശിവത്കരണ നടപടികള്‍ കടുത്ത സാഹചര്യത്തില്‍ മൂന്നു മാസത്തിനിടെ 234,200 പ്രവാസികള്‍ സൗദി ലേബര്‍ മാര്‍ക്കറ്റില്‍ നിന്നും വിട്ടുപോയതായാണ് കണക്കുകള്‍. 2017 മുതലുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ 466,000 പേര്‍ക്ക് വിട്ടു പോയിട്ടുണ്ടെന്നാണ്.
The General Authority for Statistics (GaStat) ന്റെ പാദവാര്‍ഷിക റിപ്പോര്‍ട്ടിലാണ് പ്രവാസികള്‍ കൂട്ടത്തോടെ തൊഴില്‍മേഖല വിട്ടുപോയതായി റിപ്പോര്‍ട്ടുകളുള്ളത്.
ചെറുകിട വ്യാപാരമേഖലയില്‍ ആരംഭിച്ചിരിക്കുന്ന സ്വദേശിവത്കരണം മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് സൗദി നടപടി സ്വീകരിക്കുന്നത്. തുടക്കത്തില്‍ കാര്‍ മോട്ടോര്‍ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്ര കടകള്‍, ഫര്‍ണിച്ചര്‍ കടകള്‍, അടുക്കള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നീ നാലുമേഖലകളില്‍ 70 ശതമാനം
സൗദിവത്കരണമാണ് ലക്ഷ്യമിടുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ 20,000 റിയാല്‍ വരെ പിഴയും മറ്റുനിയമ നടപടികളും നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
സെപ്റ്റംബര്‍ 11 മുതല്‍ ഈ മേഖലകളില്‍ പരിശോധന ആരംഭിച്ചിരുന്നു. സൗദി തൊഴില്‍മന്ത്രാലയത്തിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ 800 ഓളം ഉദ്യോഗസ്ഥരാണ് നാല് സെക്ടറുകളിലായി പരിശോധനകള്‍ക്കായി ഇറങ്ങുക.