ബീഫ് കഴിച്ചിട്ടില്ലെന്ന് ലാബ് റിപ്പോര്‍ട്ട്; ഹരിയാനയില്‍ ഗോരക്ഷകര്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ വഴിത്തിരിവ്
national news
ബീഫ് കഴിച്ചിട്ടില്ലെന്ന് ലാബ് റിപ്പോര്‍ട്ട്; ഹരിയാനയില്‍ ഗോരക്ഷകര്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ വഴിത്തിരിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2024, 7:42 pm

ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവായി ലാബ് റിപ്പോര്‍ട്ട്. യുവാവ് ബീഫ് കഴിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓഗസ്റ്റിലാണ് ചര്‍കിദാദ്രിയിലെ ഭദ്രയില്‍ 26കാരനായ സാബിര്‍ മാലിക്കിനെ ആള്‍ക്കൂട്ടം ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് കൊലപ്പെടുത്തിയത്. വെസ്റ്റ് ബംഗാള്‍ സ്വദേശിയായിരുന്നു സാബിര്‍ മാലിക്. നിലവില്‍ ഫരീദാബാദ് ലാബ് പുറത്തുവിട്ട റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായിരിക്കുന്നത്.

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ സാബിര്‍ മാലിക്കിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കേസ്.

മര്‍ദനത്തെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അസറുദ്ദീന്‍ എന്ന യുവാവിനെയും ഗോരക്ഷകര്‍ മര്‍ദിച്ചിരുന്നു. ബംഗാള്‍ സ്വദേശിയായ സാബിര്‍ ഹരിയാനയില്‍ ആക്രി കച്ചവടം നടത്തുകയായിരുന്നു.

യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. മര്‍ദനം നടന്ന ദിവസം പ്രതികളിലെ നാല് പേര് സാബിറിനെ പ്ലാസ്റ്റിക്ക് കുപ്പികള്‍ വില്‍ക്കാനെന്ന് വിശ്വസിപ്പിച്ച് കടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നാലെ ഇയാളെ മര്‍ദിക്കുകയും മര്‍ദനം ആളുകളുടെ ശ്രദ്ധയില്‍ പെട്ടതോടെ സാബിറിനെ മറ്റൊരിടത്തേക്ക് മാറ്റി വീണ്ടും മര്‍ദിക്കുകയായിരുന്നു.

സാബിര്‍ മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അക്രമികളുടെ സംഘം ഗ്രാമത്തിലേക്ക് പൊലീസിനെ വിളിച്ചുവരുത്തിയിരുന്നു. ഗ്രാമത്തിലുള്ള ചില കുടുംബങ്ങളില്‍ ബീഫ് പാകം ചെയ്തുവെന്നും കഴിച്ചുവെന്നും അറിയിച്ചാണ് സംഘം പൊലീസിനെ വിളിച്ചുവരുത്തിയത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇറച്ചി പിടിച്ചെടുക്കുകയും പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ ഗോരക്ഷകര്‍ യുവാവിനെ തല്ലികൊല്ലുകയായിരുന്നു. പൊലീസ് പിടിച്ചെടുത്ത ഇറച്ചി ബീഫ് അല്ലെന്നാണ് ഫരീദാബാദ് ലാബ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഡി.എസ്.പി ഭരത് ഭൂഷണ്‍ പറഞ്ഞു. മര്‍ദനം നടക്കുമ്പോള്‍ സാബിറിനോടപ്പം പങ്കാളി ഷക്കീനയും മകളുമുണ്ടായിരുന്നു. ഇവര്‍ സാബിറിന്റെ മരണത്തോടെ ബംഗാളിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ഷക്കീനയുടെ സഹോദരന്‍ സുജാവുദ്ദീന്‍ നല്‍കിയ പരാതിയിലാണ് ഗോരക്ഷകര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്.

Content Highlight: Lab report is a crucial evidence in the case of murder of a young man for allegedly eating beef in Haryana