വ്യത്യസ്തമായ കഥയും അതിനൊപ്പം ചിരിയും ഉറപ്പ്, ആമിര്‍ ഖാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
Entertainment
വ്യത്യസ്തമായ കഥയും അതിനൊപ്പം ചിരിയും ഉറപ്പ്, ആമിര്‍ ഖാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th January 2024, 5:01 pm

ബോളിവുഡിന് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്. 2001ല്‍ ലഗാന്‍ എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ ഖാന്‍ നിര്‍മാണരംഗത്തേക്ക് കടന്നുവന്നത്. ഒമ്പത് ചിത്രങ്ങള്‍ നിര്‍മിച്ച ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‌സിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലാപതാ ലേഡീസ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി.

നോര്‍ത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കല്യാണവും കല്യാണശേഷം വധുവിനെ കാണാതാവുന്നതുമാണ് സിനിമയുടെ കഥ. ആമിറിന്റെ മുന്‍ ഭാര്യ കിരണ്‍ റാവുവാണ് ചിത്രം സംവിധാനം ചെയ്തത്. 14 വര്‍ഷത്തിന് ശേഷം കിരണ്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലാപതാ ലേഡീസിനുണ്ട്. 2001ല്‍ ലഗാനില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് കിരണ്‍ തന്റെ സംവിധാന കരിയര്‍ ആരംഭിച്ചത്.

2010ല്‍ ധോബി ഘാട്ട് എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായികയുമായി. ചിത്രം ബോക്‌സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപക പ്രശംസയും നേടി.

നിതാന്‍ഷി ഗോയല്‍, പ്രതിഭ രാന്‍ട, സ്പര്‍ശ് ശ്രീവാസ്തവ, രവി കിഷന്‍ എന്നിവരാണ് ലാപതാ ലേഡീസിലെ പ്രധാന താരങ്ങള്‍. റാം സമ്പത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിലാബ് ഗോസ്വാമിയുടെ കഥയ്ക്ക് സ്‌നേഹ ദേശായി തിരക്കഥ രചിച്ചിരിക്കുന്നു. മാര്‍ച്ച് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും

Content Highlight: Laapata Ladies trailer released