മെസി ബാഴ്‌സയില്‍ കരിയര്‍ അവസാനിപ്പിക്കില്ല; അത് സാധ്യമായെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു: ലാ ലിഗ പ്രസിഡന്റ്
Football
മെസി ബാഴ്‌സയില്‍ കരിയര്‍ അവസാനിപ്പിക്കില്ല; അത് സാധ്യമായെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു: ലാ ലിഗ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th September 2023, 12:01 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്സലോണയില്‍ കരിയര്‍ അവസാനിപ്പിച്ചെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്. ബ്യൂണസ് അയേഴ്സില്‍ നടന്ന ഒരു സ്പോര്‍ട്സ് ഇവന്റില്‍ സംസാരിക്കുമ്പോഴാണ് ഹാവിയര്‍ ഇക്കാര്യം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് മുണ്ടോ ഡിപോര്‍ട്ടിവോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘മെസി ലാ ലിഗയില്‍ കരിയര്‍ അവസാനിപ്പിക്കില്ല. കാരണം അദ്ദേഹവും ബാഴ്സയും അതിന് തയ്യാറല്ല. മെസി ബാഴ്സയില്‍ കരാര്‍ അവസാനിച്ചെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് അദ്ദേഹത്തിനും എനിക്കും ബാഴ്സലോണക്കുമെല്ലാം മികച്ച അനുഭവമായിരിക്കും,’ ഹാവിയര്‍ പറഞ്ഞു.

മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായി ജോയിന്‍ ചെയ്യാനെടുത്ത തീരുമാനത്തെ കുറിച്ചും ഹാവിയര്‍ സംസാരിച്ചു. മെസിക്ക് കുടുംബത്തെ കൂടി പരിഗണിക്കേണ്ടതായിട്ടുണ്ടെന്നും കരിയറിന്റെ അവസാനം അദ്ദേഹം സ്പാനിഷ് ക്ലബ്ബിലേക്ക് മടങ്ങിയില്ലെങ്കില്‍ അതെല്ലാവര്‍ക്കും സങ്കടകരമായ കാര്യമായിരിക്കുമെന്നും ഹാവിയര്‍ പറഞ്ഞു.

‘ലിയോയ്ക്ക് കുടുംബമുണ്ട്. അദ്ദേഹത്തിന് അവരെ കൂടി പരിഗണിക്കേണ്ടതുണ്ട്. അദ്ദേഹം കുറച്ച് വര്‍ഷത്തേക്ക് പുതിയ അനുഭവങ്ങള്‍ക്ക് വേണ്ടിയായിരിക്കും എം.എല്‍.എസില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചത്.

അദ്ദേഹം സ്പാനിഷ് ക്ലബ്ബിലേക്ക് തിരികെ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരിക്കലും പി.എസ്.ജിയിലേക്ക് പോകരുത്. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് മെസിക്ക് സ്പാനിഷ് ഫുട്ബോളിനും സങ്കടകരമായ കാര്യമായിരിക്കും,’ ഹാവിയര്‍ വ്യക്തമാക്കി.

തന്റെ മുന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം അതീവ സന്തോഷവാനായാണ് മെസിയെ കാണപ്പെടുന്നത്. താരം മയാമിയിലെത്തിയതിന് ശേഷം ക്ലബ്ബിന് ലീഗ്സ് കപ്പ് നേടാന്‍ സാധിച്ചിരുന്നു. മെസി മയാമിക്കായി കളിച്ച 11 മത്സരങ്ങളിലും ജയം മയാമിക്കൊപ്പമായിരുന്നു.

Content Highlights: La Liga president wants Lionel Messi to retires from Barcelona