ബാഴ്‌സലോണ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; കുറ്റം തെളിഞ്ഞാല്‍ അനന്തരഫലം അനുഭവിക്കും: ലാ ലിഗ പ്രസിഡന്റ്
Football
ബാഴ്‌സലോണ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; കുറ്റം തെളിഞ്ഞാല്‍ അനന്തരഫലം അനുഭവിക്കും: ലാ ലിഗ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 17th March 2023, 7:51 am

ബാഴ്‌സലോണക്ക് മേലുള്ള അഴിമതി ആരോപണത്തില്‍ പ്രതികരിച്ച് ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ്. ബാഴ്‌സ റഫറിക്ക് കൈക്കൂലി നല്‍കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സത്യാവസ്ഥ പുറത്തുവരുന്നത് വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ബാഴ്‌സലോണക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ക്ലബ്ബിനെ പിന്തുണച്ച് അദ്ദേഹം സംസാരിച്ചത്.

‘ബാഴ്‌സലോണ റഫറിമാര്‍ക്ക് പണം നല്‍കിയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും, വ്യക്തമായ ഉത്തരം ലഭിക്കേണ്ട സാഹചര്യമാണിത്. സത്യാവസ്ഥ പുറത്തുവരുന്നത് വരെ കാത്തിരിക്കാം,’ ടെബാസ് പറഞ്ഞു.

വിഷയത്തില്‍ ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും പ്രതികരിച്ചിരുന്നു. ബാഴ്‌സലോണ നിരപരാധിയാണെന്നും തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം നടത്തിയവര്‍ക്കെതിരെ നിയമ നടപടിയെടുക്കുക്കയും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് ലപോര്‍ട്ട തന്റെ പ്രതികരണം അറിയിച്ചത്.

റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ എന്‍ റിക്വേസ് നെഗ്രെയ്‌റക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം ബാഴ്സലോണക്കെതിരെ ഉയര്‍ന്ന ആരോപണം. മത്സരഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ ബാഴ്‌സ പണം നല്‍കി റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.

2001നും 2018നും ഇടയിലാണ് പണമിടപാട് നടന്നതെന്ന് സ്‌കൈ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. നെഗ്രെയ്‌റക്ക് പുറമെ കറ്റാലന്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമാരായ സാന്‍ഡ്‌റോ റോസെല്‍, ജോസപ് മരിയ ബാര്‍ത്തോമ്യു എന്നിവരും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റ് രണ്ട് ബാഴ്‌സലോണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെഗ്രെയ്റയുടെ ബാങ്കിടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത സീസണിലെ ബാഴ്‌സയുടെ യൂറോപ്യന്‍ ലീഗ് മത്സരങ്ങള്‍ അനിശ്ചിതത്വത്തിലാണ്. സമാന സാഹചര്യത്തില്‍ ഒരു വര്‍ഷം വരെയാണ് യുവേഫ വിലക്കേര്‍പ്പെടുത്താറുള്ളത്.

അതേസമയം ലാ ലിഗയില്‍ 25 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളുമായി 65 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സ. മാര്‍ച്ച് 20ന് തിങ്കളാഴ്ച റയല്‍ മാഡ്രിഡിനോടാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: La Liga president Javier Tebas reacts on Negreira case