| Sunday, 26th April 2020, 11:03 pm

ഗുജറാത്തിലെ ഉയര്‍ന്ന മരണ നിരക്കിന് കാരണം വുഹാനില്‍ കണ്ട എല്‍-ടൈപ്പ് വൈറസാകാമെന്ന് വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം ചൈനയിലെ വുഹാനില്‍ വ്യാപകമായി കാണപ്പെട്ട എല്‍. ടൈപ്പ് വൈറസാകാമെന്ന് വിദഗ്ധര്‍.

എസ്-ടൈപ്പ് വൈറസിനെക്കാള്‍ തീവ്രതയും രോഗവ്യാപന ശേഷിയുമുള്ള എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് കൂടുതലായി കണ്ടതാവാം സംസ്ഥാനത്ത് മരണ സംഖ്യ ഉയരാന്‍ കാരണമെന്നാണ് ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞനായ സി. ജി ജോഷി പറഞ്ഞു.

അതേസമയം ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ജോഷി എന്‍.ഡി.ടി.വിയോട് വ്യക്തമാക്കി.

ലോകത്ത് ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെല്ലാം എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നതായി വിദേശ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലും ഇത് വ്യാപകമായി കണ്ടെത്തിയിരുന്നു.

133 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗിയിലും എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

‘കൊവിഡ് പരിശോധനയ്ക്കായി ഞങ്ങള്‍ ശേഖരിച്ച ഒരാളുടെ സാമ്പിളില്‍ എല്‍-ടൈപ്പ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പക്ഷെ മറ്റു വൈറസുകളെക്കാള്‍ കാഠിന്യമേറിയതാണ് ഈ എല്‍-ടൈപ്പ് വൈറസ്,’ സി. ജി ജോഷി പറഞ്ഞു.

അതേസമയം ഗുജറാത്തില്‍ മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നതും മരണ സംഖ്യ ഉയരുന്നതിന് കാരണമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, പ്രമേഹവും രക്ത സമ്മര്‍ദ്ദവുമുള്ളവരും കൊവിഡ് ബാധിതരില്‍ ഉണ്ടായിരുന്നെന്നും അധികൃതര്‍ പറയുന്നുണ്ട്.

ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനവും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും അഞ്ചു വയസ്സിന് താഴെ പ്രായമുള്ളവരും ഗര്‍ഭിണികളുമാണെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപല്‍ സെക്രട്ടറി ജയന്തി രവി വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more