| Wednesday, 1st January 2014, 6:33 pm

വിലയില്‍ ആശയക്കുഴപ്പം: സംസ്ഥാനത്ത് എല്‍ പി ജി സിലിണ്ടര്‍ വിതരണം മുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആലപ്പുഴ: സംസ്ഥാനത്ത് മിക്കയിടങ്ങളിലും എല്‍.പി.ജി വിതരണം മുടങ്ങി. സിലിണ്ടറിന്റെ വിലക്കയറ്റവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് ഗ്യാസ് സിലിണ്ടര്‍ വിതരണം മുടങ്ങാന്‍ കാരണം.

സിലിണ്ടറുകളുടെ വിലക്കയറ്റം സംബന്ധിച്ച് ആശയക്കുഴപ്പം നില നില്‍ക്കുന്നതിനാല്‍ ഏജന്‍സികള്‍ ഓര്‍ഡര്‍ ഫോമും നല്‍കുന്നില്ല.

ഉദയംപേരൂരിലെ ഐ.ഒ.സി പ്ലാന്റില്‍ നിന്നുള്ള സിലിണ്ടര്‍ വിതരണം ഏതാണ്ട് മുഴുവനായും നിലച്ച നിലയിലാണ്. 75ലധികം ടാങ്കുകളാണ് അവിടെ കെട്ടിക്കിടക്കുന്നത്.

അതേസമയം വിലയിലുള്ള ആശയക്കുഴപ്പം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഗ്യാസ് ഏജന്റുമാരെയാണ്.

ഇന്ന്  രാവിലെയാണ് പാചകവാതകത്തിന്റെ വില വന്‍ തോതില്‍ വര്‍ധിപ്പിച്ചുവെന്ന വാര്‍ത്ത വന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 230.16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ ഒന്നിന്റെ വില 1293.50 രൂപയായി ഉയര്‍ന്നു.

ഇത്തരത്തില്‍ ഒറ്റയടിക്ക് വന്‍തോതില്‍ വില വര്‍ധിപ്പിച്ചതിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങള്‍ വ്യാപകമാവുന്നതിനിടയിലാണ് ഗ്യാസ് സിലിണ്ടര്‍ വിതരണം മുടങ്ങിയിരിക്കുന്നത്.

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് 714 രൂപ സബ്‌സിഡിയായി ലഭിക്കുമെന്നാണ് കേന്ദ്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് സംബന്ധിച്ച ആശങ്കകളും സംശയങ്ങളും തുടരുകയാണ്.

ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ പുതിയ വില 2184.50 രൂപയും ആക്കി. 385.95 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ വര്‍ധിപ്പിച്ചത്.

എണ്ണക്കമ്പനികളാണ് വില വര്‍ധിപ്പിച്ചത്. ആദ്യമായാണ് പാചകവാതകത്തിന്റെ വില 2000ന് മുകളില്‍ എത്തുന്നത്.

പുതിയ വില വര്‍ധനവ് വരുന്നതോടെ നികുതിയിനത്തില്‍ 64 രൂപ കൂടി ഉപഭോക്താവിന് നഷ്ടമാകും. ആധാറുമായി സിലിണ്ടറുകളെ ബന്ധിപ്പിക്കാത്തവര്‍ക്ക് സബ്‌സിഡി ലഭ്യമാകില്ല എന്നത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തിയ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍  കുത്തനെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഭൂരിപക്ഷം പേരും ഇനിയും ആധാറുമായി അക്കൗണ്ട് ബന്ധിപ്പിച്ചിട്ടില്ല.  ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more