ന്യൂദല്‍ഹി: അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. ഏകകണ്ഠമായ സുപ്രീംകോടതി വിധിയെ താന്‍ സ്വാഗതം ചെയ്യുന്നതായും അനുഗ്രഹീതനായി തോന്നുന്നതായും അദ്ദേഹം പറഞ്ഞു.
”അയോധ്യയിലെ രാമജന്മഭൂമിയില്‍ പ്രഭു രാമനു വേണ്ടി മഹത്തായ ക്ഷേത്രം നിര്‍മ്മിക്കാന്‍ വഴിയൊരുക്കിയ സുപ്രീംകോടതിയുടെ ഏകകണ്ഠമായ വിധിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അനുഗ്രഹീതനായി തോന്നുന്നു”- അദ്വാനി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അയോധ്യ വിധിയെ പൂര്‍ത്തീകരണത്തിന്റെ നിമിഷമായി വിശേഷിപ്പിച്ച അദ്വനി ക്ഷേത്രം നിര്‍മ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നല്‍കാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച അവസരമായി കാണുന്നതായും പറഞ്ഞു.
ഭാരത്തത്തിലെയും വിദേശത്തേയും ആളുകളുടെ ഹൃദയത്തില്‍ രാമജന്മഭൂമിക്ക് സവിശേഷവും പവിത്രവുമായ സ്ഥാനമുണ്ട്. ഭാരതത്തിന്റെ സംസ്‌ക്കാരത്തിലും നാഗരികതയിലും പാരമ്പര്യത്തിലും രാമനും രാമായണവും ആദരണീയമായ സ്ഥാനംവഹിക്കുന്നതായും ഞാന്‍ എപ്പോഴും പറഞ്ഞിരുന്നു. അതിനാല്‍, അവരുടെ വിശ്വാസത്തെയുംവികാരങ്ങളെയും ബഹുമാനിക്കുന്നത് സന്തോഷകരമാണെന്നും മുസ്‌ലിം പള്ളി പണിയുന്നതിനായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ നല്‍കണമെന്ന കോടതി വിധിയേയും സ്വാഗതം ചെയ്യുന്നതായി അദ്വാനി പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും . മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.