ലക്‌നൗ: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ കോടതി വിധിയെ സ്വാഗതം ചെയ്ത് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. മഹത്വപൂര്‍ണ്ണമായ വിധിയാണ് ഇന്ന് വന്നിരിക്കുന്നതെന്നും ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷത്തിന്റെ നിമിഷങ്ങളാണെന്നും എല്‍.കെ അദ്വാനി പറഞ്ഞു.
അതേസമയം ചരിത്രവിധിയാണിതെന്നായിരുന്നു മുരളി മനോഹര്‍ ജോഷി പ്രതികരിച്ചത്. ഡിസംബര്‍ ആറിന് ബാബറിയില്‍ നടന്ന സംഭവത്തിന് പിന്നില്‍ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും ആക്‌സ്മികമായാണ് എല്ലാം സംഭവിച്ചിതെന്നും ഈ വിധി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീട്ടിലെ എല്ലാവര്‍ക്കും ലഡു വിതരണം ചെയ്തുക്കൊണ്ടായിരുന്നു ജോഷി കോടതിവിധി ആഘോഷിച്ചത്.
എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ സമരത്തിന്റെ ഏക ഉദ്ദേശം രാജ്യത്തെ ജനങ്ങളെ രാം മന്ദിര്‍ നിര്‍മ്മാണത്തെക്കുറിച്ച് ബോധവത്കരിക്കലും അതിനായുള്ള സാഹചര്യങ്ങള്‍ ഒരുക്കലുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധ്യക്ഷനെന്ന നിലയില്‍ താന്‍ ഈ സമരങ്ങളുടെ ഭാഗമാകുകയായിരുന്നെന്നും ജോഷി പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നുമാണ് കേസിലെ 32 പ്രതികളെയും വെറുതെ വിട്ടുക്കൊണ്ട് കോടതി പറഞ്ഞത്. കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.
28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.
രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍,ക്രമസമാധാനത്തകര്‍ച്ചയുണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ നേരിട്ടിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: L K Advani and Murali Manohar Joshi on Babari verdict