തിരുവല്ല കാര്‍ഷിക വികസന ബാങ്ക് പിടിച്ചെടുത്ത് എല്‍.ഡി.എഫ്; യു.ഡി.എഫിന്റെ 13 സ്ഥാനാര്‍ത്ഥികളും തോറ്റു
Kerala News
തിരുവല്ല കാര്‍ഷിക വികസന ബാങ്ക് പിടിച്ചെടുത്ത് എല്‍.ഡി.എഫ്; യു.ഡി.എഫിന്റെ 13 സ്ഥാനാര്‍ത്ഥികളും തോറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2023, 7:55 pm

പത്തനംതിട്ട: തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. തെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ ശിവദാസന്‍ നായരടക്കം യു.ഡി.എഫ് പാനലിലെ 13 സ്ഥാനാര്‍ത്ഥികളും തോറ്റു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് ഭരിച്ചിരുന്ന സഹകരണ സ്ഥാപനമാണ് തിരുവല്ല കാര്‍ഷിക വികസന ബാങ്ക്.

തിരുവല്ല കാര്‍ഷിക വികസന ബാങ്കിലുണ്ടായ തോല്‍വി സംസ്ഥാന തലത്തില്‍ കാര്‍ഷിക സഹകരണ മേഖലയിലെ യു.ഡി.എഫിനുള്ള ഭരണം നഷ്ട്ടപെടുത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം നടന്ന പത്തനംതിട്ട കാര്‍ഷിക ബാങ്കിലെ തെരഞ്ഞെടുപ്പിലും യു.ഡിഎഫ് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ എല്‍.ഡി.എഫിന്റെ വിജയം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇടതുപക്ഷം വ്യാപകമായി കള്ളവോട്ട് നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍.ഡി.എഫിന്റെ വിജയത്തിനെതിരെ നിയമനടപടിയുമായി കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

വ്യാപകമായ കള്ളവോട്ട് നടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ യു.ഡി.എഫ് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ബാങ്കിന്റെ പരിസരങ്ങളില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. പ്രധാന ഗേറ്റുകളിലടക്കം പുതിയ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

തിരുവല്ല കാര്‍ഷിക ബാങ്കിലെ തെരഞ്ഞെടുപ്പിലെ കള്ളവോട്ട് ആരോപണത്തിന്റെ പേരില്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രവത്തകര്‍ ഏറ്റുമുട്ടുകയുണ്ടായി. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം ആറ് പേര്‍ക്കും കൂടാതെ രണ്ട് പൊലീസുകാര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

Content Highlight: L.D.F wins Thiruvalla Agricultural Development Bank elections