Kerala
ക്ലിഫ് ഹൗസ് ഉപരോധം: നേതാക്കളും യാത്രക്കാരിയായ വീട്ടമ്മയും തമ്മില്‍ വാക്കേറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 12, 07:23 am
Thursday, 12th December 2013, 12:53 pm

[]തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പ്രതിഷേധിച്ചുള്ള എല്‍.ഡി.എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനിടെ നേതാക്കളും യാത്രക്കാരിയായ വീട്ടമ്മയും തമ്മില്‍ വാക്കേറ്റമുണ്ടായി.

ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ വരികയായിരുന്ന വീട്ടമ്മക്ക് പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മൂലം മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് വഴി തടസ്സപ്പെടുത്തിയതിന് ഇവര്‍ നേതാക്കളോട് കയര്‍ക്കുകയായിരുന്നു. സമരം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സമരം മൂലം ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പോലും അവസ്ഥയാണ് ഉള്ളതെന്നും പറഞ്ഞ് ഇവര്‍ നേതാക്കളോട് കയര്‍ത്തു.

തുടര്‍ന്ന് ചില നേതാക്കള്‍ പോലീസിനോടും ചിലര്‍ വീട്ടമ്മയോടും ദേഷ്യപ്പെട്ടു.

വാക്കേറ്റത്തിനിടയില്‍ ഏതോ നേതാവ് വീട്ടമ്മ സരിതയുടെ ബന്ധുവാണെന്ന് പറഞ്ഞുവെന്നും ആരോപണമുണ്ട്.

ബാരിക്കേഡുകള്‍ മാറ്റി സ്ഥാപിക്കാന്‍ പറഞ്ഞിട്ടും പോലീസ് അത് അംഗീകരിച്ചില്ലെന്നും സമരത്തിനെതിരായി ജനങ്ങളെ തിരിക്കുന്നത് പോലീസാണെന്നും സി.പി.ഐ.എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.