ന്യൂദല്‍ഹി: കര്‍ണാടക നിയമസഭാ തെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയെങ്കിലും താന്‍ സന്തോഷവാനല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തന്റെയോ മുഖ്യമന്ത്രിയുടെയോ വീടുകള്‍ സന്ദര്‍ശിക്കരുതെന്നും ഡി.കെ പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ബെംഗളൂരുവില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഡി.കെയുടെ പ്രതികരണം.
‘ഞാന്‍ നിങ്ങളോട് തുറന്ന് പറയട്ടെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ 135 സീറ്റില്‍ ഞാന്‍ സന്തോഷവാനല്ല. നമ്മുടെ ശ്രദ്ധ ശരിയായ സ്ഥലത്തായിരിക്കണം, അതാണ് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ്. ഇനി മുതല്‍ എല്ലാ വോട്ടെടുപ്പിലും കോണ്‍ഗ്രസ് പാര്‍ട്ടി മികച്ച പ്രകടനം നടത്തണം. അതിനായി നമ്മള്‍ എല്ലാവരും കഠിനാധ്വാനം ചെയ്യണം. ഇതൊരു തുടക്കം മാത്രമാണ്. ഒരു ജയം കൊണ്ട് മടിപിടിക്കരുത്,’ പരിപാടിയില്‍ സംസാരിക്കവെ ഡി.കെ പറഞ്ഞു.
സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘ഒരു കാരണവശാലും എന്റെ വീട്ടിലോ സിദ്ധരാമയ്യയുടെ വീട്ടിലോ ഒത്തുകൂടരുത്. സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുകയും അടുത്ത അഞ്ച് വര്‍ഷത്തേക്ക് ശക്തമായ ഭരണം കാഴ്ച വെക്കുകയും ചെയ്യണം. ഏതൊരു നേതാവിന് എന്ത് സംഭവിച്ചാലും പാര്‍ട്ടിക്ക് പ്രഥമ പരിഗണന നല്‍കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗികമായി മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിന് മുന്‍പ് സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും അനുയായികള്‍ തങ്ങളുടെ നേതാവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് ഡി.കെയുടെ പ്രസ്താവന.
ശനിയാഴ്ച സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായും ഡി.കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
CONTENTHIGHLIGHT: l am not happy with election result: D K Shivakumar