| Friday, 16th August 2024, 11:54 am

പി.എസ്.ജിക്കൊപ്പം ഒരിക്കലും കിട്ടാത്തത്, റയലില്‍ ഒറ്റ കളികൊണ്ട് നേടി; വരവറിയിച്ച് എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇറ്റാലിയന്‍ വമ്പന്‍മാരായ അറ്റ്‌ലാന്‍ഡയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സൂപ്പര്‍ കപ്പ് സ്വന്തമാക്കിയിരുന്നു. ഇറ്റാലിയന്‍ ക്ലബ്ബിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോസ് ബ്ലാങ്കോസ് തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ആറാം യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്. ഇതോടെ ആറു തവണ ഈ കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും റയലിന് സാധിച്ചു.

മത്സരത്തില്‍ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്പന്മാര്‍ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി ടീമിനെ കിരീടനേട്ടത്തിലേക്ക് നയിക്കാനും ഫ്രഞ്ച് സൂപ്പര്‍താരത്തിന് സാധിച്ചു.

മത്സരത്തിന്റെ 68ാം മിനിട്ടില്‍ ആയിരുന്നു എംബാപ്പെയുടെ ഗോള്‍ പിറന്നത്. അറ്റ്‌ലാന്റയുടെ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തില്‍ റയലിനായി ആദ്യ ഗോള്‍ നേടിയിരുന്നത് ഫെഡറികോ വാല്‍വെര്‍ദെ ആയിരുന്നു.

എംബാപ്പയുടെ ആദ്യ മത്സരത്തില്‍ തന്നെ റയലിനൊപ്പം കിരീടം ചൂടിയപ്പോള്‍ എംബാപ്പെയുടെ കരിയറില്‍ ഇതുവരെ ലഭിക്കാതിരുന്ന ഒരു കിരീടം കൂടിയാണ് ഫ്രഞ്ച് താരം തന്റെ ഷെല്‍ഫില്‍ എത്തിച്ചത്. എംബാപ്പെയുടെ ഫുട്‌ബോള്‍ കരിയറിലെ ആദ്യ യൂറോപ്യന്‍ കിരീടമാണിത്.

ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ ഒരുപാട് സീസണ്‍ കളിച്ച എംബാപ്പെക്ക് ഇതുവരെ ഒരു യൂറോപ്പ്യന്‍ കിരീടം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ലീഗിന്റെ കളിത്തട്ടില്‍ ഫൈനലിലും സെമി ഫൈനലിലും വരെ എത്തിയിട്ടും കിരീടം സ്വന്തമാക്കാനുള്ള ഭാഗ്യം ഇതുവരെ എംബാപ്പെക്ക് സാധിച്ചിട്ടില്ല.

പി.എസ്.ജിക്കായി 308 മത്സരങ്ങളിലും ബൂട്ട്‌കെട്ടിയ ഫ്രഞ്ച് സൂപ്പര്‍താരത്തിന് ഒരിക്കല്‍ പോലും നേടാന്‍ കഴിയാത്ത യൂറോപ്യന്‍ ട്രോഫി റയലിനൊപ്പം ഒറ്റ മത്സരത്തില്‍ താരം നേടിയെടുത്തത് ഏറെ ശ്രദ്ധേയമായി.

അതേസമയം ലാ ലിഗയുടെ പുതിയ സീസണിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചിരുന്നു. ഓഗസ്റ്റ് 19നാണ് സ്പാനിഷ് ലീഗിലെ റയലിന്റെ ആദ്യ മത്സരം. മല്ലോര്‍ക്കയാണ് ലോസ് ബ്ലാങ്കോസിന്റെ എതിരാളികള്‍.

Content Highlight: Kylian Mbappe Won His First European Club Trophy

We use cookies to give you the best possible experience. Learn more