| Thursday, 31st October 2024, 2:17 pm

ഒരു ഫുട്‌ബോളറും ആഗ്രഹിക്കാത്തത്; മോശം നേട്ടത്തില്‍ രണ്ടാമനായി എംബാപ്പെ, ഒന്നാമന്‍ സാക്ഷാല്‍ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ലാലിഗയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ചിരവൈരികളായ ബാഴ്‌സലോണയോട് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് കറ്റാലന്‍മാര്‍ റയലിനെ തകര്‍ത്തുവിട്ടത്.

ബാഴ്‌സക്കായി റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടിയപ്പോള്‍ കൗമാര താരം ലാമിന്‍ യമാലും റഫീന്യയുമാണ് ശേഷിച്ച ഗോളുകള്‍ കണ്ടെത്തിയത്.

വളരെ കൃത്യമായി ആസൂത്രണം ചെയ്താണ് ബാഴ്‌സ റയലിന്റെ ഓരോ മുന്നേറ്റങ്ങളുടെയും മുനയൊടിച്ചത്. എംബാപ്പെ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ബാഴ്‌സയുടെ പ്രതിരോധ നിരയ്ക്കും ഓഫ് സൈഡ് ട്രാപ്പിലും കുടുങ്ങി.

തന്റെ കരിയറില്‍ സൂപ്പര്‍ താരം എംബാപ്പെ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരങ്ങളിലൊന്നാക്കി മാറ്റാനും ബാഴ്‌സക്ക് സാധിച്ചു. എട്ട് തവണയാണ് എംബാപ്പെക്ക് നേരെ ലൈന്‍ റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തിയത്. രണ്ട് ഗോളുകള്‍ നിഷേധിക്കപ്പെടുകയും ചെയ്തു.

ഈ മത്സരത്തിലെ എട്ട് ഓഫ് സൈഡ് ഉള്‍പ്പെടെ ആദ്യ 11 മത്സരത്തില്‍ നിന്നും 17 തവണയാണ് എംബാപ്പെ ഓഫ് സൈഡ് കുരുക്കില്‍ കുടുങ്ങിയത്. യൂറോപ്പിലെ ടോപ് ടയര്‍ ലീഗില്‍ നിലവിലെ ഏറ്റവും ഉയര്‍ന്ന നമ്പറാണിത്.

2013-14 സീസണിലെ റൊണാള്‍ഡോയുടെ അനാവശ്യ റെക്കോഡിന് ശേഷം ഒരു റയല്‍ താരം ആദ്യ 11 മത്സരത്തില്‍ ഏറ്റവുമധികം ഓഫ് സൈഡ് വഴങ്ങുന്നത് ഇപ്പോഴാണ്. അന്ന് 22 തവണയാണ് യുവതാരമായിരുന്ന റൊണാള്‍ഡോ എതിരാളികളുടെ ഓഫ് സൈഡ് കെണിയില്‍ വീണത്.

ഇതിന് പുറമെ മറ്റൊരു മോശം റെക്കോഡിനടുത്തും എംബാപ്പെയെത്തി. ഒരു മത്സരത്തില്‍ ഏറ്റവുമധികം ഓഫ് സൈഡ് എന്ന അനാവശ്യ നേട്ടമാണിത്. പത്ത് ഓഫ് സൈഡുമായി മൂന്ന് താരങ്ങളാണ് ഈ മോശം റെക്കോഡില്‍ ഒന്നാമതെുള്ളത്.

2004ല്‍ വോള്‍വര്‍ഹാംടണിനെതിരെ സതാംപ്ടണ്‍ താരം കെവിന്‍ ഫിലിപ്‌സ്, 2006ല്‍ സോഷോക്കെതിരായ മത്സരത്തില്‍ വലന്‍സിയന്‍ താരം സ്റ്റീവന്‍ സാവിഡാന്‍, 2010ല്‍ എസ്.എസ് റോമക്കെതിരായ മത്സരത്തില്‍ ചീവോ താരം സെര്‍ജിയോ പെല്ലിസെയര്‍ എന്നിവരാണ് ഒരു മത്സരത്തില്‍ ഏറ്റവുമധികം തവണ ഓഫ് സൈഡില്‍ പെട്ടത്.

അതേസമയം, ഈ പരാജയത്തിന് പിന്നാലെ 11 മത്സരത്തില്‍ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമായി 24 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 30 പോയിന്റുമായി ബാഴ്‌സ ഒന്നാമതാണ്.

നവംബര്‍ മൂന്നിനാണ് റയലിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള വലന്‍സിയയാണ് എതിരാളികള്‍.

Content Highlight: Kylian Mbappe with an unwanted record

We use cookies to give you the best possible experience. Learn more