| Saturday, 18th February 2023, 9:05 am

ആശങ്കപ്പെടേണ്ടതില്ല, സൂപ്പര്‍താരം പരിക്ക് മാറി തിരിച്ചെത്തി; അടുത്ത മത്സരത്തില്‍ ജയമുറപ്പിക്കാമെന്ന് പി.എസ്.ജി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന് ശേഷം ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി മോശം ഫോമില്‍ തുടരുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ബയേണിനെതിരെ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു.

ഫ്രഞ്ച് കപ്പില്‍ തോല്‍വിയെ തുടര്‍ന്ന് പി.എസ്.ജിക്ക് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. കഴിഞ്ഞ തവണ ലീഗ് വണ്ണില്‍ നടന്ന മത്സരത്തിലും മൊണാക്കോക്കെതിരെ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. തൊട്ടുപിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പ്രഹരമേല്‍ക്കുന്നത്.

പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ വിശ്രമത്തിലായതാണ് പി.എസ്.ജി ഫോം ഔട്ട് ആവാന്‍ കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ഈയാഴ്ച ലീഗ് വണ്ണില്‍ ലില്ലിക്കെതിരായ മത്സരത്തില്‍ താരം കളത്തിലിറങ്ങുമോയെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍.

ഇത്തവണ നമുക്കെന്തായാലും ജയിക്കണമെന്നും എംബാപ്പെ മത്സരത്തില്‍ എന്തായാലും കളിക്കുമെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു. ആര്‍.എം.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഈയാഴ്ച്ച നമുക്കെന്തായാലും ജയിക്കേണ്ടതായിട്ടുണ്ട്. കിലിയന്‍ എന്തായാലും മത്സരത്തിനിറങ്ങും. എന്നാല്‍ മാര്‍ക്വിഞ്ഞോസിന്റെ കാര്യത്തില്‍ ചെറിയ ആശങ്കയുണ്ട്.

പരിക്കിനെ തുടര്‍ന്ന് അദ്ദേഹമിപ്പോള്‍ വിശ്രമത്തിലാണ്. അടുത്ത ദിവസം മെഡിക്കല്‍ സ്റ്റാഫിനെ കണ്ടതിന് ശേഷം തീരുമാനം അറിയിക്കും,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

എംബാപ്പെ ഈ സീസണില്‍ മികച്ച പ്രകടനമാണ് പി.എസ്.ജിക്കായി കാഴ്ചവെക്കുന്നത്. 27 മത്സരങ്ങളിലുടനീളം 25 ഗോള്‍ അക്കൗണ്ടിലാക്കാന്‍ താരത്തിന് സാധിച്ചു.

പരിക്കിനെ തുടര്‍ന്നുള്ള വിശ്രമത്തിന് ശേഷം പഴയ ഫോമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം. ലീഗ് വണ്ണിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി

Content Highlights: Kylian Mbappe will play against Lille in Ligue 1, says Christophe Galtier

We use cookies to give you the best possible experience. Learn more