| Saturday, 11th May 2024, 9:07 am

ഞാൻ പാരീസ് വിടുന്നു, സ്വന്തം രാജ്യത്തുനിന്നും പോവുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്: പ്രഖ്യാപനവുമായി എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സീസണ്‍ അവസാനത്തോടുകൂടി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ വിടും. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് എംബാപ്പെ ഇക്കാര്യം ഫുട്‌ബോള്‍ ലോകത്തിനു മുന്നില്‍ അറിയിച്ചത്. ഈ സീസണ്‍ അവസാനത്തോടുകൂടിയാണ് ഫ്രഞ്ച് വമ്പന്മാര്‍ക്ക് ഒപ്പമുള്ള എമ്പാപ്പയുടെ കരാര്‍ അവസാനിക്കുന്നത്. ഇതോടെ താരം ഒരു ഫ്രീ ഏജന്റായി മാറും.

എംബാപ്പെ ഈ സീസണോടുകൂടി പാരീസ് വിടും എന്ന ശക്തമായ റൂമറുകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഫ്രഞ്ച് സൂപ്പര്‍താരത്തിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം ഫുട്‌ബോള്‍ ആരാധകരില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

‘പാരീസ് സെയ്ന്റ് ജെര്‍മനിലെ എന്റെ അവസാന വര്‍ഷമാണിതെന്ന് എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞായറാഴ്ച പാര്‍ക്ക് പ്രിന്‍സസില്‍ ഞാന്‍ എന്റെ അവസാന മത്സരം കളിക്കും,’ എംബാപ്പെ പറഞ്ഞു.

പാരീസില്‍ തന്റെ ഫുട്‌ബോള്‍ കരിയര്‍ ഇനി തുടരില്ലെന്നും എംബാപ്പെ പറഞ്ഞു.

‘ഇത് വളരെയധികം ബുദ്ധിമുട്ടാണ്. എന്റെ രാജ്യത്ത് നടക്കുന്ന ലീഗില്‍ നിന്നും ഞാന്‍ പോവുമെന്ന് പ്രഖ്യാപിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. എന്നാല്‍ ഇതൊരിക്കലും ചെയ്യും എന്ന് ഞാന്‍ കരുതിയിരുന്നില്ല പക്ഷേ എനിക്കിപ്പോള്‍ ഇത് അത്യാവശ്യമാണ് തോന്നുന്നു,’ എംബാപ്പെ കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് രണ്ട് പാദത്തിലുമായി 2-0 എന്ന സ്‌കോറില്‍ പി.എസ്.ജി പരാജയപ്പെട്ടിരുന്നു. ഫ്രഞ്ച് വമ്പന്‍മാരെ ഇംഗ്ലണ്ടിലെ വെബ്ലിയില്‍ നടക്കുന്ന കലാശ പോരാട്ടത്തിന് യോഗ്യത നേടിക്കൊടുക്കാന്‍ എംബാപ്പെക്ക് സാധിച്ചിരുന്നില്ല.

അതേസമയം ലീഗ് വണ്‍ കിരീടം പി.എസ്.ജി സ്വന്തമാക്കിയിരുന്നു. നിലവില്‍ 31 മത്സരങ്ങളില്‍ നിന്നും 20 വിജയവും 10 സമനിലയും ഒരു തോല്‍വിയും അടക്കം 70 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പാരീസ്.

മെയ് 13നാണ് ടുളൂസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. പാരീസിന്റെ തട്ടകമായ പാര്‍ക്ക് ഡെസ് പ്രിന്‍സസിലാണ് മത്സരം നടക്കുക. സ്വന്തം ആരാധകരുടെ മുന്നില്‍ പി.എസ്.ജിക്കൊപ്പമുള്ള എംബാപ്പെയുടെ അവസാന മത്സരം ആയിരിക്കും ഇത്.

Content Highlight: Kylian Mbappe Will Left PSG After this season

We use cookies to give you the best possible experience. Learn more