സൂപ്പര്‍താരം ലയണല്‍ മെസിയുടെ പി.എസ്.ജിയിലെ കരാര്‍ വരുന്ന ജൂണിലാണ് അവസാനിക്കുക. തുടര്‍ന്ന് താരം പി.എസ്.ജി വിടുമെന്നും പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മെസിക്ക് പിന്നാലെ കിലിയന്‍ എംബാപ്പെയും ക്ലബ്ബ് വിടുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. താരത്തെ സ്വന്തമാക്കാന്‍ മോഹവില വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറെന്റിനൊ പെരെസിന്റെ സ്വപ്ന ട്രാന്‍സ്ഫര്‍ ആണ് എംബാപ്പെയെ ക്ലബ്ബില്‍ എത്തിക്കുക എന്നത്.
കഴിഞ്ഞ സീസണില്‍ തന്നെ ഇക്കാര്യത്തില്‍ ഫ്‌ളോറെന്റീനൊ പെരെസ് നീക്കം നടത്തിയിരുന്നെങ്കിലും അത് നടന്നില്ല. എന്നാല്‍ വീണ്ടും താരത്തിനായി രംഗത്തെത്തിയ പെരെസ് 150 മില്യണ്‍ യൂറോ ( 1320 കോടി രൂപ ) യൂറോയാണ് വാഗ്ദാനം ചെയ്തത്.
അതേസമയം, ഫ്രഞ്ച് ടോപ്പ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ലീഗ് വണ്ണിലെ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് പി.എസ്.ജി. ഞായറാഴ്ച നടന്ന മത്സരത്തില്‍ നൈസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് വലിയ പോരാട്ടങ്ങളും അനശ്ചിതത്വവും നിലനില്‍ക്കുന്ന ലീഗില്‍ പി.എസ്.ജി തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
നിലവില്‍ 30 മത്സരങ്ങളില്‍ നിന്നും 22 വിജയങ്ങളുമായി 69 പോയിന്റാണ് പി.എസ്.ജിക്കുള്ളത്. ഏപ്രില്‍ 16ന് ഇന്ത്യന്‍ സമയം രാത്രി 12:30ന് ലെന്‍സിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.