| Thursday, 9th March 2023, 11:59 am

സൂപ്പര്‍താരം പി.എസ്.ജിയില്‍ 2025 വരെ തുടരും; രഹസ്യ വിവരങ്ങള്‍ പുറത്ത്; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ താരങ്ങളുടെ കരാര്‍ സംബന്ധ കാര്യങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ പി.എസ്.ജിയുമായുള്ള കരാര്‍ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. താരം പാരീസില്‍ 2025 വരെ തുടരുമെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ലെ എക്വിപ്പെയുടെ റിപ്പോര്‍ട്ട് പ്രകാരം എംബാപ്പെയുടെ കരാറില്‍ ഒരു രഹസ്യ വ്യവസ്ഥയുണ്ട്. പി.എസ്.ജിയില്‍ ഒരു വര്‍ഷത്തേക്ക് സജീവമാകാനും കരാര്‍ പുതുക്കാനും സാധിക്കുന്ന ഒരേയൊരു താരം എംബാപ്പെ മാത്രമാണ്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് പോകാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഉയര്‍ന്ന വേതനം വാഗ്ദാനം നല്‍കി പി.എസ്.ജി താരത്തിന്റെ ഓഫര്‍ പുതുക്കുകയായിരുന്നു. 2024 വരെയാണ് എംബാപ്പെയുടെ കരാര്‍ പുതുക്കിയിരുന്നത്. ഒരു വര്‍ഷത്തേക്ക് കൂടി താരത്തിന് കരാര്‍ നീട്ടാമെന്നാണ് രഹസ്യ കരാറില്‍ പറയുന്നത്.

ഈ സീസണില്‍ മികച്ച പ്രകടനമാണ് എംബാപ്പെ പാരീസിയന്‍ ക്ലബ്ബില്‍ കാഴ്ചവെക്കുന്നത്. 30 മത്സരങ്ങളില്‍ നിന്ന് 30 ഗോളും എട്ട് അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. ഇതുവരെ 201 ഗോളുകള്‍ നേടി പി.എസ്.ജിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും എംബാപ്പെ നേടിയിരുന്നു.

2017ല്‍ പി.എസ്.ജിയില്‍ ജോയിന്‍ ചെയ്ത എംബാപ്പെ ഇതുവരെ കളിച്ച 247 മത്സരങ്ങളില്‍ നിന്ന് 201 ഗോളുകളും 96 അസിസ്റ്റുകളുമാണ് അക്കൗണ്ടിലാക്കിയത്.

അതേസമയം, ചൊവ്വാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ ഫ്രഞ്ച് വമ്പന്മാരെ പരാജയപ്പെടുത്തുന്നത്.

നിലവില്‍ ലീഗ് വണ്ണില്‍ 26 മത്സരങ്ങളില്‍ നിന്ന് 20 വിജയങ്ങളോടെ 63 പോയിന്റുമായി ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
മാര്‍ച്ച് 12ന് ബ്രെസ്റ്റ് എഫ്.സിക്കെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Kylian Mbappe will continue in PSG till 2025, says report

We use cookies to give you the best possible experience. Learn more