ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ അവഗണിക്കാൻ കഴിയാത്ത സാന്നിധ്യമാണ് മെസിയും എംബാപ്പെയും. പരിക്കിന്റെ പിടിയിലായ ഇരു താരങ്ങളും ചാമ്പ്യൻസ് ലീഗിൽ കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
ഗുരുതരമായ പരിക്കേറ്റ് വിശ്രമത്തിലായ എംബാപ്പെയും പരിക്ക് മൂലം നിലവിൽ വിശ്രമം അനുവദിക്കപ്പെട്ടിരിക്കുന്ന മെസിയും കളിച്ചില്ലെങ്കിൽ ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി.എസ്.ജിക്ക് തിരിച്ചടിയുണ്ടാകും എന്ന് ഫുട്ബോൾ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാലിപ്പോൾ മെസിക്കൊപ്പമാണോ നെയ്മർക്കൊപ്പമാണോ കളിക്കാൻ ബുദ്ധിമുട്ട് എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പോളിഷ് പ്രതിരോധനിര താരമായ മാറ്റി കാഷ്.
ആസ്റ്റൺ വില്ലയുടെ ഫുൾബാക്കായ താരം പോളണ്ടിന് വേണ്ടി മെസിക്കും എംബാപ്പെക്കുമൊപ്പം കളിച്ചിരുന്നു.ഈ അനുഭവത്തിൽ നിന്നും മെസിയെക്കാൾ എംബാപ്പെയാണ് കളിക്കളത്തിൽ എതിരിടാൻ ബുദ്ധിമുട്ടുള്ള പ്ലെയർ എന്ന അഭിപ്രായമാണ് മാറ്റി കാഷ് ഇപ്പോൾ നടത്തിയിരിക്കുന്നത്.
ലാഡ് ബൈബിളിന് കാഷ് നൽകിയ അഭിമുഖത്തെ ഗോൾ വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“ഫ്രാൻസിനെതിരെയുള്ള മത്സരത്തിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തൊട്ടു തന്നെ ഞങ്ങൾ എംബാപ്പെയുടെ മത്സര വീഡിയോകൾ നിരീക്ഷിക്കുമായിരുന്നു.
കളിക്കളത്തിൽ ഒരു ഇടിമിന്നൽ പോലെയാണ് അദ്ദേഹം കളിക്കുന്നത്. മത്സര ദിവസം ഞാൻ കുറച്ചു നേരം റൂമിലിരുന്ന് എംബാപ്പെയുടെ കളി കണ്ടിരുന്നു. എങ്ങനെ ഈ മനുഷ്യനെ തടയുമെന്നാണ് ആ വീഡിയോ കണ്ട സമയം മുഴുവൻ ഞാൻ ആലോചിച്ചിരുന്നത്. വൺ ടു വൺ സിറ്റുവേഷനുകളിലൊക്കെ ഞാൻ പെടുമെന്ന് തന്നെ എനിക്ക് തോന്നി.
മെസിയും എതിരിടാൻ ബുദ്ധിമുട്ടുള്ള പ്ലെയർ തന്നെയാണ്. പക്ഷെ എന്റെ അനുഭവത്തിൽ എംബാപ്പെ തന്നെയാണ് മെസിയെക്കാൾ എതിരെ കളിക്കാൻ ബുദ്ധിമുട്ടുള്ള പ്ലെയർ,’ മാറ്റി കാഷ് പറഞ്ഞു.
അർജന്റീനക്കെതിരെ 2-0 എന്ന സ്കോറിനും ഫ്രാൻസിനെതിരെ 3-1 എന്ന സ്കോറിനുമാണ് പോളണ്ട് പരാജയപ്പെട്ടത്.
അതേസമയം മെസിയും നെയ്മറും ഇല്ലാതെ മൊണോക്കോക്കെതിരെ കളിച്ച മത്സരത്തിൽ 3-1ന് പാരിസ് ക്ലബ്ബ് പരാജയം ഏറ്റുവാങ്ങിയിരുന്നു. നിലവിൽ ലീഗ് വൺ പോയിന്റ് ടേബിളിൽ 23 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളുമായി 54 പോയിന്റോടെ ടേബിൾ ടോപ്പറാണ് പി.എസ്. ജി.
Content Highlights:Kylian Mbappe was the hardest playerthan messi said Matty Cash