ഫ്രഞ്ച് ടോപ്പ് ഡിവിഷൻ ലീഗായ ലീഗ് വണ്ണിൽ മികവോടെ കളിക്കുകയാണ് ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബാപ്പെ. പാരിസ് ക്ലബ്ബായ പി.എസ്.ജിക്ക് വേണ്ടിയാണ് താരം മത്സരിക്കുന്നത്.
നേരത്തെ അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ എംബാപ്പെയെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കരിം ബെൻസെമക്ക് പകരക്കാരനായാണ് താരത്തെ റയൽ തങ്ങളുടെ ക്ലബ്ബിൽ എത്തിക്കാൻ ശ്രമം നടത്തികൊണ്ടിരിക്കുന്നത്.
എന്നാൽ ഈ സീസണിന്റെ അവസാനത്തോടെ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് പോകുന്നതിനെ പറ്റി പി. എസ്.ജിയിലേ ഉന്നതരുമായി ചർച്ച നടത്തും എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
എ.എസാണ് എംബാപ്പെയുടെ റയൽ മാഡ്രിഡ് പ്രവേശനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.
പാരിസ് ക്ലബ്ബുമായി 2024 വരെയാണ് എംബാപ്പെക്ക് കരാറുള്ളത്. അതിന്ശേഷം താരം തന്റെ ഇഷ്ട ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിലും എംബാപ്പെയെ സൈൻ ചെയ്യാനായി റയൽ മാഡ്രിഡ് ശ്രമം നടത്തിയിരുന്നെങ്കിലും ആ ശ്രമം വിജയിച്ചിരുന്നില്ല. ട്രാൻസ്ഫർ പ്രക്രിയകളുടെ അവസാന നിമിഷം വമ്പൻ ഓഫർ നൽകി എംബാപ്പെയെ പി.എസ്.ജി തങ്ങളുടെ ക്ലബ്ബിൽ പിടിച്ചുനിർത്തുകയായിരുന്നു. ഇതിൽ റയൽ പരിശീലകൻ ആൻസലോട്ടിക്ക് താരത്തിനൊട് ദേഷ്യമുണ്ടെന്ന് നേരത്തെ മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും റയൽ മാനേജ്മെന്റിന് എംബാപ്പെയെ ഇപ്പോഴും വാങ്ങാൻ താത്പര്യമുണ്ടെന്നും താരത്തെ സൈൻ ചെയ്യാനായി ഇപ്പോഴും സ്പാനിഷ് ക്ലബ്ബ് ശ്രമം തുടരുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം നിലവിൽ ലീഗ് വണ്ണിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി.